മേലത്ത് ചന്ദ്രശേഖരൻ
അന്തി ചാഞ്ഞീലാ, വെയിലാറിയിട്ടില്ലാ
അന്ധകാരത്തിൻ വഴി തുറന്നിട്ടില്ല.
എങ്കിലും കാത്തിരിപ്പു വരുംവരും
അന്ധതാമിസ്രജടിലമഹാരാത്രി.
രാവുവന്നാൽ കൂട്ടിനാരുവരുമെന്ന-
താണെന്നസംതൃപ്തമാനസം മന്ത്രിപ്പൂ.
രാകാശശികള, താരകാരാശികൾ,
താനേ തഴുകും നിശാഗന്ധിപ്പൂമണം,
താമരത്താളിൽ കവിതക്കുറികൾ, നീ-
ലാവലപ്പൂമുന, ശ്യാമളഭൂതലം!
ഒറ്റയ്ക്കൊരു മരക്കൊമ്പത്തിരുന്നാത്മ
ദുഃഖമയവിറക്കും കിളി പാടിയോ?
മ്യത്യുഗർഭത്തിലാണീ രാത്രിയെത്തുന്ന-
തത്രഭയദമീകാഴ്ചപ്പുറങ്ങളും.
അത്രയ്ക്ക് പെട്ടെന്ന് മൃത്യുഗർഭം പിളർ-
ന്നെത്തുകയില്ല നിൻ സൂര്യകിരണങ്ങൾ.
ആകയാൽ നീ യുഗയോഗനിദ്രാശേഷ-
മാരാകണം സ്വയം തീരുമാനിക്കണം.
ആർഷപുണ്യസ്മൃതി നീരാഞ്ജനങ്ങളാൽ
ആഴങ്ങളിൽച്ചെന്നിരിക്കെ തപസ്സു, നീ.
നീ തപം വിട്ടുണരെനിൻമുമ്പിൽ, വാ-
ല്മീകിയോ, രാമനോ, വ്യാസനോ, കൃഷ്ണനോ?