എം.തോമസ്മാത്യു
ധർമ്മം ക്ഷയിക്കുമ്പോൾ ഈതിബാധകൾ ഉണ്ടാകും എന്നാണ് പഴയ സങ്കൽപം. അതിവൃഷ്ടി, അനാവൃഷ്ടി, അനപധ്യത, മഹാമാരി എന്നിങ്ങനെ പലതും. ആചരിക്കേണ്ടത് ആചരിക്കാതിരിക്കുകയും ആചരിച്ചുകൂടാത്തത് ആചരിക്കുകയും ചെയ്യുന്നതാണ് അധർമ്മം. അത് ആരോടൊക്കെ ആകാം എന്നതിനു കണക്കില്ല. സൃഷ്ടപ്രപഞ്ചത്തോടു മുഴുവൻ നിഷ്ഠയോടെ കാത്തിരിക്കേണ്ടതാണ് അത്. ഒരു കാലത്ത് നമ്മൾ വിചാരിച്ചിരുന്നത് മനുഷ്യരുമായുള്ള ബന്ധത്തിൽ മാത്രമേ ധർമ്മ പ്രശ്നമുള്ളു എന്നാണ്. അയൽക്കാരനുമായി പങ്കിടേണ്ട അതിരു മാന്തുമ്പോൾ ധർമ്മലംഘനമാണ്; അവന്റെ പോക്കറ്റടിക്കുന്നതും അവനെ കൊള്ളയടിക്കുന്നതും പാപം...അങ്ങനെ മനുഷ്യരുമായി ഇടപെടുമ്പോൾ ചെയ്തുകൂടാത്ത അനവധിക്കാര്യങ്ങളെക്കുറിച്ച് പണ്ടേ നാം പഠിച്ചുറപ്പിച്ചിട്ടുണ്ട്. വിലക്കുകളുടെ പട്ടിക വലുതാണ്. ഇങ്ങനെ അത്യാചരങ്ങൾ കാണിക്കാതെ ജീവിച്ചു പോകുന്നത് ധാർമ്മിക ജീവിതമാണെന്ന് അതിന്റെ പരിമിതമായ അർത്ഥത്തിൽ പറയാം.
എന്നാൽ, അത് പരിമിതമായ അർത്ഥത്തിലേ ശരിയാവുകയുള്ളൂ. ലോകത്തിലെ എല്ലാ സമൂഹങ്ങളും സമൂഹത്തിന്റെ താളം തെറ്റാതിരിക്കാൻ വേണ്ടി കർശനമായ വിലക്കുകൾ ഏർപ്പെടുത്തും. ഇത് വിലക്കുസന്മാർഗ്ഗമാണ് (Taboo Morality) മോഷ്ടിക്കരുത്, കൊല ചെയ്യരുത്, കള്ള സാക്ഷി പറയരുത് എന്നിങ്ങനെ അരുതായ്കകൾ കൊണ്ട് സമൂഹത്തിന്റെ ഭദ്രത കാത്താൽ പോരാ, ചിലതൊക്കെ ചെയ്യാതിരിക്കുന്നതിനൊപ്പം ചിലത് ചെയ്യുകകൂടി വേണം. അപ്പോഴേ ധർമ്മനിഷ്ഠയാകൂ എന്നത് ധർമ്മ വിചാരത്തിന്റെ രണ്ടാം പാഠമാണ്.
അയൽക്കാരനെ തരം കിട്ടിയാലും കൊള്ളയടിക്കുകയില്ല എന്നിടത്തു നിൽക്കാതെ അയാളുടെ ക്ഷേമത്തിനു വേണ്ടി പ്രാർത്ഥിക്കുകയും അയാൾക്ക് ദുഃഖമുണ്ടാകുമ്പോൾ ദുഃഖിക്കുകയും സന്തോഷമുണ്ടാകുമ്പോൾ സന്തോഷിക്കുകയും ചെയ്യുന്നത് വിലക്കു സന്മാർഗത്തെ അതിവർത്തിച്ചു വളരുന്ന ധർമ്മബോധമാണ്. പക്ഷേ, അങ്ങനെ ചെയ്യണമെങ്കിൽ അയൽക്കാരനോട് സ്നേഹം ഉണ്ടാക്കണം. സ്നേഹമില്ലെങ്കിൽ അയാളുടെ ദുഃഖത്തിൽ സന്തോഷിക്കാനും സന്തോഷത്തിൽ ദുഃഖിക്കാനും തോന്നും. ഈ അയൽക്കാരൻ തിരിച്ചു സ്നേഹിക്കുന്നവനല്ലെങ്കിലോ? അയാൾ നിങ്ങളുടെ ശത്രുവാണെങ്കിലോ? അപ്പോഴും അയാളെ സ്നേഹിക്കാൻ കഴിയുമ്പോൾ അത് ശ്രേഷ്ഠമായ മൂല്യമായി തീരുന്നു. അയൽക്കാരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കുക, ശത്രുവിനെ സ്നേഹിക്കുക എന്നെല്ലാമുള്ള ഉപദേശത്തിന്റെ സാരമാണിത്. നിങ്ങളെ സ്നേഹിക്കുകയും നിങ്ങൾക്ക് ഉപകാരം ചെയ്യുകയും ചെയ്യുന്നവരെ സ്നേഹിക്കുകയും അവർക്ക് പകരം ഉപകാരം ചെയ്യുകയും ചെയ്യുന്നിടത്ത് ഒരു കൊടുക്കൽ വാങ്ങളിലെ സാമാന്യമര്യാദയേയുള്ളു. മായം ചേർക്കാത്ത കച്ചവടത്തിലെ സംസ്ക്കാരം മാത്രം. അതു നല്ലതു തന്നെ. പക്ഷേ അതിൽ അഭിമാനിക്കാൻ എന്തുള്ളൂ? ആരാണ് അങ്ങനെ ചെയ്യാത്തത്? നിങ്ങളെ ചതിക്കാത്തവനെ നിങ്ങൾ ചതിക്കുന്നില്ല. നിങ്ങളെ വീഴിക്കാൻ നോക്കാത്തവനെ നിങ്ങൾ വീഴിക്കുന്നില്ല. കാര്യങ്ങൾ സമാസമം.
എന്നാൽ, സ്നേഹം ഒരദ്ധ്യാത്മിക മൂല്യമാകുന്നത് അപകാരം ചെയ്തവന് ഉപകാരം ചെയ്യുകയും ദ്വേഷിക്കുന്നവനെ സ്നേഹിക്കുകയും ചെയ്യുമ്പോഴാണ്. അവിടെയാണ് ജീവിതം ദിവ്യസംഗീതത്തിന്റെ രാഗസൗഭാഗ്യം നേടുന്നത്. അത് എളുപ്പമുള്ള കാര്യമല്ലായിരിക്കാം. പക്ഷേ, അതിനെ എളുപ്പമുള്ളതാക്കുന്ന ഒരു മാർഗ്ഗമുണ്ട്. ദൈവം മനുഷ്യനെ സൃഷ്ടിച്ചതു തന്റെ സാദൃശ്യത്തിലും സാരൂപ്യത്തിലുമാണ് എന്ന വചനത്തിലുണ്ട്. ആ മാർഗ്ഗത്തിലേക്കുള്ള ചൂണ്ടുപലക. എന്റെ അയൽക്കാരൻ, ഏതു മനുഷ്യനും, ദൈവത്തിന്റെ സാദൃശ്യം വഹിക്കുന്നു എന്ന കാര്യമാണ് ആ വചനം ഓർമ്മിപ്പിക്കുന്നത്. ഞാൻ ദൈവസാദൃശ്യം വഹിക്കുന്നു എന്ന അഹംബോധം അവിടെ നിൽക്കട്ടെ. അവനവനിൽ നോട്ടമുറപ്പിക്കുന്നവന് അത് പറിച്ചെടുക്കാൻ കഴിയുകയില്ല. അപരനെ പരനായി കാണാൻ കഴിഞ്ഞാൽ ആ അപകടത്തിൽ നിന്ന് രക്ഷപ്പെടാം. പതുക്കെ സ്നേഹത്തിന്റെ ഈ വഴിയിൽ നടക്കുമ്പോൾ ഇടർച്ചയുണ്ടാവുകയില്ല.
രണ്ടാമത്തെ കാര്യം, ഞാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ സാദൃശ്യത്തിലാണ് എന്ന വിചാരം അർത്ഥവത്താകുന്നത് ദൈവത്തിന്റെ കണ്ണുകൊണ്ടുവേണം എല്ലാറ്റിനേയും കാണാൻ എന്ന് ഉറയ്ക്കുമ്പോഴാണ്. ദൈവത്തിന്റെ കാഴ്ചയിൽ കാരുണ്യവും കരുതലുമല്ലാതെ എവിടെയാണ് കാലുഷ്യമുള്ളത്. കായേൻ സോദരനെ കണ്ടത് ദൈവത്തെപ്പോലെ അല്ലായ്കയാലാണ് അവന് ഹാബേലിനെ കൊല്ലേണ്ടി വന്നത്.
കാഴ്ച മനുഷ്യനിൽ ഒതുങ്ങി നിൽക്കുന്നതല്ല. ദൈവം സൃഷ്ടിച്ചതു മനുഷ്യനെ മാത്രമല്ലല്ലോ. ദൈവം സൃഷ്ടിക്കാത്തത്തായി എന്തുണ്ട്? എന്നാൽ ദൈവം പൂക്കളെ സൃഷ്ടിച്ചതു എനിക്കു പറിച്ചെടുക്കാനാണ്, ആട്ടിൻകുട്ടിയെ സൃഷ്ടിച്ചതു എനിക്ക് അറുത്തു തിന്നാണാണ് എന്ന വിചാരം മുഴുക്കുമ്പോൾ ദൈവം സൃഷ്ടിച്ചവയെല്ലാം ഇരയായി, ഭോഗതൃഷ്ണ ശമിപ്പിക്കാൻ ഒരുക്കി നിർത്തിയിരിക്കുന്ന വിഭവങ്ങളായി, കാണപ്പെടും. ആ കാഴ്ചയുടെ ജുഗുപ്സ ഉളവാക്കുന്ന ഫലമാണ് ഇപ്പോൾ ലോകത്തിൽ എവിടെയും തിക്കിത്തിരക്കുന്നത്. തിന്നുക, കുടിക്കുക, ആസ്വദിക്കുക എന്ന് ഉച്ചസ്ഥായിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. എല്ലാ ആവേദനോപകരണങ്ങളും നാനാവർണ്ണങ്ങൾ ചാർത്തി അവതരിപ്പിക്കുന്ന വിനോദസുഖങ്ങൾ ആന്ത്യകമായി സംവേദനം ചെയ്യുന്ന സന്ദേശം ഇതാണ്, അങ്ങനെ കൊള്ളയടിക്കാനും കുത്തിച്ചോർത്താനും വൈഭവമേറിയവനാണ് വീരാരാധന ഏറ്റുവാങ്ങേണ്ടത് എന്ന നിലവരും; വന്നു കഴിഞ്ഞു.
അതേ, ലോകത്തിന്റെ പ്രശ്നം എന്റെ പിഴച്ച കാഴ്ചയുടെ പ്രശ്നമാണ്. ധർമ്മശാസ്ത്രം ദർശനശാസ്ത്രമാണ് (Ethics is optics) എന്ന് എഴുതിയ ചിന്തകൻ കാര്യത്തിന്റെ കാതലിലാണ് തൊട്ടിരിക്കുന്നത്.
