21 Aug 2014

മൂന്നാമതൊരാള്‍ (നോവലെറ്റ്)



    
      
                                                സുജയ                                                                                                                                                                                                            1             

കിട്ടിപ്പോയി കെട്ടോ , ഞാനെന്നാ തല പൊകഞ്ഞാലോചിച്ചാ കിട്ടിയതെന്നോ ! ഞാനിന്നലെ പറഞ്ഞില്ലാരുന്നോ ഇതേ ഛായയൊളള ഒരാളെ എനിയ്ക്കറിയാവെന്ന് . അതെന്റെ വല്ല്യമ്മച്ചിയാ. വല്യമ്മച്ചീടെ പേരും അന്നയെന്നാ. അന്നാ മറിയം ഔസേപ്പ് . ഞങ്ങള്‍ അന്നമ്മച്ചി എന്ന് പറയും. ഞാങ്കണ്ടിട്ടില്ല. എന്നുവെച്ചാ ഞാന്‍ പൊടിക്കൊച്ചാ യിരിയ്ക്കുമ്പഴാ വല്യമ്മച്ചിയെ കര്‍ത്താവ് വിളിച്ചെ. മൂപ്പത്തിയ്ക്കെന്നെ വല്യ ഇഷ്ടവാ യിരുന്നെന്ന് അമ്മച്ചി  എപ്പോഴും പറയും . എന്നാ പറയാനാ. എനിയ്ക്കറിവാവുമ്പഴയ്ക്കും അങ്ങ് പോയില്യോ ? അമ്മച്ചീടെ  ആല്‍ബത്തില് വല്യമ്മച്ചീടെ ഒരു ഫോട്ടോ ഒണ്ടാരുന്നു. ഞങ്ങടെ തറവാടിന്റെ മുറ്റത്ത് വല്യൊരു പ്ലാവുണ്ടാരുന്നേ , അതിന്റെ തറേലിരുന്നോണ്ടെടുത്ത പടവാ.  വല്യമ്മച്ചിയ്ക്ക്  പടം പിടിയ്ക്കാമ്പേടിയാരുന്നെന്ന്. അതോണ്ട് വേറെ പടമൊന്നും ഞാങ്കണ്ടിട്ടില്ല. ആളൊരു സുന്ദരിയാരുന്നേ. അതേ കൂട്ടിരിയ്ക്കണ് ആണ്‍ടീടെ  ഫോട്ടോ .

“എന്റെ മോളിക്കുഞ്ഞേ , നീയാള് കൊള്ളാവല്ലോ .വല്യ വായാടിയാ അല്യോ ?” മോളിയുടെ സാമാന്യം നീണ്ട സന്ദേശം ചാറ്റ് ബോക്സില്‍ തെളിഞ്ഞപ്പോള്‍ അന്നാ സൂസന്‍ തോമസ്‌  പ്രതികരിച്ചു.

അതെന്നതാ ആണ്‍ടി അങ്ങനെ പറയുന്നേ. ഇവടെ ഹരീടെ പരാതീം അതാ. രണ്ടു വാക്ക് പറേണ്ടിടത്ത് നൂറു പറേമെന്ന്. പിന്നെ മിണ്ടാതിരിയ്ക്കാനൊക്കുവോ . ശ്വാസം മുട്ടത്തില്യോ? പിന്നേയ് , എന്റെ വല്യമ്മച്ചീം എന്നെ മോളിക്കുഞ്ഞേന്നാ വിളിച്ചോണ്ടിരുന്നേ. എനിയ്ക്ക് ആണ്‍ടിയെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. ഞാന്‍ അന്നമ്മച്ചി എന്ന് വിളിയ്ക്കട്ടോ?”

നീയെന്നാ വേണേലും വിളി മോളിക്കുഞ്ഞേ, എന്നതാണേലും എനിയ്ക്കിഷ്ടവാ.

ഞാനിന്നു രാവിലേം ഫെയ്സ്ബുക്ക് നോക്കിയാരുന്നു. അന്നമ്മച്ചിയെ കണ്ടില്ലല്ലോ?  ... അയ്യോ, കര്‍ത്താവേ പനിയോ ? എന്നിട്ട് ഡോക്ടറെ കാണിച്ചില്യോ ?

അയ്യോ! പനിയല്ല മോളിക്കുഞ്ഞേ , പണി. ജോലിത്തെരക്കേ . ഈ മംഗ്ലീഷ് പറ്റിയ്ക്കുന്ന പണിയേ !

അത് ശരിയാ, അന്നമ്മച്ചീ , മലയാളത്തില് എഴുതാനൊളള സൂത്രം മോള്ക്കറിയാം. ഇതേല് അതൊന്നു ശരിയാക്കിത്തരാമ്പറഞ്ഞപ്പം , മമ്മിയ്ക്കിപ്പം ആരോടു ചാറ്റ് ചെയ്യാനാ , എനിയ്ക്കിപ്പം എക്സാമാ, അത് കഴിയട്ടേന്നും പറഞ്ഞ് പെണ്ണങ്ങു പോയി. സംസാരിയ്ക്കാനൊളള സൂത്രോം കൂടി വേണം. എന്നാപ്പിന്നെ എന്നാ സുഖമാരുന്നു ! ഇങ്ങനെ എഴുതേണ്ടല്ലോ.

എന്താ മോടെ പേര് ?”

ഓ ! അതൊക്കെ ഒരു കഥയാ . ഏയ്ഞ്ചല്‍ എന്ന് പേരിടണമെന്നാരുന്നു എനിയ്ക്ക് മോഹം, ഹരി സമ്മതിയ്ക്കുവോ ? ലക്ഷ്മി എന്നിടണമെന്നാരുന്നു മൂപ്പര്‍ക്ക് . അത് ഞാനും സമ്മതിച്ചില്ല. ഒടുക്കം അഥീന എന്ന് പേരിട്ടു.

അഥീനയോ ?”

ങാ ! ഗ്രീക്ക് പുരാണത്തിലെ യുദ്ധത്തിന്റേയോ അറിവിന്റേയോ ഒക്കെ ദേവതയാണ് പോലും . എനിയ്ക്കിതൊന്നും അറികേല. ഞാന്‍ ഹണീന്നു വിളിയ്ക്കും. ഹരി അമ്മൂന്നും.

അതു കൊള്ളാം . ഒരാള്‍ക്ക്‌ മൂന്നു പേര്. അല്ലേലും നിങ്ങടെ യുദ്ധത്തിന്റെ സാക്ഷിയല്യോ. അപ്പം ആ പേര് ചേരും .

ദേ!  വെറുതെ എന്നെ അരിശം പിടിപ്പിയ്ക്കല്ലേ അന്നമ്മച്ചീ, ഞാന്‍ വെച്ചിട്ട് പോകുവേ

എന്നാ നീയങ്ങു പോ.

ഹ! ഞാന്‍ ചുമ്മാ പറഞ്ഞതല്യോ . ഞാമ്പിന്നാരോടാ പറയുക. എനിയ്ക്കെന്നാ 
സങ്കടങ്ങളാന്നറിയാവോ ? ഒരു മനസ്സമാധാനോമില്ല.

എന്നതാ മോളിക്കുഞ്ഞേ നെനക്കിത്ര സങ്കടം? ഇത് തന്നല്യോ കഴിഞ്ഞ ദെവസങ്ങളി ലെല്ലാം പറഞ്ഞോണ്ടിരുന്നെ ? നീ ഒരു റാണിയെപ്പോലല്യോ കഴിയുന്നെ . നല്ലൊരു കെട്ട്യോന്‍. ബിസിനസ്സ് ചെയ്ത് നെറയെ പണമുണ്ടാക്കുന്നില്യോ ?  നല്ല വീട്, കാറ്...ചെറുക്കനാന്നെ കുടിയില്ല, വലിയില്ല, കണ്ട പെണ്ണുങ്ങടെ പിറകെ പോകത്തുവില്ല.

അതൊക്കെ ശരിയാ. എന്നാലും ഹരിയ്ക്കെന്നോടൊരു സ്നേഹോമില്ല. ഞാനെന്തു ചെയ്താലും ഇഷ്ടപ്പെടത്തില്ല.

അതെന്താ അങ്ങനെ, നിങ്ങളിഷ്ടപ്പെട്ടല്യോ കെട്ടിയേ? പിന്നെന്തുവാ പ്രശ്നം ?”

അത് നേരാ. പക്ഷേ ചെലപ്പത്തെ മട്ട് കാണുമ്പം എനിയ്ക്ക് വല്ലാത്ത വെഷമം തോന്നും.

ഇഷ്ടമില്ലെന്നൊക്കെ നെനക്ക്  ചുമ്മാ തോന്നുവാ കുഞ്ഞേ . ഇല്ലേ നെനക്ക്  പൊറന്നാളിനു സമ്മാനമായി ലാപ് ടോപ്‌  വാങ്ങിത്തരുവോ ?”

അതെങ്ങനെ അമ്മച്ചി അറിഞ്ഞു ?”

നീ തന്നെയല്യോടീ പറഞ്ഞേ ?”

എന്നാ പറഞ്ഞെന്നാ ? ഞാനോര്‍ക്കുന്നില്ലല്ലോ?”

അതേയ് മോളിക്കുഞ്ഞേ , ഇപ്പം സമയമെന്തോ ആയിക്കാണും?”

“ഏഴ് ഇരുപത് .

നെന്റെ കെട്ട്യോന്‍ വരാറായില്യോ ?”

ഏഴര കഴിഞ്ഞെങ്ങാണ്ടാ വരുന്നേ.

എന്നാ നീയങ്ങു എഴുന്നേല്‍ക്ക് , ആ വാതില്ക്കലോട്ടു ചെല്ല് , അവന്‍ കുളിച്ചേച്ച് 
വരുമ്പം ഒരു ചായയൊണ്ടാക്കിക്കൊട് .

എന്നാത്തിനാ ? കിച്ചനില് കത്രീനച്ചേടത്തിയൊണ്ട്. ഹരിയ്ക്കിഷ്ടമൊളളത്  പാകം ചെയ്യാന്‍ കാര്‍ത്തുവമ്മയും . അവര് കൊടുത്തേയ്ക്കും.

നെന്റെ കെട്ട്യോനു കഴിയ്ക്കാങ്കൊടുക്കേണ്ടത് കത്രീനേം കാര്‍ത്തുവുമൊന്നുമല്ല ,നീ 
തന്നെയാ .പോയി ഒരു സൂപ്പര്‍  ചായയൊണ്ടാക്ക് . തോട്ടത്തീന്നു കൊണ്ട് വന്ന ഏലമിരിപ്പില്യോ . ഒരു നാല് ഏലത്തരി കൂടിയങ്ങ്‌ പൊടിച്ചിട്ടോ .

അന്നമ്മച്ചീ ...

ഹ! മടിയ്ക്കാതെ ചെല്ല് പെണ്ണെ ,നീയെന്നാ പുതുപ്പെണ്ണാന്നോ ? നമുക്കിനി നാളെ കാണാം. ഞാമ്പോകുന്നേ.” 

ഏതായാലും അന്നമ്മച്ചി പോയി. പറേന്ന പോലൊന്ന് ചെയ്തു നോക്കിയേയ്ക്കാം. എന്റെ ഏലച്ചായേ ഹരി വീണു മുങ്ങിപ്പോങ്ങിയേയ്ക്കണേ കര്‍ത്താവേഎന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് മോളികുര്യന്‍ അടുക്കളയിലേയ്ക്ക് പതുക്കെ നീങ്ങി.
                                                             
                                                   

                                                            2


പതിവുപോലെ നെറ്റ് ഡിസ്കണക്റ്റ് ചെയ്യും മുമ്പേ ഫെയ്സ്ബുക്കിലൊന്നു കയറിയിറ ങ്ങാനുള്ള പുറപ്പാടിലായിരുന്നു ഹരികൃഷ്ണന്‍. പുതുതായൊരു ഫ്രന്റ് റിക്വെസ്റ്റും കൂടെയൊരു മെസ്സേജും കണ്ടപ്പോള്‍  ഒന്ന് നോക്കി. ഹായ് ! അയാം ലക്ഷ്മി വാര്യര്‍ , അയാം എ ജേണലിസ്റ്റ് ആന്‍ഡ്‌ ഡൂയിങ് പി. എഛ്. ഡി. ഇന്‍ മോഹിനിയാട്ടം . ഇഫ്‌ യു ഡോണ്‍ട് മൈന്‍ഡ് പ്ലീസ് ആക്സെപ്റ്റ് മീ ആസ് യുവര്‍ ഫ്രന്റ് എന്ന് കണ്ടപ്പോള്‍ ഹരിയ്ക്കാ പ്രൊഫൈല്‍ ഒന്ന് കാണണമെന്ന് തോന്നി.  പട്ടാമ്പിയാണ് സ്ഥലം. നര്‍ത്തകിയാണ്. വായനയും നൃത്തവും വിനോദങ്ങള്‍. പ്രൊഫൈല്‍ ഫോട്ടോ കുറെ മുല്ലപ്പൂക്കളും തുളസി ക്കതിരും. കവര്‍ പേജ് ഒരു മയില്‍പ്പീലിയും, ഓടക്കുഴലും, നിറതിരിയിട്ടു കത്തിച്ച തൂക്കുവിളക്കും. അപരിചിതരുടെ റിക്വെസ്റ്റ് സ്വീകരിയ്ക്കാറില്ലെങ്കിലും ഹരിയ്ക്കെന്തോ ഈ സൗഹൃദം സ്വീകാര്യമായി തോന്നി. ആക്സെപ്റ്റ് ചെയ്തയുടനെ ഹായ് മി. ഹരികൃഷ്ണന്‍, താങ്സ്  എ ലോട്ട് ’  എന്നൊരു സന്ദേശം ചാറ്റ്ബോക്സില്‍ തെളിഞ്ഞു. “ഞാന്‍ താങ്കളുടെ പ്രൊഫൈല്‍ കാണാനിടയായി. നമ്മുടെ ഇന്ററസ്റ്റ്സിനു കുറെ സിമിലാരിറ്റീസ് ഉണ്ടെന്നു തോന്നി. അതുകൊണ്ടാണ് റിക്വസ്റ്റ് അയച്ചത്.പ്രത്യേകിച്ച്  താല്പര്യമൊന്നും തോന്നിയി ല്ലെങ്കിലും എന്തെങ്കിലും ചോദിയ്ക്കണ്ടേ എന്ന് കരുതി അയാള്‍ കീ ബോര്‍ ഡിലേയ്ക്ക് വിരല്‍ നീട്ടി.

ജേണലിസവും  മോഹിനിയാട്ടവും തമ്മില്‍ ഒരു യോജിപ്പില്ലായ്മയുണ്ടല്ലോ ?”

പൊരുത്തക്കേടുകള്‍ക്ക് തമ്മില്‍ ഒരു പൊരുത്തമില്ലേ ?” ആ മറുപടി  അയാള്‍ക്കിഷ്ടപ്പെട്ടു . അപ്പോഴേയ്ക്കും,

 “ഒരു കാര്യം ചോദിയ്ക്കട്ടെ , ഈ താങ്കള്‍ എന്നുള്ള വിളി വളരെ ഔപചാരികമായി തോന്നുന്നു. ഞാന്‍ ഹരിയേട്ടാ എന്ന് വിളിയ്ക്കട്ടെഎന്നൊരു ചോദ്യം അയാള്‍ക്കനിഷ്ട മുണ്ടാക്കിക്കൊണ്ട്  ലക്ഷ്മി എയ്തു.

ആ ദുഃസ്വാതന്ത്ര്യം അത്ര നല്ലതല്ലല്ലോ എന്ന് തോന്നിയെങ്കിലും നന്നാവാന്‍ സാദ്ധ്യതയുള്ള ഒരു സൗഹൃദം ഇപ്പോഴേ ഇല്ലാതാക്കേണ്ട എന്ന് കരുതിയും ആ വിളിയോടെന്തോ ഒരടുപ്പം പെട്ടെന്നു തോന്നിയും അയാള്‍ മൌനാനുവാദം നല്‍കി.

മൂത്തോരെ പേര് വിളിയ്ക്കാന്‍ പാടില്യാന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്, ഞാനങ്ങനെ വിളിയ്ക്കാറില്യ. അതോണ്ടാട്ടോ” 

ആ കുരുത്തം വളരെ നല്ലതാണെന്ന് കരുതിക്കൊണ്ട് ഹരികൃഷ്ണന്‍ കീ ബോര്‍ഡില്‍ പരതിത്തുടങ്ങി. മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുമ്പോള്‍ സ്പീഡ് വളരെ കുറവ്.

ഹര്യേട്ടന്‍ മലയാളം ഫോണ്ടില്‍ എഴുതാറുണ്ട് അല്ലേ . അത് കണ്ടപ്പോള്‍ ഞാന്‍ എന്റെ സിസ്റ്റത്തിലും ഇന്സ്റ്റാള്‍  ചെയ്തു. ഇനി അങ്ങന്യാവാം ചാറ്റിങ് , അല്ലേ?”
മലയാളം അക്ഷരങ്ങള്‍ കണ്ടപ്പോള്‍ ഹരികൃഷ്ണന് ഒരു വല്ലാത്ത സുഖം തോന്നി.

ഹര്യേട്ടന്റെ വീട്ടിലാരൊക്കെണ്ട് ?”

ഭാര്യയും മകളും

എന്താ അവരുടെ പേര്?”

ഭാര്യ മോളികുര്യന്‍, മകള്‍ അഥീന.

ഭാര്യയുടെ പേര് കേക്കുമ്പത്തന്നെ ശേഷം കാര്യങ്ങള്‍ ഊഹിയ്ക്കാം, മകളുടെ പേരെന്തോ വളരെ വ്യത്യസ്തായി തോന്നുണു.

ങും , എനിയ്ക്ക് ലക്ഷ്മി എന്ന് പേരിടണമെന്നായിരുന്നു മോഹം, മോളി സമ്മതിച്ചില്ല. അവള്‍ക്കിഷ്ടം ഏയ്ഞ്ചല്‍ എന്നായിരുന്നു.

അത് ഹര്യേട്ടനും സമ്മതിച്ചില്ല, വാശിക്കാരനാ അല്ലേ?”

ഏയ്‌, വാശ്യൊന്ന്വല്ല, ആലോചിച്ചപ്പോ എനിയ്ക്കും തോന്നി, ലക്ഷ്മീന്നു പേരിട്ടാ അതൊരു തരത്തില്‍ ഞാന്‍ മോളെ പിടിച്ചെടുക്കലാവില്ലേ എന്ന് . പേര് കേട്ടാല്‍ ഏതു വിഭാഗത്തില്‍ പെട്ടതാന്നു മനസ്സിലാവരുത് എന്ന് കരുതിയാ അഥീന എന്നിട്ടത്.

ഗ്രീക്ക് മിത്തോളജിയിലെ യുദ്ധത്തിന്റേം വിജ്ഞാനത്തിന്റേം ദേവത ,അല്ലേ. നിങ്ങടെ യുദ്ധത്തിനു സാക്ഷ്യാവാന്‍ പറ്റ്യേ പേരന്നെ.

എനിയ്ക്ക് യുദ്ധംചെയ്യാനൊരിഷ്ടോല്യ, മോളി ബഹളംണ്ടാക്കി ക്കൊണ്ടിരിയ്ക്കും. ഞാനൊഴിഞ്ഞു മാറ്വാ പതിവ് .

കേട്ടിടത്തോളം എന്റേര്‍ലി ഡിഫറന്‍റ് ക്യാരക്ടേര്‍സ് .എങ്ങനെ നിങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായി?”

ലക്ഷ്മിടെ വാക്കുകള്‍ കൊണ്ടന്നെ പറയാം. പൊരുത്തക്കേടുകള്‍ തമ്മിലുളള  ഒരു പൊരുത്തം...ങാ... വീടെത്താറായി. ഇനി പിന്നെ കാണാം ട്ടോ, ലക്ഷ്മീ.

ലാപ് ടോപ്പും ഫയലുകളും ഓഫീസ് റൂമിലേയ്ക്കെടുക്കാന്‍ ഡ്രൈവറെ ഏല്പിച്ച് വീട്ടിലേയ്ക്ക് കയറിയ ഹരികൃഷ്ണന്‍ വാതില്‍ക്കല്‍ ചിരിച്ചു കൊണ്ട് നിന്ന മോളിയെ ചെറിയൊരു സംശയത്തോടെ നോക്കി. ഏതെങ്കിലും ചാച്ചന്റേയോ, ഇച്ചായന്റേയോ മക്കളുടെ മനസ്സമ്മതമോ മിന്നുകെട്ടോ ഉണ്ടാവും. അല്ലാതെ ഈ പരാതിക്കാരിയെ സന്തോഷിപ്പി യ്ക്കാനെന്തുണ്ടാവാനാ?  അതിലേറെ അത്ഭുതം തോന്നി കുളി കഴിഞ്ഞിറങ്ങിയപ്പോഴേയ്ക്കും അവള്‍ ചായയുമായി മുന്നിലെത്തിയപ്പോള്‍ . ഏലയ്ക്കയിട്ട ചായ. രാവിലെ തൊട്ട് തുടങ്ങി യതാ ഒരു ടെന്‍ഷന്‍  ഹെഡ് ഏയ്ക്ക് . ഒരു ഏലച്ചായ വേണമെന്ന് മോഹമുണ്ടായിരുന്നു. എനിയ്ക്കങ്ങനെ ഒരിഷ്ടമുണ്ടെന്നേ മോളിയ്ക്കറിയില്ലല്ലോ ? ആകെ അമ്മുവിനേ അറിയൂ. വേലക്കാരികളുടെ കയ്യില്‍ നിന്ന് വാങ്ങി കുടിയ്ക്കുമ്പോഴേ ഒരു മടുപ്പാണ് തോന്നാറുള്ളത്. വേണമെന്ന് തോന്നുമ്പോള്‍ അമ്മുവിനോട് പറയും. അവളുണ്ടാക്കിത്തരും. എന്നിട്ട്,  “ അച്ഛനു മമ്മ്യോടു പറഞ്ഞൂടെഎന്ന്  ചോദിയ്ക്കും. മറുപടിയൊന്നും പറയാറില്ല. മോളിയോടു പറഞ്ഞി ട്ടെന്താ കാര്യം. അവള്‍ അറിഞ്ഞൊന്നും ചെയ്യില്ല. പറഞ്ഞാല്‍ അത് പ്രശ്നമാക്കി ബഹളം തുടങ്ങും. ഇതിപ്പോള്‍ എന്തു പറ്റി ? ഇനി ഇതിന്റെ പിന്നാലെ എന്താണാവോ ആവശ്യം പറച്ചിലും , പരാതിയും ,കരച്ചിലുമൊക്കെ  എന്നാലോചിച്ചപ്പോഴേ ഹരികൃഷ്ണന് പേടി തോന്നി. ആ വേവലാതിയുടെ ഇടയിലും അയാള്‍ അറിയാതെ നല്ല ചായ എന്ന് മോളിയുടെ മുഖത്ത് നോക്കി പറഞ്ഞു പോയി !

ഇന്ന് പതിവില്ലാതെ ഒരു നല്ല ദിവസമായിരുന്നു. ഒരു പുതിയ സുഹൃത്തിനെ കിട്ടി - ലക്ഷ്മി. അത്ര പരിചയമില്ലാത്തവരോടു സംസാരിയ്ക്കാന്‍ സാധാരണ തോന്നുന്ന ഒരു പ്രയാസവും ഈ കുട്ടിയുടെ അടുത്ത്  എനിയ്ക്ക് തോന്നിയില്ലല്ലോ. ഇക്കാലത്ത് ഇങ്ങനെ മലയാളം നന്നായി കൈകാര്യം ചെയ്യുന്ന ഒരു കുട്ടിയുണ്ടാകുമോ ? അമ്മുവിന് പോലും പറ്റുമെന്ന് തോന്നുന്നില്ല. എന്തൊക്കെയോ നല്ല അനുഭവങ്ങള്‍ വരാനിരിയ്ക്കുന്നുവെന്നു എന്റെ മനസ്സ് പറയുന്നു.” - സാധാരണ ജോലിസംബന്ധമായ കാര്യങ്ങള്‍ മാത്രം എഴുതാറുള്ള ഹരികൃഷ്ണന്‍ അന്ന് രാത്രി ഡയറിയില്‍ ലക്ഷ്മിയെപ്പറ്റി എഴുതി.                                                                                                                           
                                                               
                                                              3


അന്നമ്മച്ചീ...”  മോളിക്കുഞ്ഞിന്റെ കിതപ്പ് ആ അക്ഷരങ്ങളിലൂടെത്തന്നെ അന്നമ്മച്ചി അറിഞ്ഞു.

എന്തുവാ മോളിക്കുഞ്ഞേ, ഇന്നലെ എന്നാ സംഭവിച്ചു? നീ ഏലച്ചായ കൊടുത്തോ ?”

പിന്നേ...അന്നമ്മച്ചി പറഞ്ഞാ ഞാഞ്ചെയ്യുകില്ലേ ?”

എന്നിട്ട് കെട്ട്യോന്‍ എന്നാ പറഞ്ഞു?”

മിഴിച്ചു നോക്കിക്കൊണ്ട്‌ നിന്നു. പിന്നെ നല്ല ചായ എന്ന് പറഞ്ഞു. ഞാന്‍ ഇത്രേം 
പോലും പ്രതീക്ഷിച്ചതല്ല കേട്ടോ .

അതിനു നീയിങ്ങനെ വല്ലോം ചെയ്യുന്ന പതിവൊണ്ടോ? ചെയ്തപ്പം അതിന്റെ കൊണം കണ്ടോടീ പെണ്ണേ? ”

ഓ! എന്നാ ഗുണവാ അമ്മച്ചീ ... ഹരി എന്നോടൊന്നു നേരാമ്പോലെ സംസാരിച്ചിട്ട്  എത്ര കാലമായെന്നോ? എപ്പോഴും തെരക്കാ.

അതു പിന്നെ ഇല്ലാതിരിയ്ക്കുമോ ? അവന്‍ നിസ്സാര ബിസിനസ്സ് വല്ലോമാണോ ചെയ്യുന്നത്?”

അതൊക്കെ ശരി തന്നാ. പക്ഷേ അതുകൊണ്ടൊന്നുമല്ല, ഹരിയ്ക്കിപ്പം തോന്നുന്നൊണ്ടാരി യ്ക്കും എന്നെ കെട്ടണ്ടാരുന്നുവെന്ന്. എന്റെ കൂടെ പള്ളീ വരത്തില്ല, ഞാനൊണ്ടാക്കുന്ന ഭക്ഷണം കഴിയ്ക്കത്തില്ല. വൈകിട്ട് വന്നാ ബാല്‍ക്കണീലിരുന്നു പാട്ട് കേക്കും. മന:പൂര്‍വ്വമാ. എന്നോടു മിണ്ടാണ്ടിരിയ്ക്കാന്‍.എനിയ്ക്ക് പാട്ടിഷ്ടമല്ലാന്നു നന്നായറിയാം.  ഞാനാരോട് പറയാനാ? എന്റെ വീട്ടിലിതെങ്ങാനും പറയാനൊക്കുവോ.നീ തന്നെ വരുത്തി വെച്ചതല്യോ , അനുഭവിയ്ക്ക് എന്നല്ലേ അവര് പറയത്തൊള്ളൂ. എനിയ്ക്കാരുമില്ല.ഹെന്റെ മാതാവേ, എന്റെ ജന്മം ഇങ്ങനായിപ്പോയല്ലോ .

ഹ! നീ എന്നതൊക്കെയാ കുഞ്ഞേ ഈ പറയുന്നേ ? നെനക്കൊരു മോളില്യോ?”

അവള് കൊച്ചല്യോ ? അവളോടിതെല്ലാം പറയാനൊക്കുവോ?”

നീ ഒന്നാലോചിയ്ക്ക് മോളിക്കുഞ്ഞേ , പത്തിരുപത് വയസ്സ് വരെ നെന്റെ ഹരി  എങ്ങനാ ജീവിച്ചേന്ന്. അവനൊരു വാര്യര് പയ്യനല്യോ ? അവര്‍ക്ക് അമ്പലോം കൃഷ്ണനും ദേവീമൊക്കെ യാ. നമ്മുടെ പള്ളീം, കര്‍ത്താവും, മാതാവുമൊക്കെ അവര്‍ക്ക് എങ്ങനെ പിടിയ്ക്കാനാ? നീ അവന്റെ കൂടെ അമ്പലത്തീ പോകാറൊണ്ടോ ?”

അതിനെങ്ങനാ അവടെ എഴുതി വെച്ചിരിയ്ക്കുവല്യോ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാന്നു. എനിയ്ക്കാന്നേ ഇഷ്ടോമല്ല .

അത് പറ. ഓരോരുത്തര്‍ക്ക് ഓരോ ശീലമൊണ്ട്. അത് വിട്ടു നടക്കാനൊക്കത്തില്ല. ഇത്രേം കാലം പച്ചക്കറി കഴിച്ചു ശീലിച്ചോനെങ്ങനാ മൊട്ടേം, മീനും, എറച്ചീമൊക്കെ തിന്നുന്നെ ? അവന്‍ നെന്നോടങ്ങനെ പറയാറൊണ്ടോ? പള്ളീ പോകല്ലേന്നു പറയാറൊണ്ടോ ? നെന്റെ  തറവാട്ടില് വിശേഷങ്ങള്‍ക്ക് കൂടാറില്യോ? നെന്റെ വീട്ടുകാരോട് നന്നായി പെരുമാറുവോ?”

അതെല്ലാമൊളളതാ. എന്നാലും അന്നമ്മച്ചീ, എന്നോടും കൂടെ നന്നായി പെരുമാറണ്ടായോ? പണ്ടെല്ലാം എന്നോട് എന്നാ സ്നേഹമായിരുന്നെന്നോ? ഞാനെന്നാ തെറ്റ് ചെയ്തിട്ടാ? എനിയ്ക്കിതൊന്നും സഹിയ്ക്കാന്‍ മേലാ.

നീയൊന്നടങ്ങ് കുഞ്ഞേ, അല്ലേ നീ നെന്റെ തറവാട്ടീ പോയി ഒരു പത്ത് ദെവസം നില്ല്.

അയ്യോ! അതൊന്നും ഒക്കത്തില്ല. ഞാനിന്നോളം ഒരു ദെവസം പോലും ഇട്ടേച്ചു പോയിട്ടില്ല. പിന്നാ...

ങും. കൊള്ളാം ... അല്ലാ , നെനക്കെന്നാ പാട്ടിഷ്ടമല്ലാത്തെ?”

ഓ!  എനിയ്ക്കിഷ്ടമല്ല. ഹരിയ്ക്കു പാട്ടെന്നു വെച്ചാ ജീവനാ. .അത് ശബ്ദം കൊറച്ചു വെച്ച് കണ്ണടച്ചോണ്ടിരുന്നു കേക്കും. അതുകൊണ്ടെന്നാ കാര്യം? പാട്ട് കേക്കാനൊളളതല്യോ? ഒറക്കെയങ്ങു വെയ്ക്കണം. ഞാനാകെ കേക്കുക പള്ളിപ്പാട്ടുകളാ . ഹരി നന്നായി പാടും കേട്ടോ. എനിയ്ക്ക് പാടാനേ അറികേലമ്മച്ചീ. ഒരിയ്ക്കെ ഹരി എന്നെ പാടാന്‍ കൊറേ നിര്‍ബന്ധിച്ചു. ഒടുക്കം ഞാന്‍ എന്തതിശയമേ ദൈവത്തിന്‍ സ്നേഹംപാടി. അപ്പം ഹരി പാരഡി പാടുകയാ എന്തതിശയമേ മോളിടെ പാട്ട് എത്ര ഭയങ്കരമേന്ന്. അഹങ്കാരമല്ലിയോ? എനിയ്ക്കെന്നാ സങ്കടം തോന്നിയെന്നോ?”

പോട്ടെ കുഞ്ഞേ... നെനക്ക് പാചകം വല്ലോം അറിയാവോടീ ?”

അതെന്നാ അന്നമ്മച്ചീ അങ്ങനെ ചോദിയ്ക്കുന്നെ? ഞാന്‍  പാചകമൊക്കെ കൊച്ചിലേ നല്ലോം പഠിച്ചതാ. അതെനിയ്ക്കൊരു ഹോബിയാരുന്നെന്നേ. കല്ലുമ്മക്കായ ഒലര്‍ത്തീതും  ചിക്കന്‍ ഫ്രൈയുമാ എന്റെ മാസ്റ്റര്‍ പീസ്‌.

അതെല്ലാം നെന്റെ വാര്യര് ചെറുക്കന് പറ്റുമോ?  നീ അവനിഷ്ടമൊളളതെന്നതാ ഒണ്ടാക്കാറുള്ളേ?”

ഓ ! സാമ്പാറും, ഓലനും , അവിയലുമൊന്നും എനിയ്ക്കൊണ്ടാക്കാനറികേല. അതിനല്ല്യോ കാര്‍ത്തുവമ്മ ?”

നീയെന്നതാ പെണ്ണെ പറയുന്നേ? കെട്ട് കഴിഞ്ഞേച്ച്  കാലമെത്രയായെടീ ? എനിയും നീ അവനിഷ്ടമൊള്ളതൊണ്ടാക്കാമ്പഠിച്ചില്യോ? മോശം . നീ കാര്‍ത്തുവമ്മയോട്  ചോദിച്ച് ഓരോന്നായങ്ങു പഠിയ്ക്ക്. വെളുപ്പിനേ എണീറ്റ് ചായേം പലഹാരോമൊണ്ടാക്കിക്കൊടുത്ത് വേണം കെട്ട്യോനെ ജോലിയ്ക്കയയ്ക്കാന്‍. അങ്ങനാ വീട്ടമ്മമാരായ പെണ്ണുങ്ങള്. ഒരു പണിയും ചെയ്യാണ്ട് നെനക്കെങ്ങനാ നേരം പോകുന്നേ ?”

, എനിയ്ക്കെപ്പോഴും മടുപ്പാ അന്നമ്മച്ചീ .ഹരിയാണേ എന്നെ എങ്ങോട്ടും കൊണ്ടുപോകത്തില്ല. ഞാനതും പറഞ്ഞു വഴക്കിടും. പുള്ളിയങ്ങനെ ബിസിനസ്സിന്റെ ആവശ്യത്തിനാന്നും പറഞ്ഞു പലേടത്തും പോകും .മോള് കോളേജിലോട്ടും. ഞാനെപ്പോഴും തനിച്ചാ...എന്റെ മടുപ്പ് കണ്ടിട്ടാ മോള് ഹരിയോട് പറഞ്ഞ് ഈ ലാപ് ടോപ്‌ വാങ്ങിപ്പിച്ചേ . അവളാ എനിയ്ക്ക് എഫ്. ബീല്  അക്കൌണ്ട് തൊടങ്ങിത്തന്നേ. ”  

എഫ്. ബീ യോ! അതെന്നതാ?”

ഫെയ്സ്ബുക്ക്...അതിന്റെ ചുരുക്കമാ എഫ്. ബി. മോള് പറഞ്ഞു തന്നതാ.”
    
നെനക്ക് ഫെയ്സ്ബുക്കില്‍ എത്ര ഫ്രന്റ്സ് ഒണ്ടെടീ ?”

ഓ! അന്നമ്മച്ചി മാത്രമേ ഒള്ളൂ .

അതെന്നാ അങ്ങനെ? കൊറേ ഫ്രന്റ്സിനെ പിടിയ്ക്ക്. അപ്പം ബോറടിയെല്ലാം മാറും.

അതിനെങ്ങനാ റിക്വസ്റ്റ് അയയ്ക്കുവാന്ന് എനിയ്ക്ക് അറികേലെന്നേ. അവിടുന്നയച്ച റിക്വസ്റ്റ്  ആക്സെപ്റ്റ് ചെയ്തു തന്നതു തന്നെ ഹണിയാ. അമ്മച്ചിയ്ക്കോ? കൊറേ ഫ്രന്റ്സ് കാണുമാരിയ്ക്കും അല്യോ?”

എവടെ...നീ തന്നെ ഒള്ളൂ മോളിക്കുഞ്ഞേ. എനിയ്ക്ക് എന്റെ കൊച്ചുമോളാ അക്കൌണ്ട് ശരിയാക്കിത്തന്നേ . എങ്ങനാ ഫ്രന്റ്സിനെ ക്ഷണിയ്ക്കുകാന്ന് അവള് പറഞ്ഞു തന്നതാ. എനി വല്യമ്മച്ചി തനിയേ ചെയ്യ്‌ എന്നും പറഞ്ഞു അവളങ്ങു പോയി. എന്റെ എളേ മോള്  കുവൈറ്റിലാ. അവടെ പേരും മോളി എന്നാ. അവളാന്നു വിചാരിച്ചാ ഞാന്‍ നെനക്ക് റിക്വസ്റ്റ് അയച്ചേ.

ഓ! അപ്പം വഴി തെറ്റി വന്നതാ അല്യോ? അതെന്നതാണേലും നന്നായി.

അത് ശരിയാ. എനിയ്ക്കീ കുന്ത്രാണ്ടത്തേലൊളള കളിയൊന്നും വലിയ പിടിയില്ല പെണ്ണേ.

എനിയ്ക്കും ഒന്നും അറിയത്തില്ല. എന്റെ കുഞ്ഞ് എല്ലാം പഠിപ്പിച്ചു തരാവെന്നു പറഞ്ഞിട്ടൊണ്ട്‌. ഞാനതെല്ലാം അമ്മച്ചിയ്ക്കും പറഞ്ഞു തരാവേ .

ഓ...എനിയ്ക്കെന്നാത്തിനാ. എനിയ്ക്കിതിനൊന്നും നേരമില്ല മോളിക്കുഞ്ഞേ. കണ്ടമാനം പണിയൊണ്ട്.

എന്നാ പണിയാ അമ്മച്ചി ഈ വയസ്സാങ്കാലത്ത് ചെയ്യുന്നേ?”

ഇവടെ വേലക്കാരൊന്നുമില്ല. അതൊന്നും അപ്പച്ചനിഷ്ടമല്ല. വീടുപണിയും പൊറംപണിയു മെല്ലാം  ഞാന്തന്നെ ചെയ്യും.

എന്റെ തമ്പുരാനേ, തനിച്ചോ?”

ങും. ചെലപ്പോ അപ്പച്ചന്‍ സഹായിയ്ക്കും.

മൂപ്പരുടെ ആരോഗ്യമൊക്കെ എങ്ങനെ?

ഒരു കൊഴപ്പോമില്ല. നല്ലോം കഴിയ്ക്കും, പണീമെടുക്കും. കണ്ണടയില്ലാതാ പത്രം വായിയ്ക്കുക. ഈ കമ്പ്യൂട്ടറൊന്നും മൂപ്പര്‍ക്ക്  പിടിയ്ക്കില്ലെന്നേ. പിള്ളാരെയൊക്കെ ഫോണില്‍ വിളിച്ചു സംസാരിയ്ക്കും. എല്ലാരും പൊറംരാജ്യത്തല്ലിയോ . അങ്ങോട്ടൊന്നും പോകാനും അതിയാനിഷ്ടമില്ല.

അമ്മച്ചി ഡല്‍ഹീ  പോയിട്ടൊണ്ട്‌, അല്ലിയോ ?”

അതെങ്ങനെ നീയറിഞ്ഞു?”

താജ് മഹലിന്റെ മുന്നിലിരിയ്ക്കുന്ന പടമല്യോ പ്രൊഫൈല്‍ ഫോട്ടോ ആയി കൊടുത്തേയ്ക്കുന്നെ ?”

,അതെന്റെ പാപ്പന്‍ കുഞ്ഞു വറീതിന്റെ എളേ മോന്‍ സേവ്യേറിന്റെ കൊച്ചിന്റെ മാമ്മോദീസയായിരുന്നേ ,അവരങ്ങ് ഡല്‍ഹീലാ. അവര്‍ക്ക് നാട്ടിലോട്ടു വരാനൊത്തില്ല. ലീവില്ലെന്നും പറഞ്ഞ് ഞങ്ങളെയെല്ലാം അങ്ങോട്ട്‌ വിളിച്ചേച്ച് ചടങ്ങവിടവെച്ചങ്ങു നടത്തി. അവിടുന്നെടുത്ത ഫോട്ടോയാ.

അന്നമ്മച്ചി ഭാഗ്യവതിയാ.

നെനക്കെന്നാടീ ഭാഗ്യത്തിനൊരു കൊറവ് ?”

വല്ലപ്പോഴുമെങ്കിലും ദൂരെയൊന്നുമില്ലേലും ഇവടെ അടുത്തേലും ഒന്ന് പോകുക, ഒരു സിനിമ ഒന്നിച്ചൊന്നു കാണുക , ഒരു നേരത്തെ ഭക്ഷണം ഹോട്ടലേന്നു കഴിയ്ക്കുക... അതിനു പോലും  ഹരിയെ കിട്ടത്തില്ല.  കയ്യില് കാശൊണ്ടല്ലോന്നും പറഞ്ഞ് ഇതെല്ലാം ഞാന്തനിച്ചങ്ങു ചെയ്താ മതിയോ ? എന്നാപ്പിന്നെ ഞാനെന്നാത്തിനാ കെട്ടിയേ ?”

, എന്റെ കുഞ്ഞേ , അവന്‍ കാലത്തങ്ങു പോകുന്നതല്യോ ? വരുന്നത്  സന്ധ്യ കഴിയുമ്പ ഴാരിയ്ക്കും അല്യോ . പിന്നെങ്ങോട്ടു പോകാനാ?”

അത് നേരാ, സന്ധ്യക്ക്‌ കേറി വരുന്ന കാണുമ്പം ഒള്ളത് പറഞ്ഞാ പാവം തോന്നിപ്പോകും. ആകെ തളര്‍ന്നിട്ടൊണ്ടാകും. പണ്ടേ തലവേദനക്കാരനാ.അന്നേരം എന്ത് പറഞ്ഞാലും പിടിയ്ക്കത്തില്ല. ഒന്നും മിണ്ടാണ്ട് എണീച്ചു പോകും.

ക്ഷീണമൊക്കെ മാറി നല്ല മൂഡിലിരിയ്ക്കുമ്പഴല്യോ കുഞ്ഞേ ഇതെല്ലാം പറയുക ?”

എനിയ്ക്കങ്ങനെ കണ്‍ട്രോള്  ചെയ്യാനൊന്നും അറികേലെന്നേ . സന്തോഷം വന്നാ ചിരിയ്ക്കും, സങ്കടം വന്നാ കരയും, അരിശം  വന്നാ വഴക്കിടും, ചെലപ്പം രണ്ട് പൊട്ടിച്ചെന്നും വരും.

കര്‍ത്താവേ, നീ ഹരിയെ തല്ലിയിട്ടൊണ്ടോടീ മോളിക്കുഞ്ഞേ ?”

ങും... ” 

എന്തുവാ കുഞ്ഞേ, അങ്ങനെയെല്ലാം ചെയ്യാവോ ?”

അതെന്നതാന്നറിയാവോ അന്നമ്മച്ചീ, കെട്ടിന് മുന്നേയാണേ. ഞങ്ങളന്നു കോളേജിപ്പഠി യ്ക്കുവാ. അന്ന് ആന്വല്‍ ഡേയ്ക്ക്  ഓണ്‍  ദ സ്പോട്ട് മത്സരങ്ങളൊണ്ടാരുന്നേ . ഞങ്ങടെ ക്ലാസ്സിലൊരു ജലജാ വാര്യരൊണ്ടാരുന്നു. എന്നാ ചന്തവാ കാണാനെന്നോ . മോഹിനിയാട്ട ക്കാരിയാ. അവളുടെ മോഹിനിയാട്ടത്തിനു ഹരി ഓടക്കൊഴലേല് കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ എന്ന് പാടിക്കൊടുത്തു. ഞാനന്നേരം കൂട്ടുകാരുടെ കൂടെ കാന്റീനിലിരുന്നു ഐസ് ക്രീം കഴിയ്ക്കുവാരുന്നേ. ഒരു സ്നേഹലതയൊണ്ടേ .അവള്‍ക്കു ഹരിയോട് സ്വല്പം സ്നേഹമൊണ്ടാരുന്നു. പക്ഷേ ഹരി എന്നെ മാത്രമല്ലേ ഇഷ്ടപ്പെടത്തൊള്ളൂ. അതിന്റെ അസൂയ കൊണ്ട് അവളെന്നോടു പറയുവാ ഹരീം ജലജാ വാര്യരും കൂടെ സ്റ്റേയ്ജ്  പെര്‍ഫോമന്‍സ് നടത്തുന്ന കണ്ടാ കൃഷ്ണനും രാധേം പോലിരിയ്ക്കു മെന്ന്. നീ കരുതുന്ന തൊന്നും നടക്കുകേല മോളീ, ഒരു നസ്രാണിയെ വാര്യര് പയ്യന്‍ കെട്ടുമോന്നും കൂടെ അവള് ചോദിച്ചപ്പം എനിയ്ക്കങ്ങോട്ടു സഹിയ്ക്കാന്‍ മേലാതായി. ഞാനാ ഐസ് ക്രീം അവളുടെ മൊഖത്ത് വെച്ച് നന്നായങ്ങു തേച്ചു കൊടുത്തു. എന്നിട്ട് നേരെ ചെന്ന് ഹരീടെ നടുവിനിട്ട്‌ രണ്ടിടി കൊടുത്തു. കരുണ ചെയ്തു കൊടുത്തോ ? എന്നതാ വാര്യരും വാര്യത്തീം കൂടെ    പ്ലാന്‍ ?’ എന്നും ചോദിച്ച് പിച്ചുകേം മാന്തുകേം ഒക്കെ ചെയ്തു.

യ്യോ! എന്നിട്ട് ഹരി ഒന്നും തരികെ ചെയ്തില്യോ ?”

എടീ മണുക്കൂസേ, വാര്യത്തീന്നല്ല വാരസ്യാര്‍ എന്നാ പറയുകാന്നു പറഞ്ഞു. നീയല്ലേ എന്റെ വാരസ്യാര്എന്നും പറഞ്ഞു. അത് കേട്ടപ്പം എന്റെ അരിശമെല്ലാം പോയി.

നീയാള് കൊളളാമല്ലോടീ മോളിക്കുഞ്ഞേ...!

ഹരി സ്നേഹത്തോടെ എന്നതേലും പറഞ്ഞാപ്പിന്നെ എനിയ്ക്കൊന്നും പറയാന്തോന്നുകേല മ്മച്ചീ.”   

ങാ. അത് നല്ല കാര്യമാ. പിന്നെ...നെന്റെ മോളെന്നാ എടുക്കുവാ ?”

അവള് എഞ്ചിനിയറിങ് ചെയ്യുന്നു. സ്റ്റഡി ലീവാ. ഇപ്പം മോളിലെ റൂമേലിരുന്നു പഠിയ്ക്കുവാ.

നോക്കിക്കോണേ .ഇപ്പോഴത്തെ പിള്ളാര് റൂമടച്ചിരുന്ന് എന്നതൊക്കെ തോന്നിവാസങ്ങളാ ചെയ്യുന്നേന്ന് അറിയാവോ ?”

വേണ്ടാതീനം പറയല്ലേ അന്നമ്മച്ചീ,. അവളങ്ങനെ അരുതാത്തതൊന്നും ചെയ്യുകേല. അറിയാവോ അവക്ക് ഫെയ്സ് ബുക്കില് ഒരു അക്കൌണ്ട് പോലുമില്ല. പിന്നാ...!

ങും... ഏതായാലും ഇപ്പം നീയങ്ങു ചെന്ന് ആ കാര്‍ത്തുവമ്മയോടു ചോദിച്ചു മനസ്സിലാക്കി ഒരു കിടിലന്‍ സാമ്പാറങ്ങോട്ടൊണ്ടാക്കിക്കേ . എന്നാ ഒണ്ടാകുമെന്നു കാണാമല്ലോ

ശരി നോക്കട്ടെ ,എന്നാ നാളെ കാണാവേ അന്നമ്മച്ചീ”  

കാര്‍ത്തുവമ്മേ, മുരിഞ്ഞക്കോലും വെണ്ടയ്ക്കായുമിരിപ്പൊണ്ടോഎന്ന് ചോദിച്ചു കൊണ്ട് മോളി അടുക്കളയിലേയ്ക്ക് ദൃഢനിശ്ചയത്തോടെ പ്രവേശിച്ചു.

അഥീന അപ്പോള്‍ ഫെയ്സ് ബുക്കില് ഒരു ഫ്രന്റുമായുള്ള ചാറ്റിങ് അവസാനിപ്പിച്ച് മറ്റൊരു സുഹൃത്തിനെ തിരയുകയായിരുന്നു! അവളുടെ മുഖത്ത് ഒരു കള്ളച്ചിരിയുണ്ടോ ?
                                                          
                                                          
                                                             4


ഹര്യേട്ടാ ,രണ്ടു ദിവസായി കണ്ടില്യലോ  ,സുഖല്ലേ

ജോലിയെല്ലാം കഴിഞ്ഞ് എക്സ്പോര്‍ട്ട് മെററീരിയലിന്റെ ക്വാളിറ്റി ചെക്കിങ് കഴിഞ്ഞുള്ള മാനേജരുടെ മറുപടിയെങ്ങാനും വന്നിട്ടുണ്ടോ എന്നറിയാന്‍ മെയില്‍ ചെക്ക്‌ ചെയ്യാന്‍ ശ്രമിയ്ക്കുമ്പോഴാണ് ലക്ഷ്മിയുടെ സന്ദേശം  ഹരികൃഷ്ണന്‍  കണ്ടത് .വല്ലാത്തൊരു ത്സാഹത്തോടെ അയാള്‍ മറുപടി എഴുതി.

സുഖം തന്നെ കുട്ടീ, ആകെ ജോലിത്തെരക്കായിരുന്നു.

അയ്യോ! ബുദ്ധിമുട്ടായോ ? ഓഫീസ് കാര്യങ്ങളെല്ലാം ഹര്യേട്ടന്‍ ഒറ്റയ്ക്കാ ചെയ്യണത് അല്ലേ ?

ഇപ്പോള്‍ ഒറ്റയ്ക്കാ.

ആരൂല്യേ സഹായിയ്ക്കാന്‍ ? മോളിച്ചേച്ചി വരില്യേ ” 

ഏയ്‌ ,അതൊന്നും പ്രതീക്ഷിയ്ക്ക്യേ വേണ്ട. സഹായിയ്ക്കാനുള്ള ആള് പിറകെ എത്തും.” 

ആര് ?”

എന്റെ മകള്‍. ഇപ്പൊ ടെക്സ്റ്റൈല്‍  എഞ്ചിനീയറിങ്ങിന് പഠിയ്ക്കുന്നു. ഇനി 
ഹയര്‍സ്റ്റഡീസിനു നിഫ്റ്റില്‍ ചേര്‍ക്കണം. പിന്നെ എം. ബി. എ . എന്നിട്ട് വേണം ഇതൊക്കെ അവളെ എല്പിയ്ക്കാന്‍.

ചുരുക്കത്തില്‍ മകള് ഇനീം കൊറേ കാലം കഷ്ടപ്പെടണം അല്ലേ?”

ങും, വേണം. പെണ്‍കുട്ട്യോളായാ നല്ല പഠിപ്പും ജോലീം വേണം. എന്നാലേ വിവേകത്തോടെ ചിന്തിയ്ക്കാനും പെരുമാറാനും പ്രവര്‍ത്തിയ്ക്കാനും പറ്റൂ.

മോളിച്ചേച്ചി  അങ്ങന്യാണ് ല്ലേ

ങും... അവള് ഗ്രാജ്വേറ്റാ .നല്ല മാര്‍ക്കൂണ്ട്. പക്ഷേ ചെലപ്പോ കാണിയ്ക്കണ കണ്ടാ സ്കൂളിലേ പോയിട്ടില്യാന്നു തോന്നും.

വല്യൊരു വീട്ടില് എല്ലാരടേം ഓമനയായി വളര്‍ന്നതല്ലേ മോളിച്ചേച്ചി , അതിന്റെ കൊറച്ച് കുറുമ്പും വാശീം ഒക്കെണ്ടെങ്കില് അത്ഭുതപ്പെടാന്‍ ണ്ടോ ? ഹര്യേട്ടന്‍  മോളിച്ചേച്ചിയോട് പറയു സഹായിയ്ക്കാന്‍ .

നടക്കണ കാര്യം തന്നെ. അവളീ ഭാഗത്തേയ്ക്കെ എത്തിനോക്കില്യ. പുതിയ സ്റ്റോക്ക് വന്നാ അവള്‍ക്കും അമ്മൂനും വേണ്ടത്  നോക്കിയെടുക്കും. അത്രേന്നെ.”  

അപ്പൊ ഹര്യേട്ടനൊന്നും സെലക്റ്റ് ചെയ്തു കൊടുക്കില്യേ ?”

എന്റെ സെലക്ഷനൊന്നും അവള്‍ക്കിഷ്ടാവില്യ.

മോളിച്ചേച്ചി  അങ്ങനെ പറഞ്ഞ്വോ ?”

അതില്യാ, ന്നാലും നിയ്ക്കങ്ങന്യാ തോന്നണ് .

ഹര്യേട്ടന്‍ എന്തെങ്കിലും സെലക്റ്റ് ചെയ്തു കൊടുത്തു നോക്കൂ. നിങ്ങളൊന്നിച്ച് പൊറത്തു 
പൂവുമ്പോ ഇടാലോ ?”

ഞങ്ങളൊന്നിച്ച് പോവ്വേ ? അങ്ങനെ പോയ കാലം തന്നെ മറന്നു. മോളിയ്ക്കെപ്പഴും പരാത്യാ. എങ്ങട്ടും കൊണ്ട്വോയില്ല്യാന്നും പറഞ്ഞ് . എന്റെ യാത്ര മുഴ്വോന്‍ ബിസിനസ്സിന്റെ കാര്യങ്ങള്വായിട്ടാ. അപ്പൊ അവളെ കൂടെ കൂട്ട്യാ കാര്യങ്ങളൊക്കെ അവതാളത്തിലാവും. പിന്നെ എങ്ങട്ടും പോവാന്‍ നേരൊട്ട് കിട്ടൂല്യ.

അങ്ങനെ പറഞ്ഞാ പറ്റ്വോ? പിന്നെ ഈ സമ്പാദിയ്ക്കണതൊക്കെ എന്തിനു വേണ്ടീട്ടാ? ആ  മോളിച്ചേച്ചി  രാവിലെ തൊട്ടു രാത്രി വരെ വെറുതെ ഇരുന്നു ബോറടിയ്ക്ക്യല്ലേ ? ആഴ്ചേലൊരിയ്ക്കലെങ്കിലും വെറുതെ ഒരൌട്ടിങ്ങായിക്കൂടെ ?”

ഏയ്‌ ! അതൊന്നും ശര്യാവില്യ.

എന്താ ശര്യാവാണ്ടെ? നാളത്തെ ദിവസത്തിന്റെ പ്രത്യേകത ഹര്യേട്ടനോര്‍മ്മണ്ടോ ?”

നാള്യോ! നാളെന്താ പ്രത്യേകത?”

എന്നാലേയ് നാളെ നിങ്ങടെ വെഡ്ഡിങ് ആന്വേഴ്സറ്യാ. എഫ്.ബീ പ്രൊഫൈലില് കൊടുത്ത്ട്ടില്യേ ?”

ശര്യാ. ഞാനത് മറക്ക്വന്നെ ചെയ്തു. അല്ലെങ്കിലും അതൊന്ന്വങ്ങനെ ഓര്‍ക്കാറില്യ. 
ഒരു സാധാരണ ദിവസം പോല്യങ്ങ്ട്  പോവും.

എന്നാ ഇപ്രാവശ്യം അങ്ങനെ വേണ്ട. ഹര്യേട്ടന്‍ മോളിച്ചേച്ചിയ്ക്ക് നല്ലൊരു സാരി വാങ്ങിക്കൊടുക്കൂ. എന്നിട്ട് നാളെ നിങ്ങളൊന്നിച്ച്  പോയി ഒരു സിനിമ കാണൂ , ചേച്ചിയ്ക്കും കൂടി ആസ്വദിയ്ക്കാന്‍ പറ്റണ സിനിമ .രാത്രി ഭക്ഷണം ഹോട്ടലില്‍ നിന്ന് കഴിച്ചാ മതി.

അയ്യേ! അതൊന്നും വേണ്ട. വയസ്സുകാലത്തല്ലേ ആഘോഷം?”

ഓ! പിന്ന്യല്ലേ, അത്ര വയസ്സായിട്ടൊന്നൂല്യ. പിന്നെ സ്വന്തം ഭാര്യടെ കൂട്യല്ലേ . എത്ര വയസ്സായാപ്പെന്താ ?”

പക്ഷേ... അമ്മൂന് എക്സാമാ. സമയം വെറുതെ കളയാന്‍ പറ്റ്വോ?”

അതിനു അമ്മ്വെന്തിനാ ? അവള് വലുതായില്യെ? നിങ്ങള് മാത്രം പോയാ മതി. അവളവടെ  ഇരുന്നു പഠിയ്ക്കട്ടെ .

എന്നാലും...

ഒരെന്നാലൂല്യ. ഇന്യൊരു മൊടക്കോം കണ്ടുപിടിയ്ക്കാന്‍ നോക്കണ്ട. ഹര്യേട്ടാ സ്നേഹം കൊടുത്താലേ തിരിച്ചു കിട്ടൂട്ടോ.

ഞാന്‍ തന്ന്യല്ലേ അവള്‍ക്കെല്ലാം കൊടുക്കണ്.  ഇന്നാള് ഒരു ലാപ് ടോപ്‌ വാങ്ങിക്കൊടുത്തൂലോ ?”

അത് താനായിട്ട് കയ്യില് കൊടുത്തില്യലോ ? അമ്മൂനെ ക്കൊണ്ട് കൊടുപ്പിയ്ക്ക്യല്ലേ ചെയ്ത് ? അമ്മു റെക്കമെന്റ്  ചെയ്തിട്ടല്ലേ മേടിച്ചതന്നെ ?”

ങേ! അതെങ്ങന്യാ കുട്ടിയ്ക്കറിയാ?”

 “അത്... ഞാന്‍ ഹ്യൂമന്‍ സൈക്കോളജി പഠിച്ചിട്ട്ണ്ട് . എനിയ്ക്കിപ്പൊ നിങ്ങട്യൊക്കെ കാര്യങ്ങള്  ഏകദേശം പറയാന്‍ പറ്റൂലോ.

ങും...സമ്മതിച്ചു. ആള് മിടുക്കത്ത്യാണേ.

സമ്മതിച്ചല്ലോ? എന്നാ പിന്നെ ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ സമ്മതിയ്ക്കണം. അപ്പൊ ഇനി മറ്റന്നാള് കാണാം. വിശേഷങ്ങളൊക്കെ പറയണേ .

ഓ! ആയ്ക്കോട്ടെ.

ചാറ്റിങ്  അവസാനിപ്പിച്ച് ഹരികൃഷ്ണന്‍ അന്ന് പുതുതായെത്തിയ സ്റ്റോക്ക് ഒന്ന് പരിശോധിച്ചു. ട്രെന്‍ഡൊക്കെ മാറിക്കൊണ്ടിരിയ്ക്കുകയാണ്. പഴയ കാലത്തെ ഫാഷനൊക്കെ ഇപ്പോള്‍ പുതുമോടിയോടെ വന്നിരിയ്ക്കുന്നു. കൂട്ടത്തിലൊരു സാരി ഏറെ ഇഷ്ടപ്പെട്ടു. ഏകദേശം ഇതുപോലൊന്ന് കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് മോളിയ്ക്കുണ്ടായിരുന്നെന്ന് ഓര്‍മ്മ വന്നപ്പോള്‍ പിന്നെ സംശയിയ്ക്കാതെ അത് തന്നെ പായ്ക്ക് ചെയ്ത് കയ്യിലെടുത്തു.

ഹര്യേട്ടാ, നിയ്ക്ക് ആ കൃഷ്ണന്റെ പാട്ടൊന്നു പാടിത്തര്വോ? ഹര്യേട്ടന്റെ പാട്ട് കേക്കാന്‍ എന്ത് രസാ! ഞാനെന്റെ കൂട്ടുകാരോടൊക്കെ പറയാറ് ണ്ട്.കൃഷ്ണന്റെ പാട്ട് പാടുമ്പോള്‍ ലക്ഷ്മി കണ്ണുകള്‍ പാതിയടഞ്ഞു ലയിച്ചിരിയ്ക്കുന്നത് കാണാന്‍ എന്ത് സുഖം ! എത്ര പാട്ട് വേണമെങ്കിലും പാടിക്കൊടുക്കാന്‍ തോന്നും.

 “ഹര്യേട്ടാ, ആ മാവിമ്പില് പടര്‍ന്നു നിക്കണ മുല്ലവള്ളി നോക്കൂ. നെറയെ പൂത്തിരിയ്ക്കുണു. നിയ്ക്ക് കൊറച്ചു പറിച്ചു തരൂന്നേ .ഈ പെണ്ണിന് മുല്ലപ്പൂവ് ന്ന്വച്ചാ പ്രാന്താ. പൂവ് പറിച്ചു കഴിഞ്ഞു നോക്കിയപ്പോള്‍  അവള്‍  കോണിയെടുത്ത് മാറ്റിവെച്ച് നിന്ന് ചിരി യ്ക്കുണു. ഇനിയെങ്ങനെ താഴെയിറങ്ങും. കളളത്തിപ്പെണ്ണ് . കാത് പൊന്നാക്കിത്തരാം ട്ടോ  !

വെറുതെ ഇരിയ്ക്ക്യാ? ന്നാ ആ ഓടക്കൊഴലെടുത്ത് ത്തിരി നേരം കണി കാണും നേരംഒന്ന് വായിയ്ക്കൂ. അതും കഴിഞ്ഞിട്ട് ന്റെ കൂടെ അമ്പലത്തിലിയ്ക്ക് വരണം ട്ടോ. ആ ക്രീം കളര്  ഷര്‍ട്ടിട്ടാ മതി. ഹര്യേട്ടന്‍ നീളത്തില് കുറി ഇടണ്ട .ഗോപിക്കുറി തൊട്ടാ മതി. അതാ ഭംഗി . ഓടക്കൊഴലെവട്യാ. ഷെല്‍ഫിന്റെ മോളിലോ? നിയ്ക്കെത്ത്ണില്യാ. ന്നെ ഒന്നെടുക്കൂ.പെണ്ണ് ഒരു നേരമൊന്നിരിയ്ക്കാന്‍ സമ്മതിയ്ക്കില്ല .  

കണി കാണും നേരം കമലനേത്രന്റെ...ആരാ പാടുന്നത്? ലക്ഷ്മിയാണോ? അല്ല, അലാം അടിച്ചതാണ്. രാത്രി ഇത്ര വേഗം കഴിഞ്ഞെന്നോ! കയ്യില്‍ സാരിയും പിടിച്ച് ചെരിഞ്ഞു കിടന്നുറങ്ങുന്ന മോളിയെ ഒരു നെടുവീര്‍പ്പോടെ നോക്കിക്കൊണ്ട്‌ ഹരികൃഷ്ണന്‍  നഷ്ടബോധത്തിന്റെ മൌഢ്യത്തോടെ അല്‍പനേരം  ഇരുന്നു പോയി.    

എന്നാ കണ്ണും തൊറന്നോണ്ട് സ്വപ്നം കാണുവാന്നോ? ഇന്ന് യോഗേം ധ്യാനോമൊന്നുമില്ലേ ? വേഗം പൊറപ്പെട്ട് വന്നേ. ഇഡ്ഡലീം സാമ്പാറുമൊണ്ട്.
കയ്യില്‍ പേപ്പറും ചായക്കപ്പുമായി മോളി! ഇതെന്തു പററി ! ഇവളെപ്പഴാ എഴുനേറ്റത് ? ഇതും സ്വപ്നമാണോ?                                                                                            
                                                 
                                                            5


“അന്നമ്മച്ചീ ! വിശേഷം കേക്കണോ ?”

ങാ ! എന്നാ പറയുന്നു  മോളിക്കുഞ്ഞേ . രണ്ടു ദെവസമായല്ലോ കണ്ടിട്ട് ?

ആകെ തെരക്കായിരുന്നമ്മച്ചീ .ഒരുപാടൊണ്ട് പറയാന്‍ .

നീയങ്ങു പറ.

മെനഞ്ഞാന്നു ഞാന്‍ സാമ്പാറൊണ്ടാക്കി കേട്ടോ. രാത്രി ചപ്പാത്തിയ്ക്കു പകരം ചോറ് 
വെളമ്പിയപ്പോഴേ ഹരിയ്ക്കു സന്തോഷമായി. ഞാന്തന്നെയാ വെളമ്പിക്കൊടുത്തെ. സാമ്പാറ് നന്നായിട്ടൊണ്ടെന്നു പറഞ്ഞു. അതും കഴിഞ്ഞു കെടക്കാന്‍ ചെന്നപ്പഴല്യോ . എന്നാ അതിശയമാ... സാധാരണ ഞാന്‍ സീരിയലൊക്കെ കണ്ടേച്ച് കെടക്കാന്‍ ചെല്ലുമ്പം ഹരി ഒറക്കമായി കാണും. ഇത് ഞാന്‍ ചെല്ലുമ്പം പാട്ടും വെച്ചോണ്ടിരിയ്ക്കുവാ. എന്നെ കണ്ടപ്പം പാട്ടങ്ങു നിര്‍ത്തി. എന്നിട്ട് ബെഡ്ഡിന്റെ ചോടേന്നു ഒരു പായ്ക്കറ്റ് എടുത്തു തന്നു. ഒരു സാരിയാ... നാളെ വെഡ്ഡിങ്  ആനിവേഴ്സറിയല്ലേ, അതിനുടുക്കാനാന്നു പറഞ്ഞു. ഇന്നലെ എന്നെ സിനിമായ്ക്ക് കൊണ്ട് പോയി. എന്നാ തമാശയൊളള സിനിമായാ. ചിരിച്ചു ചിരിച്ച് ഒരു പരുവമായി. ഒരു ഡയമണ്ട് റിങ്ങും വാങ്ങിത്തന്നു. രാത്രി ഹോട്ടലേന്നായിരുന്നു ഭക്ഷണം.

ഹണിയെ കൊണ്ടുപോയില്ലാരുന്നോ ?”

ഇല്ല, അവള്‍ക്ക് എക്സാമല്ല്യോ. എന്നാലും മോളില്ലാഞ്ഞിട്ട് എനിയ്ക്ക് വെഷമം തോന്നി കേട്ടോ. മോളൂടെ  വന്നേയ്ക്കെന്നു പറഞ്ഞതാ. അവള്‍ക്ക് കൊറേ പഠിയ്ക്കാനൊണ്ടെന്നു പറഞ്ഞു. അവളൊണ്ട്  ചിരിയ്ക്കുന്നമ്മച്ചീ. നിങ്ങള് പൊയ്ക്കോ. ഞാനില്ല സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാകാനെന്ന്... വല്ലാത്തൊരു പെണ്ണ് ! നോക്കുമ്പം ഹരിയും ചിരിയ്ക്കുന്നു ! പിന്നേയ് ഹരി തന്ന പോലൊരു സാരി ഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പം എനിയ്ക്കൊണ്ടാരുന്നു. അന്നൊക്കെ അതുടുത്താ എനിയ്ക്ക് നല്ല ശേലാന്നു ഹരി പറയുവാരുന്നു. പുള്ളിയ്ക്ക് അതൊക്കെ ഓര്‍മ്മയുണ്ടെന്നാ തോന്നുന്നേ. എനിയ്ക്കെന്നാ സന്തോഷമായെന്നോ ! ചിരിയ്ക്കാനും കരയാനുമൊക്കെ തോന്നുവാ. ഇതെല്ലാം അന്നമ്മച്ചി കാരണമാ കേട്ടോ. ആ സൂപ്പര്‍ ചായേം കിടിലന്‍ സാമ്പാറും ഏറ്റ മട്ടൊണ്ട് . എനിയും ഇങ്ങനെ സൂത്രങ്ങള്‍ പറഞ്ഞു തരണേ അന്നമ്മച്ചീ...

സ്നേഹം കൊടുത്തപ്പം തിരിച്ചു കിട്ടി. അത്രെയൊള്ളൂ  കാര്യം. ജീവിതം നിങ്ങടെയല്യോ? അവടെ മൂന്നാമതൊരാള്‍ക്ക് സ്ഥാനം കൊടുക്കല്ലേ മോളിക്കുഞ്ഞേ ...ഒരമ്മച്ചിയ്ക്കും. ങാ,  നീ ഹരിയ്ക്കെന്നാ സമ്മാനം കൊടുത്തു?”

ഓ! ഞാനെന്നാ കൊടുക്കാനാ? എന്റെലൊളള പണം ഹരി  തന്നതുതന്നെയല്യോ? അല്ലാതെന്റേലെന്നാ ഇരിയ്ക്കുന്നു?”

നീ പഠിച്ചതല്യോടീ ? നെനക്ക് ജോലി നോക്കിക്കൂടായോ?”

അയ്യോ! ഞങ്ങടെ തറവാട്ടില് പെണ്ണുങ്ങളാരും ജോലിയ്ക്ക് പോകത്തില്ല. കൊറച്ചിലല്യോ ? പഠിപ്പൊണ്ടെന്നു പറയാനും വേണ്ടി മാത്രമാ കോളേജീപ്പോയതു തന്നെ . ഹരിയ്ക്കും ഞാന്‍ ജോലി നോക്കുന്നതിഷ്ടമല്ലെന്നേ.

നീയെന്തിനാ പൊറമേ പോകുന്നേ? ഹരിയെയങ്ങു സഹായിച്ചാ പോരായോ ?ആ പാവം എല്ലാം ഒറ്റയ്ക്ക് ചെയ്തു കഷ്ടപ്പെടുകയല്യോ ? അവന് ഒരു സഹായോമായി. നെനക്ക് നേരം പോവാനൊരു മാര്‍ഗ്ഗോമായി .

അത് ഹരീം പറഞ്ഞതാ. പക്ഷേ എനിയ്ക്കതിനൊന്നുമൊളള  കഴിവില്ലെന്നേ.”  

നെനക്കെന്നതാ കഴിവെന്നു വെച്ചാ അതങ്ങ് ചെയ്യ്‌ .

പ്രത്യേകിച്ചൊരു കഴിവുമില്ലമ്മച്ചീ...

അത് ചുമ്മാ. നീ നന്നായി വരയ്ക്കില്യോ ?”

അതെങ്ങനെ അമ്മച്ചിയ്ക്കറിയാം?”

നീ വരച്ച പടങ്ങടെ ഫോട്ടോ ഫെയ്സ് ബുക്കിലിട്ടിട്ടൊണ്ടല്ലോ?”

അതാ ഹണി എടുത്തു ചേര്‍ത്തതാ. ഞാങ്കൊറച്ച് ഗ്ലാസ്‌ പെയിന്റിങ്ങും മ്യൂറല്‍ 
പെയിന്റിങ്ങും പഠിച്ചിട്ടൊണ്ടെന്നേ . പിന്നെ ഹണീടെ ഉടുപ്പൊക്കെ ഞാനാ ഡിസൈന്‍ ചെയ്യുന്നേ.

നെനക്ക് ഏയ്‌ഞ്ചല്‍ എന്ന പേരാ ഇഷ്ടമെന്ന് പറഞ്ഞില്ലാരുന്നോ. എന്നാപ്പിന്നെ അത് വിളിച്ചാ പോരായോ?”

അത് ഹരിയ്ക്കിഷ്ടമല്ലാത്ത പേരല്യോ? പിന്നെങ്ങനാ വിളിയ്ക്കുന്നെ? എനിയ്ക്ക് ഹണിയും ഇഷ്ടമാ. പിന്നെ ഹരീടെ പേരിനോട്  പൊരുത്തോമൊണ്ടല്ലോ ?”

ഇതൊക്കെ മനസ്സേ വെച്ചോണ്ട് പിന്നെന്നാത്തിനാ കൊച്ചേ വഴക്കിടുന്നെ ? ങാ! അപ്പോഴേയ്ക്കും പറഞ്ഞു വന്നത് പോയി. ഹണീടെ  ഒരു ഫോട്ടോ കൂട്ടത്തിലൊണ്ടാ രുന്നല്ലോ. ഹണിയല്യോടീ അത്?”

ആ... ഹണി തന്നെ. എന്റെ മൂത്ത ചേട്ടത്തീടെ മോടെ മിന്നുകെട്ടിന് പോവുമ്പം ഇട്ട ഗൌണാ അത്. ക്രീം കോട്ടണ്‍ സില്‍ക്കില്‍ പേളും റെഡ് സ്റ്റോണും പിടിപ്പിച്ച് കഴുത്തിലും കയ്യിലും നെറ്റ് വെച്ച് തുന്നിയതാ ആ ഗൌണ്‍. സ്മോക്കിങ് വര്‍ക്ക് ചെയ്തിട്ടൊണ്ട്, സാറ്റിന്‍ കൊണ്ടുള്ള റോസ് ഫ്ലവേഴ്സും. ഞാനൊറ്റയ്ക്ക് ഡിസൈന്‍ ചെയ്തതാ അത്.

എന്നിട്ടാണോടീ ഒന്നും അറികേലെന്നു പറഞ്ഞത്. ഇപ്പഴത്തെ പെണ്ണുങ്ങളൊന്നും അങ്ങനെ കൊച്ചമ്മമാരായി ഇരിയ്ക്കത്തില്ല. അതാ കൊറച്ചില് . എന്റെ എളേ മോന്റെ കെട്ട്യോള് ഒരു ബിസിനസ് തൊടങ്ങീട്ടൊണ്ട്. ഒരു ബ്യൂട്ടി പാര്‍ലറ്. നല്ല സ്റ്റൈലന്‍ ആഭരണങ്ങളും ചെരുപ്പും പിന്നെ ചുരിദാറിന്റെ തുണിയൊക്കെ എവിടുന്നൊക്കെയോ കൊണ്ടുവന്നു ഡിസൈന്‍ ചെയ്ത് തുന്നിക്കൊടുക്കുന്ന ഒരു പരിപാടിയൊണ്ടല്ലോ... എന്തുവാ...ങാ...ബൊട്ടീക്ക്‌. പിന്നെ മാലേം വളേം ഒണ്ടാക്കലോ എന്നതൊക്കെയോ കരകൌശലവേലകള് എല്ലാമൊണ്ട്‌. നീയും അതുപോലൊന്ന് തൊടങ്ങ്. കൊറേ പേര്‍ക്ക് ജോലീം കൊടുക്കാം. നെനക്ക് നേരം പോകാനൊരു മാര്‍ഗ്ഗോമായി.

ഓ! എനി അതൊക്കെ നടക്കുമോ...ഹരി സമ്മതിയ്ക്കുമെന്ന് തോന്നുന്നില്ല കെട്ടോ .

നീയൊന്നു ചോദിച്ചു നോക്ക് .എന്നതാന്നേലും നീ തിരിച്ചൊരു സമ്മാനം കൊടുത്തേയ്ക്ക് . എന്നാ നെന്റെ പുള്ളിക്കാരന്റെ പൊറന്നാള്?”

ഓ! അടുത്താഴ്ച വരുന്നൊണ്ട്. അവര്‍ക്ക് നമ്മടെ കൂട്ട്   ജനിച്ച ദെവസമല്ലല്ലോ. നക്ഷത്രമാ. അഷ്ടമി രോഹിണിയാ. ശ്രീകൃഷ്ണന്‍ ജനിച്ച ദെവസമാണ് പോലും. അങ്ങനെ ആഘോഷി യ്ക്കാറൊന്നുമില്ലെന്നേ.

എന്നാ ഇത്തവണ ഗംഭീരമായങ്ങ് ആഘോഷിച്ചേര് . നീ എല്ലാ വെഭവങ്ങളും പാലട പ്രഥമനുമെല്ലാമായി ഒരു സദ്യയങ്ങൊരുക്ക്. എന്നിട്ട് ഒരു  ക്രീം കളര്‍  ഷര്‍ട്ടോ ജുബ്ബായോ വാങ്ങ്. അതേല് കൃഷ്ണനും ഓടക്കൊഴലും  മയില്പ്പീലിയുമെല്ലാമൊളള ഒരു മ്യൂറല്‍ പെയ്ന്റിങ്ങങ്ങോട്ടു വരച്ചേയ്ക്ക്. ഒരു കസവ് മുണ്ടും. നോക്കിക്കോ, ഇതേല് നെന്റെ കെട്ട്യോന്‍ മൂക്കും കുത്തി വീഴും.

ശരിയാ, എനിയ്ക്കും അങ്ങനെ തോന്നുന്നു.

എന്നാ നീയങ്ങൊരുങ്ങിത്തൊടങ്ങിക്കോ. പിന്നെക്കാണാം.” 
                                                           
                                                 
                                                                6


എന്തോ ചെയ്യണമെന്നു കരുതി തിരക്കിനിടയില്‍ ചെയ്യാന്‍ സമയമില്ലാതെ മാറ്റിവെച്ചത് ചെയ്യാനുള്ള വെമ്പലോടെയാണ് പതിവില്‍ നിന്ന് വ്യത്യസ്തമായി  ഹരികൃഷ്ണന്‍ അന്ന് വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഫെയ്സ് ബുക്കിലേയ്ക്ക് ഓടിച്ചെന്നത്. 

ലക്ഷ്മീ...

ഇതെന്താ ഹര്യേട്ടാ ! സാധാരണ ഞാനെപ്പോ നോക്കുമ്പഴും ഹര്യേട്ടനെ കാണാറേ ഇല്യലോ.ആദ്യായിട്ടാണലോ ഇങ്ങ്ട്  വിളിയ്ക്കണത്. എന്തോ വല്യ സന്തോഷംണ്ട് 
ല്ലേ .

പിന്നേ...അത് കുട്ട്യോടല്ലേ ആദ്യം പറേണ്ട്. എന്നോട് പറഞ്ഞതൊക്കെ ഞാന്‍ കൃത്യായി അനുസരിച്ചൂട്ട്വൊ .സാരി, ഔട്ടിംഗ്, സിനിമ, ഹോട്ടല്‍...എല്ലാം. പോരാത്തേന് ഒരു ഡയമണ്ട് റിങ്ങും.

ങാ! അപ്പൊ പറഞ്ഞേലപ്പറം ചെയ്തൂന്നര്‍ത്ഥം. അത് നന്നായി. മോളിച്ചേച്ചിയ്ക്ക് സന്തോഷായോ ?”

ങും. തിരിച്ചു വരുമ്പോ ഡ്രൈവിങ്ങിന്റെടേല് ഞാന്‍ പതുക്ക്യൊന്ന് അവളെ നോക്കി. അവള് തനിയേയിരുന്നു ചിരിയ്ക്ക്യേം കണ്ണ് തൊടയ്ക്ക്യേം ഒക്കെ ചെയ്യണ്ണ്ടായിരുന്നു.”  

പാവം! ത്രേ ള്ളൂ ഹര്യേട്ടന്റെ മോളിച്ചേച്ചി ! അമ്മൂനെ കൂടെ കൊണ്ട്വോയിരുന്ന്വോ?”

ഇല്യ. മോളി വിളിച്ചു. അവള് വരണില്യ, കൊറേ പഠിയ്ക്കാന്‍ണ്ട് ന്ന് പറഞ്ഞു.

സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാകണ്ടാന്നു വിചാരിച്ച്ട്ട് ണ്ടാവും ല്ലേ ?”

ഹോ! മനഃശാസ്ത്രജ്ഞ ആള് തരക്കേടില്യലോ?”

ഇപ്പൊ  ഹര്യേട്ടന് എന്ത് തോന്ന്ണൂ?”

ഞാനെന്താ പറയാ... നിയ്ക്ക് പഴേ കാലൊക്കെ ഓര്‍മ്മ വന്നു.

പഴേ കാലോ ?അതെന്താ?

ഓ! അതൊക്കെ പഴങ്കഥകളല്ലേ ?”

പഴയതൊക്കെ പൊടി തട്ടിയെടുത്ത് ഒരു ഫ്യൂഷനാക്കി  ഒരു ഡിഫറന്റ് അപ്പിയറന്‍സ് 
ഉണ്ടാക്കുക എന്നതല്ലേ ഇന്നത്തെ പുതുമയുടെ സമവാക്യം. കേരളത്തിലെ ടെക്സ്റ്റൈല്‍ രാജാവ് മി. ഹരികൃഷ്ണന്‍ പറയൂ.

 “ടെക്സ്റ്റൈല്‍ രാജാവോ ! എവിടന്ന് കിട്ടീ ഇങ്ങന്യൊരു വിവരം ?

അയ്യോ! ഞാന്‍ അങ്ങയുടെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ വന്ന ചാരവനിതയൊന്നു മല്ലേ . ടി.വീല് കണ്ടതാ. ന്യൂ വിഷന്‍ ചാനലില് ഒരു പ്രോഗ്രാമില്ല്യെ ,വല്യ ബിസിനസ്സു കാര്വായിട്ട്ളള ഇന്റെര്‍വ്യൂ ഒക്കെളള പ്രോഗ്രാം... ങാ...ബിസി @ ഹൈറ്റ്സ്  . ആ അവതാരകന്റെ കഴമ്പില്ലാത്ത ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടികളല്ലേ ഹര്യേട്ടന്‍ കൊടുത്തീര്ന്നത്. ഗംഭീരായിരുന്നു. പക്ഷേ ഹര്യേട്ടാ ,എന്തൊക്കെ ബഡായികള് ഓരോരുത്തര് അടിച്ചു വിടുന്നു ? മോളിയാണ് എന്റെ എല്ലാ സംരംഭങ്ങളുടേയും വിജയങ്ങളുടേയും മോട്ടിവേഷന്‍ എന്നൊന്ന് എവിടേങ്കിലും പറയായിരുന്നില്യേ ?”

ആവായിരുന്ന്വല്ലേ. അപ്പൊ അതൊന്നും ഓര്‍ത്തേല്യ. ബിസിനസ്സിന്റെ കാര്യത്തിലി യ്ക്കങ്ങ്ട് കടന്നാ പിന്ന്യൊക്കെ മറക്കും. ഒന്ന് കാലിടറ്യാ കഴിഞ്ഞില്യേ ഒക്കെ. എപ്പഴും ടെന്ഷനാ.

ഏയ്‌...അതൊന്നൂണ്ടാവില്യ. അമ്മു ഇപ്പൊ എത്തില്യേ അച്ഛനെ സഹായിയ്ക്കാന്‍?”

അതാണ്‌ ആകെള്ള ഒരാശ്വാസം .അവള് മോള്യേപ്പോല്യല്ല. നല്ല കഴിവുള്ള കുട്ട്യാ. നല്ല പക്വതേം, ക്ഷമേം, വിവേകോം ഒക്കെണ്ട്.

ഹര്യേട്ടന്‍ ഇത്തിരി ആത്മപ്രശംസയ്ക്കൊരുങ്ങ്വാണോ ? അമ്മു ഹര്യേട്ടനെപ്പോല്യാ ണ്ന്നു പറയാനല്ലേ ഭാവം?”

അവള് എന്നെപ്പോലേം അല്ല. അവള് ലക്ഷ്മ്യേപ്പോല്യാ.

എന്നെപ്പോല്യോ!

അല്ല, എന്റെ ലക്ഷ്മി ആരാന്നു കുട്ടിയ്ക്കറിയ്വോ ?”

ഇല്യ, പറയൂ.

ലക്ഷ്മി എന്റെ അനിയത്ത്യാ, ഞങ്ങള് വല്യ കൂട്ടായിരുന്നു. എനിയ്ക്ക് അവളേക്കാള്‍ അവള്‍ക്ക് എന്ന്യായിരുന്നു ഇഷ്ടം. ഇപ്പൊ ഇല്യ .ഒരാക്സിഡന്റില്  അച്ഛനും അവളും ഒന്നിച്ചാ പോയത്. അമ്മു ജനിച്ചപ്പോ, പെണ്‍കുട്ട്യാന്നു കേട്ടപ്പോ അവള് തിരിച്ചു വന്ന പോല്യാ നിയ്ക്ക് തോന്നീത്.

അതോണ്ടാല്ലേ ഹര്യേട്ടന്‍ കുട്ടിയ്ക്ക് ലക്ഷ്മീന്ന് പേരിടാംന്ന്  വിചാരിച്ച്...അത് മോളിച്ചേച്ച്യോട് പറയായിരുന്നില്യേ ?”

ഞാനത് പറഞ്ഞാ അവള്‍ക്ക് വെഷമാവും, അവള് സമ്മതിയ്ക്കും. ആലോചിച്ചപ്പോ തോന്നി ഇതൊന്നും പറയാന്‍ പോണ്ടാന്ന്. അമ്മൂനോടു മാത്രം പറഞ്ഞിട്ടുണ്ട്. അമ്മൂന്നാ ഞാന്‍ ലക്ഷ്മ്യേ  വിളിച്ചിരുന്നത്. അതോണ്ടാ അഥീനേം അങ്ങനെ  വിളിയ്ക്കണ് . ഒരു വിളിപ്പേരായിട്ടെങ്കിലും എന്‍റനിയത്തിക്കുട്ടി എപ്പഴും ന്റെ കൂടെണ്ടാവൂലോ .

ഹര്യേട്ടനെല്ലാം അമ്മൂനോടാ പറയാ അല്ലേ ?”

ങും...കുട്ടിയ്ക്കറിയോ ...ഇരുപത്തിമൂന്ന് വയസ്സിലാ ഞാന്‍ അച്ഛനായത്. ആദ്യായിട്ട് അവളെ കയ്യിലെടുത്തപ്പോ ലോകം മുഴുവന്‍ കയ്യില്‍ കിട്ടിയ സന്തോഷാ തോന്നീത്. അവള് ജനിച്ചേപ്പിന്ന്യാ എന്റെ ബിസിനസ്സൊക്കെ നല്ല നെലേലായത്. ചെറ്യേ തോതില് തൊടങ്ങീതായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടാ ഈ ഉയര്‍ച്ച്യൊക്കെണ്ടായത്. ഞാന്‍ തന്നെ പ്രതീക്ഷിച്ചിട്ട്ല്യ.

അല്ലച്ഛാ ,കഠിനാദ്ധ്വാനം കൊണ്ട് എന്ന് പറയൂ.

“എന്താ കുട്ടി വിളിച്ച് ...!

അയ്യോ! സോറി ഹര്യേട്ടാ, ഹര്യേട്ടനിങ്ങന്യൊക്കെ പറഞ്ഞപ്പോ ഞാന്‍ പെട്ടെന്ന് എന്റെ അച്ഛനെ ഓര്‍ത്തു പോയി.

സാരല്യ.കുട്ടി ഇപ്പൊ നിയ്ക്ക് അമ്മൂനെപ്പോലെത്തന്ന്യാ. അവള്‍ടെ എക്സാം കഴിയട്ടെ. ഞാന്‍ പരിചയപ്പെടുത്താം. നിങ്ങള് വല്യ കൂട്ടുകാരാവും. ശരിയ്ക്കു നിങ്ങള് തമ്മിലാ സിമിലാരിറ്റീസ് ഉള്ളത്.

ങും...അതാ നമ്മുടെ പഴങ്കഥ മുറിഞ്ഞൂലോ. ബാക്കി പറയൂ.

കഥ കേക്കാന്‍ നല്ല രസാല്ലേ? എവിട്യാ പറഞ്ഞു നിര്‍ത്തീത്‌...ഓ...ബിസിനസ്സ് അല്ലേ... ശര്യാണ്, ഒരുപാട് അദ്ധ്വാനിച്ചിട്ടുണ്ട്. അല്ലാതെ നിവൃത്തിണ്ടായിരുന്നില്യ. ഒരു രാജകുമാര്യേ പ്പോലെ ജീവിച്ചിരുന്ന മോള്യേ വീട്ടിന്നെറക്കി കൊണ്ടുവന്നു കഷ്ടപ്പെടു ത്താമ്പറ്റ്വോ ? ആദ്യം ഒറ്റമുറിളള ഒരു വാടകവീട്ടിലായിരുന്നു താമസം. അന്നെന്റെ ജോലി എന്തായിരുന്നൂന്നറിയ്വോ? ടാക്സി ഡ്രൈവര്‍ ! മോളി അഡ്ജസ്റ്റ് ചെയ്യാന്‍ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഒരു പരാതീം പറയില്യ. ഞാന്‍ വരണതും കാത്ത് വാതില്ക്കലങ്ങനെ ഇരിയ്ക്കണുണ്ടാവും. രാത്രി ഭക്ഷണൊക്കെ കഴിഞ്ഞാ ,വീടിന്റെ  പിന്നിലൊരു പൊഴണ്ടായിരുന്നു. ഞങ്ങളാ പൊഴക്കരേ ക്കൂട്യങ്ങനെ വര്‍ത്താനോം പറഞ്ഞു നടക്കും.മോളിയ്ക്ക് ചിരിയ്ക്കാന്‍ കാര്യായിട്ടൊന്നും വേണ്ട, കരയാനും. ഒരു പാവം മണുക്കൂസ് .

ഓ! അപ്പൊ വളരെ റൊമാന്റിക്കായ ഒരു കാലംണ്ടായിരുന്നു നിങ്ങക്ക് ല്ലേ ?”

പിന്നെന്തേ വിചാരിച്ച്? കൂട്ടത്തില് ഞാന്‍ പഠിയ്ക്ക്യേം ചെയ്തു. കോളേജ് ലക്ച്ചററാവണം ന്നായിരുന്നു മോഹം . മോഹിയ്ക്കണതൊക്കെ നടക്കണം ന്നില്യലോ . എങ്ങനേങ്കിലും നല്ല നെലേലെത്തണംന്നൊറപ്പിച്ചിരുന്നു. എനിയ്ക്ക് പേട്യായിരുന്നു അവള്‍ടെ അപ്പനേം ഇച്ചായമ്മാരേം . അവളെത്ര സൌകര്യത്തില് വളര്‍ന്നതാ .

ഇന്നിപ്പോ അതിലും കൂടുതല്‍ സുഖസൌകര്യങ്ങള്‍  മോളിച്ചേച്ചിയ്ക്ക് കിട്ടീല്യേ ?”

അതാണൊരാശ്വാസം . ബിസിനസ്സൊക്കെ നന്നായപ്പോ അവള്‍ടപ്പന്‍ ഇങ്ങോട്ടന്വേഷിച്ചു വന്നു. ഞങ്ങളെ വീട്ടിലിയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ഇപ്പൊ ഒരു പ്രശ്നോംല്യ. വീട്ട്ന്ന് പോന്നിട്ട് അവള്‍ക്കു വല്യ സങ്കടായിരുന്നു. പറയുമ്പഴയ്ക്കും കരയാന്‍ തൊടങ്ങും. ഇപ്പൊ അവള്‍ക്ക് സങ്കടോല്യ , നിയ്ക്ക് കുറ്റബോധോല്യ.

പക്ഷേ ആ റൊമാന്റിക്കായ കാലം നിങ്ങക്ക് നഷ്ടായി ല്ലേ . അതുംകൂടി നിലനിര്‍ത്തേണ്ട തായിരുന്നില്ലേ ഹര്യേട്ടാ?എന്നാ മോളിച്ചേച്ചി ഇങ്ങനെ പരാതിക്കാര്യാവ്വായിരുന്നില്യലോ? ഹര്യേട്ടനെന്താ മോളിച്ചേച്ച്യേ ജോലിയ്ക്ക് വിടാതിരുന്ന്

ജോലിയ്ക്കൊക്കെ പോയാ സുപ്പീരിയേഴ്സിന്റെ വഴക്കും ശാസനയുമൊക്കെ കേട്ട് നില്‍ക്കേണ്ടി വരും. അവളാണെങ്കില്‍ വളരെ സെന്‍സിറ്റീവാ. എന്റെ കൂടെ വരാന്‍ ഞാന്‍ പറഞ്ഞതാ. ലേഡീസ് & കിഡ്സ്‌ വിങ് അവളെ എല്പിയ്ക്കാംന്നു കരുതി. പക്ഷേ അവള്‍ക്കൊരു താല്പര്യോം ല്യ. നന്നായി വരയ്ക്കും. ഡ്രസ്സ്‌ ഡിസൈനിങ്ങും നന്നായി അറിയാം. പറഞ്ഞിട്ട് കാര്യംല്യലോ ?”

ഹര്യേട്ടന്‍ മോളിച്ചേച്ചിയ്ക്ക് ഒരു  ബൊട്ടീക്ക്‌ തുടങ്ങിക്കൊടുക്കൂ . ഒരു ബ്യൂട്ടി പാര്‍ലറും. തെരക്ക് കൂടുമ്പോ മോളിച്ചേച്ചിയ്ക്ക് മടുപ്പൂണ്ടാവില്യ, പരാതീംണ്ടാവില്യ.

അവള് തയ്യാറാച്ചാ നിയ്ക്കെപ്പഴേ സമ്മതാ. ചോദിച്ചു നോക്കാം.

എനിയ്ക്ക്  ഹര്യേട്ടന്റെ ഷോപ്പിന്റെ പേര് വളരെ ഇഷ്ടപ്പെട്ടു. 'ഡ്രീം മേയ്ക്കേഴ്സ് ' . 
കേട്ടാല്‍ എന്താണ് പ്രൊഡക്റ്റ് എന്ന് മനസ്സിലാവില്യ.

ഡ്രസ്സിന്റെ കൂടെ ഓര്‍ണമെന്‍സിന്റെ കൂടെ ഒരു ഷോറൂം തുടങ്ങണമെന്നുണ്ട്. ബാംഗ്ലൂരും, ചെന്നൈയിലും, ഗള്‍ഫിലും പുതിയ ടെക്സ്റ്റൈല്‍ ഷോറൂംസും.

ഇതൊക്കെ എപ്പഴാ?”

ഇപ്പൊ ല്യ. അമ്മൂന്റെ പഠിത്തം കഴിഞ്ഞാ ഉടന്‍...

അപ്പഴേ ഹര്യേട്ടാ ,അമ്മു നിങ്ങളെപ്പോലെ ചെയ്താലോ ? ആര്ടേങ്കിലും കൂടെ എറങ്ങി  പ്പോയാലോ?”

അവളെന്തിനാ എറങ്ങിപ്പോണ് ? അവള്‍ക്കാര്യാ ഇഷ്ടംച്ചാ ഞാനാ കല്യാണം അങ്ങ്ട് നടത്തിക്കൊടുക്കും.

മതസൌഹാര്‍ദ്ദം ഒന്ന് കൂടി മുറുകട്ടേച്ചിട്ട് ഒരു മാപ്ലച്ചെക്കനെ ആണെങ്കിലോ ?”

ജാത്യോ മതോ ഒക്കെ എന്തായാലും ഒരു വിരോധോം ല്യ.നല്ലവനായാ മതി.

നിങ്ങടെ ഈ പരസ്പരം നോക്കാതെം മിണ്ടാതേം ളള ജീവിതം കണ്ടിട്ടല്ലേ അവള് വളരണത്... അവള് ലവ് മാര്യേജ് പോയിട്ട് അറെയ്ഞ്ച്ഡ് മാര്യേജിനു പോലും തയ്യാറാവുംന്നു നിയ്ക്ക് തോന്ന്ണില്യ.

അതിന് അവള്‍ക്കിപ്പെന്താ കൊഴപ്പം? അവള്‍ക്കെന്തു വേണെങ്കിലും ഞങ്ങള്‍ കൊടുക്കണ്ണ്ടലോ. ഞങ്ങക്ക് അവളെ കഴിഞ്ഞേ എന്തൂള്ളൂ .

അതൊന്നും പറഞ്ഞിട്ട് കാര്യല്ല്യ. മക്കള്‍ക്ക് വേണ്ടത് അച്ഛന്റേം അമ്മടേം  സ്നേഹം വേവ്വെറെയല്ല.  പരസ്പരം സ്നേഹിയ്ക്കണ അച്ഛനമ്മമാര്‍ ഒരുമിച്ചു കൊടുക്കുന്ന സ്നേഹം മാത്രേ അവരെ സന്തോഷിപ്പിയ്ക്കൂ. പെണ്‍കുട്ട്യോള്‍ക്ക് പ്രത്യേകിച്ചും.

അവള്‍ക്കങ്ങന്യൊരു വെഷമം ളളതായി പറഞ്ഞിട്ടില്യ. നിയ്ക്ക് തോന്നീട്ടൂല്യ.

ആ നെലയ്ക്ക് സംസാരിച്ചിട്ട്ണ്ടോ?”

ഇല്യ. ഞാന്‍ വീട്ടിലെത്തുമ്പഴയ്ക്കും ഒരു സമയായിട്ട്ണ്ടാവും.അവള്‍ക്കാണെങ്കില് ധാരാളം പഠിയ്ക്കാന്‍ണ്ട്. എനിയ്ക്കെന്തെങ്കിലും പറയാന്‍ണ്ടെങ്കില്‍ ഞാനവള്‍ടെ മൊബൈലി ലിയ്ക്ക് ഒരു റിങ് കൊടുക്കും. അവള്‍ക്ക് പ്രത്യേകിച്ച് തെരക്കൊന്നൂല്യെങ്കില് വരും. അല്ലാതെ ഞാന്‍ ഉപദ്രവിയ്ക്കാന്‍ പൂവാറില്യ.

ഇതൊക്കെ ഒരുപദ്രവാണോ ഹര്യേട്ടാ , നിങ്ങടെ ദിവസങ്ങള്‍  വളരെ യാന്ത്രികാണ്. അതാണ്‌ ലൈഫ് ഇത്ര മൊണോറ്റൊണസ് ആയിപ്പോകുന്നത്. പല വര്‍ണ്ണങ്ങള്‍ ചേര്‍ച്ചയ്ക്കനുസരിച്ച് നെയ്തൊരുക്കി മറ്റുള്ളോരെ സന്തോഷിപ്പിയ്ക്കാനറിയുന്ന  ഹര്യേട്ടനെന്താ സ്വന്തം ജീവിതത്തിന്റെ കാര്യത്തില്‍ ഇങ്ങന്യായിപ്പോയത് ?”

പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടില്‍  പലതും അങ്ങന്യങ്ങ്ട് നഷ്ടായി. പലപ്പോഴും തോന്നാറുണ്ട് ലക്ഷ്മിണ്ടായിരുന്നെങ്കില് ഞാന്‍ ഇങ്ങനെ ഒറ്റയ്ക്കാവില്യായിരുന്നൂന്ന്. എല്ലാ കാര്യത്തിലും എനിയ്ക്ക് അഭിപ്രായം ചോയ്ക്കാനും എല്ലാം പറയാനും ഒരു കൂട്ടുണ്ടായേനെ.

അതിനു  ഹര്യേട്ടനങ്ങനെ ഒറ്റയ്ക്കൊന്ന്വല്ലലോ? നല്ലൊരു ഭാര്യേം മകളൂളളപ്പോ അങ്ങനെ വിചാരിയ്ക്കണതന്നെ തെറ്റാ. ഹര്യേട്ടന്‍ ഈ ഗൌരവോക്കെ മാറ്റി മനസ്സില്ളള സ്നേഹോക്കെ ഒന്ന്‍ പൊറത്തേയ്ക്കെടുക്കൂ .അപ്പൊക്കാണാം. ഔട്ടിങ്ങിനു പോയപ്പോ അമ്മൂനെ കൊണ്ട്വോവാത്തേന്റെ വെഷമം തീര്‍ക്കാം ,അവള്‍ടെ എക്സാം കഴിഞ്ഞിട്ട് ഒരു സിംഗപ്പൂര്‍ ട്രിപ്പ്‌ പ്ലാന്‍ ചെയ്യൂ.

ഈ ബിസിനസ്സും കാര്യങ്ങള്വൊക്കെ വിട്ടിട്ടെങ്ങന്യാ?”

ഒരാഴ്ച്യോണ്ട് ബിസിനസ്സ് പൊളിഞ്ഞു പാളീസാവൊന്നൂല്യ .

ഒന്ന് നോക്കാം ല്ലേ. പിന്നേയ് ലക്ഷ്മിയ്ക്ക് ഒരു രസം കേക്കണോ .ഞാന്‍ കുട്ട്യേപ്പറ്റി ചിന്തിയ്ക്കുമ്പഴൊക്കെ അതോര്‍ക്കാറ് ണ്ട്. അമ്മു പണ്ട് എന്നേം മോള്യേം ഹര്യേട്ടന്‍ന്നും മോളിച്ചേച്ചീ  ന്ന്വാ  വിളിച്ചീര്ന്ന് . അന്ന് ഞാന്‍ ബിസിനസ്സ് തൊടങ്ങ്യേ കാലത്ത്  ന്റെ അസിസ്റ്റന്റായി ഒരു പയ്യന്‍ണ്ടായിരുന്നു. അവന്‍ വിളിയ്ക്കണത് കേട്ടിട്ട് അവളും അങ്ങനെ ത്തന്നെ വിളിച്ചു. കൊറേ വലുതായിട്ടാ അവളാ വിളി മാറ്റീത് .

അത് കൊള്ളാലോ. നല്ല തമാശ.

അമ്മൂന്റെ എന്തൊക്ക്യോ പ്രത്യേകതകള്‍ കുട്ടിയ്ക്ക് ളളതായി തോന്നുണു. എനിയ്ക്ക് കുട്ടിടെ അഡ്രസ്‌ തരൂ .

അതെന്തിനാ?”

വീട്ടുകാരെ ഒന്ന് പരിചയപ്പെടട്ടെ. ആരാ ഇത്ര ഭാഗ്യം ചെയ്ത അച്ഛനമ്മമാരെന്ന് ഒന്നറിയണലോ? പിന്നെ കുട്ടിയ്ക്ക് ഒരു സമ്മാനം തരണം ന്ന് ഞാന്‍ കൊറച്ചു ദിവസായി കരുതുന്നു.

 “എന്ത് സമ്മാനം?”

എന്താ ഇഷ്ടം ? കല്യാണത്തിനു വെഡ്ഡിങ് സാരി ഒറപ്പ്. ഇപ്പൊ എന്തു വേണെങ്കിലും പറഞ്ഞോളൂ.

ഹര്യേട്ടാ നിയ്ക്ക് അര്‍ജന്‍റായി ഒരു കോള്‍ വരണ്ണ്ട് .നമുക്കിനി പിന്നെ കാണാം ട്ടോ.

പറയാനിനിയും എന്തൊക്കെയോ ബാക്കി വെച്ചെന്ന അസ്വസ്ഥതയോടെ ഇരുന്ന ഹരികൃഷ്ണന്‍ വീടെത്തിയതറിഞ്ഞില്ല.വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്ന മോളിയെ കണ്ടപ്പോള്‍ അയാള്‍ ആ അസ്വസ്ഥതയും മറന്നു.രാത്രി അച്ഛനോടെന്തോ പറയാന്‍ ചെന്ന അഥീന ബാല്‍ക്കണിയില്‍ അച്ഛനും മമ്മിയും സംസാരിച്ചു കൊണ്ട് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു ചെറിയ ചിരിയോടെ തന്റെ മുറിയിലേയ്ക്ക് തന്നെ ശബ്ദമുണ്ടാക്കാതെ കയറിപ്പോയി.
                                                             
                                                 
                                                            7


അന്നമ്മച്ചീ ,ഇവടെ ഇന്നലെ എന്തെല്ലാമാ ഒണ്ടായേന്നറിയാമോ?”

നീ പറ, മോളിക്കുഞ്ഞേ.

ഇന്നലെ ഹരീടെ പൊറന്നാളായിരുന്നു. ഞാന്‍ അന്നമ്മച്ചി പറഞ്ഞപോലെ മുണ്ടും ഷര്‍ട്ടും വാങ്ങിച്ചോണ്ട് വന്നു. പടോം വരച്ചു. സര്‍പ്രൈസ് ഗിഫ്റ്റായിട്ടാ കൊടുത്തേ. ഹരിയ്ക്കെന്നാ സന്തോഷമായെന്നോ ? കണ്ണ് നിറഞ്ഞു പോയെന്നേ. അത് കണ്ടപ്പം ഞാങ്കരഞ്ഞു. അപ്പൊ ഹരി പറയുവാ പോടീ , മണുക്കൂസേന്ന്. പിന്നേയ്... അന്നമ്മച്ചീ... ഹരി വേറൊരു കാര്യം കൂടെ പറഞ്ഞാരുന്നു.

എന്നതാടീ പറയാന്‍ നെനക്കൊരു മടി പോലെ . ഒന്നൂടെ കല്യാണം കഴിച്ചേയ്ക്കാമെ ന്നാണോ?”

ഒന്നു പോ അമ്മച്ചീ, അതൊന്നുമല്ല ...ഹരി പറയുവാ... മോടെ  എക്സാം കഴിഞ്ഞാ എല്ലാര്‍ക്കും കൂടെ സിംഗപ്പൂര്‍ക്ക് പോകാമെന്ന് . ഇതെന്നാ അമ്മച്ചീ എനിയ്ക്ക് വിശ്വസിയ്ക്കാമ്മേലാ. കര്‍ത്താവായിട്ടാ അന്നമ്മച്ചിയെ എന്റെ മുന്നേക്കൊണ്ടു തന്നത്.

നെനക്ക് സന്തോഷമായില്യോടീ കൊച്ചേ? അതുമതി.

അന്നമ്മച്ചിയ്ക്കറിയാവോ ഹരി എന്ത് സ്നേഹമായിട്ടാ എന്നോടു പണ്ട് പെരുമാറിയിരു ന്നേന്ന് .ഞാന്‍ ഹരീടെ കൂടെ എറങ്ങിപ്പോയിട്ട് ഒരു കൊച്ചു വാടകവീട്ടിലാ താമസിച്ചിരുന്നേ. ഡിഗ്രി കഴിഞ്ഞിട്ടേ ഒണ്ടാരുന്നൊള്ളൂ. ജോലിയൊന്നുമില്ല. ഹരി ടാക്സി ഓടിച്ചാ ഞങ്ങള് പട്ടിണിയില്ലാണ്ട് കഴിഞ്ഞു പോന്നത്. ക്ഷീണിച്ചു കേറി വരുമ്പം ഞാന്‍ കഞ്ഞി മാത്രമേ വെച്ചിട്ടൊണ്ടാകൂ.  കറി വെയ്ക്കാനറിഞ്ഞൂടാ. കോഴീം മീനുമൊന്നും ഹരി കഴിയ്ക്കേമില്ല. വാങ്ങിയ്ക്കാന്‍ പണോമില്ല. ഹരിയാ കറി വെച്ചിരുന്നേ. എന്നെ ഒരു കുറ്റം പോലും പറയത്തില്ല. ആ വീടിന്റെ പെറകില് ഒരു കൊച്ചാറുണ്ടാരുന്നേ. ഞങ്ങളാ ആറ്റുവക്കത്തൂടെ അങ്ങനെ ഓരോ വര്‍ത്താനോം പറഞ്ഞോണ്ട്  നടക്കും. ആ പങ്കപ്പാടിന്റെടേലും ആ പാവം കഷ്ടപ്പെട്ട് പഠിച്ച്  വല്യ പരീക്ഷയെല്ലാം പാസ്സായി.ബിസിനസ്സും തൊടങ്ങി. ഇപ്പം വല്യേ അവസ്ഥേലുമായി.പക്ഷേല് എനിയ്ക്ക് തോന്നുവാ ഈ ബിസിനസ്സാ ഞങ്ങളെ ഇങ്ങനെ അകറ്റിയേന്ന്.

ദൈവദോഷം പറേല്ലേ മോളിക്കുഞ്ഞേ അതോണ്ടല്ല്യോ നെനക്ക് നെന്റെ വീട്ടുകാരുടെ മുന്നേ തല പൊക്കി നില്‍ക്കാമ്പറ്റുന്നേ . ഹരി ഇപ്പോഴും ടാക്സി ഡ്രൈവറാണേല്‍ അവര് കണ്ട ഭാവം നടിയ്ക്കുവോ ?”

അത് ശരിയാ കെട്ടോ. ഞാനോര്‍ത്തത് ഞാനിറങ്ങിപ്പോയാ അവരെന്നെ തിരിച്ചു വിളിയ്ക്കു മെന്നാ . അങ്ങനെയാ ഞാനെന്റെ കുടുമ്മത്ത് ജീവിച്ചിരുന്നേ. പക്ഷേ അവരെന്ന തള്ളിപ്പ റഞ്ഞു. എനിയ്ക്കെന്നാ വെഷമമായിരുന്നെന്നോ. പക്ഷേ വല്ലാണ്ട് കഷ്ടപ്പെട്ടപ്പോഴും ഹരി എന്നെ തള്ളിപ്പറഞ്ഞിട്ടേയില്ല.

നീ ഹരീടെ വീട്ടുകാരെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ?”

പട്ടാമ്പിയാ സ്ഥലം. ഞങ്ങടെ കോളേജിന്‍റടുത്ത് ഒരു പ്രസ്സൊണ്ടാരുന്നു. അവടെ നാട്ടുകാരനാരോ ഹരിയ്ക്ക് ഒരു ചെറിയ ജോലി ശരിയാക്കിക്കൊടുത്താരുന്നു. അതും ചെയ്തോണ്ടാ പുള്ളിക്കാരന്‍ പഠിച്ചിരുന്നേ. ഞങ്ങള് ഡിഗ്രിയ്ക്ക് പഠിച്ചോണ്ടിരിയ്ക്കുമ്പഴാ ഹരീടമ്മ മരിച്ചേ. വേറാരുമില്ല.

അങ്ങനെ ഇല്ലാണ്ടിരിയ്ക്കുമോ മോളിക്കുഞ്ഞേ, അച്ഛനോ കൂടപ്പെറപ്പുകളോ ബന്ധു ക്കളോ...?”  

എനിയ്ക്കറിയത്തില്ലമ്മച്ചീ ,ഞാനൊന്നും ചോദിച്ചില്ലാരുന്നു.

നല്ല ആളാ, നീയതൊന്നും ചിന്തിച്ചിട്ടേയില്ല അല്യോ ? ങാ...പോട്ടെ എനി അതെല്ലാം ചോദിച്ച് അവനെ വെഷമിപ്പിയ്ക്കണ്ട.

കഷ്ടമായിപ്പോയി. ഇല്യോ അമ്മച്ചീ?”   

എനി പോകട്ട്  . അല്ലാതെന്നാ ചെയ്യാനാ? എനീം നീ ഓരോ പരാതി പറഞ്ഞ് ഇപ്പോഴത്തെ മാറ്റമൊന്നും ഇല്ലാതാക്കിയേയ്ക്കല്ലേ മോളിക്കുഞ്ഞേ . ശ്രദ്ധിച്ചോണം.

അതിനെനിയ്ക്കിനി പരാതിയേ ഇല്ലല്ലോ അന്നമ്മച്ചീ .

ആന്നല്ലോ എനി മാറ്റി പറഞ്ഞേയ്ക്കല്ല് . എനിയ്ക്ക്  നെന്റെ ഹണിയെക്കുറിച്ചോര്‍ത്താ വെഷമം തോന്നുന്നേ.

ഉം...? അതെന്നാത്തിനാ?”

നിങ്ങളിങ്ങനെ രണ്ടു വഴിയ്ക്ക് ജീവിയ്ക്കുന്ന കണ്ടിട്ട് ആ പാവത്തിന്  സങ്കടം തോന്നുകേ ലേ ? അപ്പനമ്മമാര്  വഴക്കിടുന്ന മന:പ്രയാസം കൊണ്ടാ പല പെങ്കൊച്ചുങ്ങളും വഴി തെറ്റിപ്പോകുന്നേ.

എന്റെ കൊച്ച് അങ്ങനെ വഴിതെറ്റി പോകത്തൊന്നുവില്ല. ഞാന്‍ നല്ല ചൊല്ലുവിളിയ്ക്കാ അവളെ വളര്‍ത്തിയിരിയ്ക്കുന്നേ. അവളേയ് എന്റെ മോളാ.”  

ഓ! അപ്പം അവളാരുടേലും കൂടെയങ്ങ്  എറങ്ങിപ്പോയ്ക്കോളും.

ഹരീടെ കൂട്ട് ആരേലും ആണേല് എറങ്ങിപ്പോയാലും കൊഴപ്പമില്ലെന്നേ... അവളങ്ങനൊന്നും ചെയ്യത്തില്ലമ്മച്ചീ. അവക്കെപ്പോഴും പഠിത്തവാ .ഹരിയാ അവടെ പഠിത്തക്കാര്യങ്ങളൊക്കെ നോക്കുന്നെ ,ഞാനതിലൊന്നും എടപെടാനേ പോകത്തില്ല. ആവശ്യമൊളളപ്പം ഞാനവടെ മൊബൈലിലോട്ട്  ഒരു റിങ് കൊടുക്കും. അപ്പം അവളിങ്ങോട്ടു വരും. ഭക്ഷണോം കൂടെ കത്രീനച്ചേടത്തി അങ്ങോട്ട്‌ കൊണ്ടു ചെല്ലുകാ പതിവ്.”  

അതത്ര നല്ല പതിവല്ലല്ലോ മോളിക്കുഞ്ഞേ . ഒരു നേരമെങ്കിലും ഒന്നിച്ചിരുന്നു വേണം ഭക്ഷണം കഴിയ്ക്കാന്‍. വീട്ടിലെ കാര്യങ്ങള്  നീയും, ഓഫീസ് കാര്യങ്ങള് ഹരിയും, കോളേജു വിശേഷങ്ങള് മോളും പറഞ്ഞ് ചിരിച്ചോണ്ടിരുന്നു  കഴിയ്ക്കണം. ഇന്ന് തൊട്ടങ്ങനെയേ ആകാവൂ കെട്ടോ . ഓ! ഇക്കണക്കിനു നാളെ നെന്റെ മോള് കെട്ട് കഴിഞ്ഞു കേട്ട്യോനോ ടെങ്ങാനും വഴക്കിട്ടോണ്ട് വന്നാ നീയെന്നാ പറഞ്ഞുപദേശിയ്ക്കും അവളെ? നീയും കെട്ട്യോനും ഒരുമിപ്പാണേലല്യോടീ അവക്ക് വല്ലതും പറഞ്ഞുകൊടുക്കാനൊക്കൂ?”

ഓ! അതിനു ഞാനും ഹരീം തമ്മില് അത്രയ്ക്ക് പ്രശ്നമോന്നുമില്ലെന്നേ.ഒള്ളത് തന്നെ അന്നമ്മച്ചി ശരിയാക്കി തന്നില്യോ . എനി അങ്ങനൊന്നുമൊണ്ടാകത്തില്ല.

ഒറപ്പാണേ .എന്നാ ചെന്ന്  രാത്രീലേയ്ക്കൊളള ഭക്ഷണം റെഡിയാക്കി ഹരിയേം മോളേം വിളിച്ച് ഒന്നിച്ചിരുന്നു കഴിയ്ക്ക്.

ഒ.കെ. അന്നമ്മച്ചീ ഗുഡ് നൈറ്റ് .

മോളി തിരക്കിട്ട് രാത്രി ഭക്ഷണമൊരുക്കുന്നത് കണ്ടപ്പോള്‍ ഹരികൃഷ്ണനും കൂടെക്കൂടി. ഇതെ ന്തൊരു മറിമായാണെന്റെ ഗുരുവായൂരപ്പാഎന്ന് കാര്‍ത്തുവമ്മ അന്തം വിട്ടു നില്‍ക്കുമ്പോള്‍  ‘കര്‍ത്താവേ എന്റെ കഞ്ഞികുടി മുട്ടുവോഎന്നായിരുന്നു  കത്രീനച്ചേടത്തിയുടെ വേവലാതി. ഹണിക്കുഞ്ഞിനു കൊടുക്കണ്ടായോഎന്ന് ചോദിച്ച് കത്രീനച്ചേടത്തി പ്ലേറ്റ് എടുക്കാനൊ രുങ്ങിയപ്പോള്‍  ‘വേണ്ട ചേടത്തി അവളിവിടിരുന്നു കഴിയ്ക്കട്ടെ ,  ഇങ്ങോട്ട് വിളിയ്ക്കാം’  എന്ന് മോളി പറഞ്ഞു.
                                                          
                                                  8


കണ്ണനു നേദിയ്ക്കാന്‍ കദളിപ്പഴംഎന്ന് മൊബൈല്‍ പാടിയപ്പോള്‍ അഥീന ചിരിച്ചു. ഹര്യേട്ടന്റെ വിളി വന്നു, വരട്ടെ ,മോളിച്ചേച്ചിയുടെ കൂടി വരട്ടെ എന്ന് വിചാരിച്ചപ്പോഴേയ്ക്കും ദൈവസ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാഎന്ന്  മൊബൈല്‍  വീണ്ടും പാടി.

അത്ര പെട്ടെന്ന് ചെന്നാല്‍ പറ്റില്ല , കുറച്ചു കൂടി പണിയുണ്ട് എന്ന് സ്വയം പറഞ്ഞുകൊണ്ട് അവള്‍ ഫെയ്സ് ബുക്കെടുത്ത്‌ അന്ന സൂസന്‍ തോമസിന്റേയും ലക്ഷ്മീ വാര്യരുടേയും അക്കൌണ്ടുകള്‍  ഡിലീറ്റ്  ചെയ്തു. നാട്ടില്‍ പോയപ്പോള്‍ ആരും കാണാതെ ആല്‍ബത്തില്‍ നിന്നെടുത്ത വല്യമ്മച്ചീടെ ഫോട്ടോ എത്ര കഷ്ടപ്പെട്ടാ സ്കാന്‍ ചെയ്ത് എഡിറ്റ്‌ ചെയ്ത് പ്ലാവും തറയുമൊക്കെ മാറ്റി പകരം താജ് മഹല്‍  പശ്ചാത്തലമാക്കി ഒരു ബ്ലൂ ടിന്റ് കൊടുത്ത് ഒരു ഫോട്ടോ ഉണ്ടാക്കിയതെന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് ആ ഫോട്ടോ കളയാനിത്തിരി സങ്കടം തോന്നി.

പാവം മോളിക്കുഞ്ഞിനെ പറ്റിയ്ക്കാനെളുപ്പമാ, ഹരികൃഷ്ണന്‍റടുത്ത് കള്ളി പൊളിയാതിരുന്നത് ഭാഗ്യം എന്നോര്‍ത്തു കൊണ്ട് അവള്‍ ചുമരില്‍ വെച്ചിട്ടുള്ള കൃഷ്ണന്റേയും കര്‍ത്താവിന്റേയും ചിത്രങ്ങള്‍ക്ക് നേരെ നോക്കി.  ‘കൃഷ്ണാ ,നിവൃത്തില്യാഞ്ഞിട്ടാ ട്ടോ, ന്നെ ക്കൊണ്ട് ഇനി കള്ളത്തരം ചെയ്യിയ്ക്കല്ലേഎന്നും  ‘കര്‍ത്താവേ, ഞാന്‍ ചെയ്തത് പാപമാ ണേല്‍ പൊറുത്തേയ്ക്കണേ , എനി ഇങ്ങനെയൊന്നും  ചെയ്യാണ്ടെന്നെ കാത്തോണേ’  എന്നും മാറിമാറി പ്രാര്‍ത്ഥിച്ചു കൊണ്ട് കണ്ണിലിത്തിരി നനവോടെ, ചുണ്ടിലൊരു ചെറു ചിരിയോടെ അവള്‍ സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്തു. യുദ്ധത്തിന്റെ ദേവത തന്നെയല്ലേ  സമാധാനത്തിന്റേയും   ദേവതയാകേണ്ടത്?


--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...