പീതൻ കെ വയനാട്
------------------------------ ----
ഇല്ല,അറിഞ്ഞിരുന്നില്ല വിശപ്പന്നു,
മൂല ഫലാദികളുണ്ടു വളർന്നെങ്ങ-
ലാശിച്ചതൊക്കെയടർത്തിയും മാന്തിയും,
തൂശനിലയിൽ വിളമ്പിയിരുന്നമ്മ.
പിന്നെ വനങ്ങളിൽ പേടിയില്ലാതെങ്ങ-
ളന്നന്നു തേടിയന്നന്നത്തെയന്നങ്ങൾ.
കാടു കരുതിയ ഭക്ഷ്യങ്ങൾ തേടുവാ-
നൂടു വഴികളിലൂടെ നടന്നതി,
ഘോര വനങ്ങൾ തന്നോമനയായെങ്ങ-
ളൂരിന്റെ നേരിൽ നിറഞ്ഞു വളർന്നവർ.
കാടുകൾ മേടുകൾ കാട്ടു കടമ്പകൾ
കാട്ടറിനാഴങ്ങളൊക്കെയളന്നെങ്ങൾ.
കല്ലും കവണിയും കൊണ്ടെറ്റി പക്ഷികൾ
വില്ലും ശരവും കൊണ്ടെയ്തന്നു മീനുക-
ളുന്നം പഠിച്ചോരിടവഴിയേടുക-
ളെങ്ങൾ നിറഞ്ഞ വനമിപ്പൊളോർമ്മകൾ.
ചുള്ളിയൊടിക്കുവാനാവാത്ത കാടിൻറെ-
യെല്ലൊടിക്കുന്നവർക്കില്ല വിലക്കുക-
ളന്നുമിന്നും കൊടുങ്കാടുകൾ കത്തിച്ചു,
ജീവൻറെയാവാസമപ്പാടെയില്ലായ്മ
ചെയ്താലുമില്ല കുഴപ്പം,കുടികളിൽ
കുഞ്ഞു പരാധീനതകൾ വിശപ്പിൻറെ
വെല്ലു വിളിയിൽ മയങ്ങുന്നുണ്ട്,മൗനിക-
ളല്ലലിന്നാധിയിൽ വല്ലാതെ വെന്തവർ.
കണ്ണു തുറക്കുക തൈവങ്ങളെ നിങ്ങ-
ളെണ്ണുന്നതൊന്നുമറിയാത്തവരെങ്ങ-
ളെണ്ണി പിണങ്ങിയ വീതമീ ജീവിത-
മെണ്ണത്തിലില്ലാതെയാകുകയാണെങ് ങൾ.
ഇല്ല കയങ്ങൾ കടവുകൾ കാടിൻറെ,
ചില്ലയൊടിഞ്ഞൊഴുകീടുന്നു കണ്ണുനീർ.
ഇല്ല ഫലമൂലമിപ്പോൾ വിശപ്പിൻറെ,
വെല്ലുവിളി മാത്രമെങ്ങൾക്കു ജീവിതം.
തേൻ കൂടു തേടി നടന്ന വനാന്തരം
മാൻപേട തുള്ളി മദിച്ചോരിടനിലം,
മാടനുറഞ്ഞു നിറഞ്ഞ വെളിയിടം
മാടി വിളിക്കുന്നുണ്ടെങ്ങളെയിപ്പൊഴും .
പാടി നടക്കുവാനല്ല പടനിലം,
കാടു കാക്കുന്നവരാക്കുകയെങ്ങളെ....?
കൂടണയാനുണ്ടു മോഹം കിളികൾ പോൽ,
വേടരിരുണ്ടവരെങ്കിലുമെങ്ങൾക്കും .
മൂർച്ച മടങ്ങിയ കത്തികൾ വന്മര-
മീർച്ച മില്ലെത്തിക്കുവാനല്ല ജീവൻറെ,
വേർപ്പിറ്റിച്ചിന്നത്തെയന്നം തെരഞ്ഞന്തി-
നേർച്ച,വിശപ്പൊടുക്കീടാനറിയുക.
വെള്ളാനകൾ മേഞ്ഞു തീരും വയലുകൾ
വെള്ളില പൂത്തു നിറയുന്ന താഴവര,
വെള്ളത്തിലാകും പുതുവഴി നാടുക-
ളെല്ലാം ചതിച്ചു വിശപ്പുണ്ടുറങ്ങിടാം...!!!
------------------------------ ------------------------------ ------
എങ്ങൾ-ഞങ്ങൾ