21 Feb 2015

ബ്ലോഗ്സൈറ്റുകളും ബ്ലോഗെഴുത്തും വളരണം

സുനിൽ എം എസ്


കഥ-കവിത-ലേഖനം എന്നിവയ്ക്ക് പ്രാധാന്യം നൽകി പ്രസിദ്ധീകരിയ്ക്കുന്ന മലയാളം ബ്ലോഗ്സൈറ്റുകളിൽ ബ്ലോഗുകളുടെ എണ്ണത്തിൽ വലുതായ ഇടിവു സംഭവിച്ചിരിയ്ക്കുന്നു. ഇവയിലൊന്നിൽ 2008 മുതലുള്ള ബ്ലോഗുകളുടെ സംഖ്യകൾ ലഭ്യമാണ്. മറ്റു രണ്ടിടങ്ങളിൽ 2010-11 മുതലുള്ള സംഖ്യകളും. മൂന്നു വ്യത്യസ്ത തോതുകൾ തമ്മിലുള്ള സങ്കലനമായതുകൊണ്ട്വൈ” ആക്സിസിലെ സംഖ്യകൾ കൃത്യമല്ല. മൂന്നു ഗ്രാഫുകൾ, വെവ്വേറെ, കൊടുത്തിരുന്നെങ്കിൽ ഇതു പരിഹരിയ്ക്കപ്പെടുമായിരുന്നെങ്കിലും അപ്പോൾ ബ്ലോഗ്സൈറ്റുകൾ തമ്മിലുള്ള താരതമ്യം സാദ്ധ്യമാകാതെ പോകുമായിരുന്നു. തോതുകൾ വ്യത്യസ്തമാണെങ്കിലും ഗ്രാഫുകൾ ചൂണ്ടിക്കാണിയ്ക്കുന്ന ദിശകൾ ഒന്നു തന്നെ. മറ്റൊരു കാര്യം കൂടി: ബ്ലോഗ്സൈറ്റുകളിലെ ബ്ലോഗുകളുടെ എണ്ണത്തിൽ പലപ്പോഴും മാറ്റങ്ങളുണ്ടാകുന്നുണ്ട്; ഒരേ മാസത്തെ സംഖ്യതന്നെ, ഇന്നു കാണുന്നതിൽ നിന്നു വ്യത്യസ്തമായിരിയ്ക്കാം നാളെ കാണുന്നത്. ഈയൊരു വ്യത്യാസമൊഴികെ, സംഖ്യകളിൽ കൃത്യത വരുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

ബ്ലോഗുകളുടെ എണ്ണത്തിൽ ഇടിവ്

പരസ്പരം ബന്ധപ്പെടാതെ, സ്വതന്ത്രമായി വർത്തിയ്ക്കുന്നവയാണ് ഈ ബ്ലോഗ്സൈറ്റുകളെങ്കിലും, അവയിലെ ബ്ലോഗുകളുടെ എണ്ണത്തിൽ വന്നിരിയ്ക്കുന്ന ഏറ്റക്കുറച്ചിലുകൾ ഏകദേശം ഒരേ സമയങ്ങളിൽത്തന്നെയാണെന്നു കാണാം. 2010-11 വർഷങ്ങളിൽ “മാനം മുട്ടെ” തലയുയർത്തി നിന്നിരുന്ന ബ്ലോഗുകളുടെ എണ്ണം ഇപ്പോൾ നിലം തൊടുന്ന സ്ഥിതിയിലായിരിയ്ക്കുന്നു. ഈ മൂന്നു ബ്ലോഗ്സൈറ്റുകളിലെ ഏറ്റവുമുയരത്തിലെത്തിയ പ്രതിമാസ സംഖ്യകളും ഇക്കഴിഞ്ഞ ജനുവരി മാസത്തെ സംഖ്യകളും സംഖ്യകളിൽ വന്നിരിയ്ക്കുന്ന ഇടിവുകളും താഴെ കൊടുക്കുന്നു:



ബ്ലോഗുകളിലെ ഇടിവ്

ഇത് വാക്കുകളിൽ വിശദീകരിയ്ക്കാം. ബ്ലോഗ്സൈറ്റ് ഒന്നിൽ 2010 മാർച്ചിൽ 1385 ബ്ലോഗുകൾ പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി മാസം അവിടെ ആകെ 338 ബ്ലോഗുകൾ മാത്രമാണ് പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. എണ്ണത്തിലുണ്ടായിരിയ്ക്കുന്ന ഇടിവ് 75.6 ശതമാനം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ബ്ലോഗുകളുടെ എണ്ണം കേവലം നാലിലൊന്നു മാത്രമായി കുറഞ്ഞിരിയ്ക്കുന്നു.

ബ്ലോഗ്സൈറ്റ് രണ്ടിൽ 2012 ജൂലൈ മാസത്തിൽ 282 ബ്ലോഗുകൾ പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്നു. അവിടെ, ഇക്കഴിഞ്ഞ ജനുവരിയിൽ 179 ബ്ലോഗുകൾ മാത്രമാണ് പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. ഇവിടേയും ഇടിവു തന്നെ. ഇടിവ് 36.5 ശതമാനം.

ബ്ലോഗ്സൈറ്റ് മൂന്നിന്റെ നിലയാണ് ഏറ്റവും പരിതാപകരം: അവിടെ 2012 ജൂലൈയിൽ 500 ബ്ലോഗുകൾ പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്നു. ആ സ്ഥാനത്ത്, ഇക്കഴിഞ്ഞ മാസം വെറും 48 ബ്ലോഗുകൾ മാത്രം. ഇടിവ് 90.4 ശതമാനം. അതായത് ബ്ലോഗുകൾ പത്തിലൊന്നു മാത്രമായി കുറഞ്ഞിരിയ്ക്കുന്നു.

ഗ്രാഫുകൾ ചൂണ്ടുന്നത് തളർച്ചയിലേയ്ക്ക്

ബ്ലോഗ്സൈറ്റ് ഒന്നിൽ 2015 ജനുവരി വരെ ആകെ 55726 ബ്ലോഗുകൾ പ്രസിദ്ധീകരിയ്ക്കപ്പെട്ടതായി കാണുന്നുണ്ട്. ബ്ലോഗ്സൈറ്റ് രണ്ടിൽ 7355 ബ്ലോഗുകളും ബ്ലോഗ്സൈറ്റ് മൂന്നിൽ 12043 ബ്ലോഗുകളും പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്. ഇവ മൂന്നിലുമായി ആകെ 75124 ബ്ലോഗുകൾ. മറ്റനേകം മലയാളം ബ്ലോഗ്സൈറ്റുകളുണ്ടെങ്കിലും, മുൻ പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളെ കഥ-കവിത-ലേഖനം എന്നിവ പ്രസിദ്ധീകരിയ്ക്കുന്ന മലയാളം ബ്ലോഗ്സൈറ്റുകളുടെ ഉദാഹരണങ്ങളായി കണക്കാക്കാം. ഇവയുടെ വളർച്ചകളും തളർച്ചകളും മലയാളം ബ്ലോഗുലോകത്തിന്റെ വളർച്ചകളും തളർച്ചകളുമായി കണക്കാക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ വിശ്വാസം. അങ്ങനെയെങ്കിൽ, മുകളിൽ കൊടുത്തിരിയ്ക്കുന്ന ഗ്രാഫ് ചൂണ്ടുന്നത് ഇത്തരം ബ്ലോഗ്സൈറ്റുകളുടെ തളർച്ചയിലേയ്ക്കാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് വളരെക്കുറവു ബ്ലോഗുകൾ മാത്രമേ ഇപ്പോൾ പോസ്റ്റു ചെയ്യപ്പെടുന്നുള്ളു.

ബ്ലോഗുകളുടെ എണ്ണത്തിലുള്ള കുറവ് ഇതേ തോതിൽ തുടർന്നാൽ പല ബ്ലോഗ്സൈറ്റുകളിലും ബ്ലോഗുകൾ പോസ്റ്റുചെയ്യപ്പെടാത്ത അവസ്ഥ സംജാതമായെന്നു വരാം. ബ്ലോഗുകൾ പോസ്റ്റു ചെയ്യപ്പെടുന്നില്ലെങ്കിൽ കവിത-കഥ-ലേഖനങ്ങൾക്കു മുൻ‌തൂക്കം നൽകുന്ന ബ്ലോഗ്സൈറ്റുകളുടെ പ്രവർത്തനം നിലച്ചെന്നും വരാം. പോസ്റ്റുചെയ്യപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്ന ബ്ലോഗുകളുടെ ശേഖരം തന്നെ അപ്രത്യക്ഷമായെന്നും വരാം.

പുതിയ എഴുത്തുകാരുടെ ഒരു രചന അച്ചടിമാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചു വരികയെന്നത് ഒരു ചെറു ലോട്ടറിയടിയ്ക്കുന്നതിനു തുല്യമാണ്. തിരസ്കാരമാണ് മിയ്ക്കപ്പോഴും സംഭവിയ്ക്കുക. പ്രസിദ്ധീകരിയ്ക്കുന്നെങ്കിൽത്തന്നെയും ചിലപ്പോൾ മാസങ്ങളോ കൊല്ലങ്ങളോ കഴിഞ്ഞായിരിയ്ക്കും. അച്ചടിച്ച ആനുകാലികപ്രസിദ്ധീകരണങ്ങളുടെ പേജുകൾ പരിമിതമാണ്. വിലയും നിശ്ചിതം. ഒരു ലക്കത്തിൽ ഒരു ലേഖനമോ കഥയോ കൂടുതലായി ഉൾക്കൊള്ളിയ്ക്കാമെന്നു വച്ചാൽ പേജുകളുടെ പരിമിതി അതനുവദിയ്ക്കുകയില്ല.

ബ്ലോഗ്സൈറ്റുകളിൽ ഇത്തരം പരിമിതികളില്ല. എന്നും എത്ര ബ്ലോഗുകൾ വേണമെങ്കിലും പ്രസിദ്ധീകരിയ്ക്കാൻ അവയ്ക്കാകുന്നു. അച്ചടിമാദ്ധ്യമത്തിൽ മാസങ്ങളോളം കാത്തിരിയ്ക്കേണ്ടി വരുമ്പോൾ ബ്ലോഗ്സൈറ്റുകളിൽ അങ്ങേയറ്റം ഏതാനും മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി. ചില ബ്ലോഗ്സൈറ്റുകളിൽ പോസ്റ്റു ചെയ്ത ഉടൻ തന്നെ ബ്ലോഗുകൾ പ്രസിദ്ധീകൃതമാകുന്നു. ബ്ലോഗ്സൈറ്റുകളുടെ മുഖ്യ ആകർഷണവും ഇതു തന്നെയാണ്. ബ്ലോഗ്സൈറ്റുകൾ തളർന്നാൽ അത് ബ്ലോഗർമാരെ വളരെയധികം നിരാശപ്പെടുത്തും. ബ്ലോഗ്സൈറ്റുകളുടെ തളർച്ചയകറ്റി, അവയെ വളർത്താനുള്ള മാർഗ്ഗങ്ങൾ ആലോചിയ്ക്കാം.

ബ്ലോഗർ എന്തിനു ബ്ലോഗു പോസ്റ്റു ചെയ്യുന്നു?

ഒരു ബ്ലോഗർ തന്റെ ബ്ലോഗു പോസ്റ്റു ചെയ്യുന്നത് ചില പ്രത്യേക ലക്ഷ്യങ്ങൾ ലാക്കാക്കിയാണ്:

(1)  തന്റെ ആശയം അന്യരെ അറിയിയ്ക്കാൻ.

(2)  പ്രസിദ്ധി നേടാൻ.

(3)  അംഗീകാരം നേടാൻ.

(4)  പ്രതിഫലത്തിനു വേണ്ടി.

ലക്ഷ്യസാദ്ധ്യം എത്രത്തോളം?

ബ്ലോഗ് അനേകം പേർ വായിച്ചെങ്കിൽ മാത്രമേ മുൻ പറഞ്ഞ നാലു ലക്ഷ്യങ്ങളും നേടാനാകൂ. വായനക്കാരെ നേടാൻ ബ്ലോഗ്സൈറ്റുകൾക്ക് അച്ചടിച്ച ആനുകാലികപ്രസിദ്ധീകരണങ്ങളുമായി മത്സരിയ്ക്കേണ്ടി വരുന്നു. അച്ചടിച്ച ആനുകാലികപ്രസിദ്ധീകരണങ്ങളിൽ മുകളറ്റത്തു നിൽക്കുന്നവയെപ്പറ്റി 2014 ജനുവരിയിൽ പുറത്തുവന്ന ഇന്ത്യൻ റീഡർഷിപ്പ് സർവ്വേയിൽ കണ്ട കണക്കുകൾ താഴെ കൊടുക്കുന്നു:

മാതൃഭൂമി വാരിക.........2.42 ലക്ഷം പേർ വായിയ്ക്കുന്നു
മനോരമ വാരിക........6.61
ഗൃഹലക്ഷ്മി..............8.26
വനിത.....................27.62

മാതൃഭൂമി വാരിക 2.42 ലക്ഷം പേർ വായിയ്ക്കുമ്പോൾ, ഒരു ബ്ലോഗ് ശരാശരി എത്ര പേർ വായിയ്ക്കുന്നുണ്ട് എന്നു നോക്കാം. ഇതു കണ്ടുപിടിയ്ക്കുക എളുപ്പമല്ല. കാരണം ഭൂരിഭാഗം ബ്ലോഗ്സൈറ്റുകളിലും ഒരു ബ്ലോഗ് ആകെ എത്ര പേർ വായിച്ചു, അഥവാ ഒരു ബ്ലോഗിന് ആകെ എത്ര “വ്യൂ” കിട്ടി എന്നു കാണാനാകുന്നില്ല. ഗ്രാഫിൽ രണ്ടാമതായും മൂന്നാമതായും കൊടുത്തിരിയ്ക്കുന്ന ബ്ലോഗ്സൈറ്റുകളിൽ ഈ സംഖ്യ ദൃശ്യമാണ്. അവയിൽ ഡിസംബർ മുതലുള്ള നൂറു ബ്ലോഗുകൾക്കു കിട്ടിയിരിയ്ക്കുന്ന ശരാശരി വ്യൂ എത്രയെന്നു താഴെ കൊടുക്കുന്നു:

ബ്ലോഗ്സൈറ്റ് 2.....56
ബ്ലോഗ്സൈറ്റ് 3.....71

തൃപ്തിയും പ്രസിദ്ധിയും അപര്യാപ്തം

മാതൃഭൂമി വാരികയിൽ അച്ചടിച്ചു വരുന്ന ഒരു രചന 2.42 ലക്ഷം പേർ വായിയ്ക്കുമ്പോൾ ബ്ലോഗ്സൈറ്റിലെ ഒരു ബ്ലോഗ് ശരാശരി 71 പേർ മാത്രമാണു വായിയ്ക്കുന്നത്. മാതൃഭൂമി വാരികയിലൂടെ ഒരാശയം 2.42 ലക്ഷം പേർക്കു കൈമാറാനാകുമ്പോൾ രചയിതാവിനു ലഭിയ്ക്കുന്ന സംതൃപ്തി, ആ ആശയം വെറും 71 പേർക്കു മാത്രം കൈമാറുമ്പോൾ കിട്ടുകയില്ല. പ്രസിദ്ധിയുടെ സ്ഥിതിയും അതു തന്നെ. 2.42 ലക്ഷം പേർ വായിയ്ക്കുമ്പോൾ രചയിതാക്കൾക്കു കിട്ടുന്ന പ്രസിദ്ധിയുമായി താരതമ്യം ചെയ്യുമ്പോൾ എഴുപത്തൊന്നുപേർ മാത്രം ബ്ലോഗു വായിച്ചാൽ കിട്ടുന്ന പ്രസിദ്ധി നിസ്സാരം.

ബ്ലോഗുകൾക്ക് അംഗീകാരമില്ല

ബ്ലോഗുകൾക്ക് അവാർഡുകളില്ല. ബ്ലോഗുകൾ എന്നൊരു വിഭാഗത്തെപ്പറ്റി കേരളസാഹിത്യ‌ അക്കാദമി കേൾക്കുക പോലും ചെയ്ത ലക്ഷണമില്ല. അച്ചടിച്ച പുസ്തകങ്ങൾ മാത്രമേ അവർ അവാർഡുകൾക്കായി പരിഗണിയ്ക്കാറുള്ളു. ചില സംഘടനകൾ അവാർഡുകൾ കൊടുക്കാറുണ്ട്. അവയിൽ മിയ്ക്കവയും അച്ചടിച്ച പുസ്തകങ്ങൾക്കുള്ളവ തന്നെയാണ്. ബ്ലോഗുകളെ ബ്ലോഗുകളായിത്തന്നെ പരിഗണിച്ചുകൊണ്ടുള്ള അവാർഡുകൾ കൊടുത്തതായി അറിവില്ല. ചില ബ്ലോഗ്സൈറ്റുകൾക്കകത്ത് സമ്മാനങ്ങളോ അവാർഡുകളോ നൽകപ്പെട്ടിരിയ്ക്കാം. പക്ഷേ, ബ്ലോഗ്സൈറ്റുകൾക്കു പുറത്തു നിന്ന് ബ്ലോഗുകൾക്ക് അംഗീകാരം ലഭിയ്ക്കുന്നില്ല. ബ്ലോഗുകളെ സാഹിത്യമായി ജനം പരിഗണിച്ചു തുടങ്ങിയിട്ടില്ല.

പ്രതിഫലമില്ല

പ്രതിഫലത്തിന്റെ കാര്യം പറയാതിരിയ്ക്കുകയാകും ഭേദം. മുൻപു പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിൽ ഇക്കഴിഞ്ഞ ജനുവരി വരെ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുള്ള ആകെ ബ്ലോഗുകളുടെ എണ്ണം താഴെ കൊടുക്കുന്നു:

ബ്ലോഗ്സൈറ്റ് 1......55726
ബ്ലോഗ്സൈറ്റ് 2........7355
ബ്ലോഗ്സൈറ്റ് 3......12043
ആകെ.....................75124

മറ്റനേകം മലയാളം ബ്ലോഗ്സൈറ്റുകളുണ്ടെങ്കിലും, അവയിലെ കണക്കുകൾ തേടിപ്പിടിയ്ക്കാൻ മുതിർന്നിട്ടില്ല. മുൻ പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിലെ കണക്കുകൾ തന്നെ ഈ ലേഖനത്തിലൂടെ നടത്തുന്ന പഠനത്തിനു മതിയായവയാണ്. ഈ മൂന്നു ബ്ലോഗ്സൈറ്റുകളിലായി 75124 ബ്ലോഗുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിലൊന്നിനു പോലും പ്രതിഫലം നൽകിയിട്ടുണ്ടാവില്ല. ഇത്രയധികം വിപുലമായ ഒരു രചനാശേഖരത്തിന്റെ രചയിതാക്കൾക്ക് ഒരു രൂപ പോലും പ്രതിഫലം കിട്ടിയിട്ടില്ലെന്ന വസ്തുത മിയ്ക്ക മേഖലകളിലും പണത്തിനു മുൻ‌തൂക്കം ലഭിച്ചുകൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് വിചിത്രമാണ്.

ബ്ലോഗിന് പച്ചക്കറിയുടെ വില പോലുമില്ല

ഈ ലേഖനം എഴുതിത്തുടങ്ങിയ ദിവസം ഒരു കിലോ ക്യാരറ്റിന് 48 രൂപ വിലയുണ്ടായിരുന്നു. തക്കാളിയ്ക്ക് 24 രൂപ. മുമ്പൊരിയ്ക്കൽ ക്യാരറ്റിന് എൺപതു രൂപ കവിഞ്ഞിരുന്നു. തക്കാളിയ്ക്ക് അറുപതും. ഇവയ്ക്കു മാത്രമല്ല, മറ്റെല്ലാ ഇനം പച്ചക്കറിയ്ക്കും മുപ്പതും നാല്പതും രൂപ വിലയുണ്ട്. എന്നാൽ ബ്ലോഗുകൾക്ക് ഒരു കിലോ തക്കാളിയുടെ വില പോലുമില്ല. ബ്ലോഗുകൾ പ്രതിഫലമർഹിയ്ക്കുന്നില്ലെന്നുള്ള പൊതു നിലപാടിൽ നീതിയില്ല. 75124 ബ്ലോഗുകളിൽ ഒരു രൂപ പോലും അർഹിയ്ക്കാത്തതായി ഒരെണ്ണം പോലും ഉണ്ടാകുമെന്നു തോന്നുന്നില്ല. തീരെ മൂല്യമില്ലാത്തവയായിരുന്നെങ്കിൽ അവ പ്രസിദ്ധീകരിയ്ക്കപ്പെടുമായിരുന്നില്ല. മുൻ പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിലും പരിശോധനയ്ക്കു വിധേയമായ ശേഷമാണ് ബ്ലോഗുകൾ പ്രസിദ്ധീകരിയ്ക്കപ്പെടാറ്. (ബ്ലോഗ്സൈറ്റ് മൂന്നിൽ ഈയടുത്ത കാലത്തായി ഈ നിബന്ധനയിൽ അയവു വന്നിട്ടുണ്ട്.) ഓരോ ബ്ലോഗിനും അല്പമെങ്കിലും മൂല്യമുണ്ടായിരുന്നിരിയ്ക്കും. മൂല്യമില്ലാത്തൊരു ബ്ലോഗ് വെളിച്ചം കാണുകയുമില്ലായിരുന്നു. ബ്ലോഗിന്റെ മൂല്യത്തിനു തക്ക പ്രതിഫലം ബ്ലോഗർമാർക്ക് കിട്ടേണ്ടതായിരുന്നു, പക്ഷേ, ഒരാൾക്കു പോലും കിട്ടിയിട്ടില്ല. 75124 ബ്ലോഗുകളിൽ ഒന്നിനു പോലും പ്രതിഫലം കൊടുത്തിട്ടില്ലെന്ന് എങ്ങനെ അറിയാം എന്ന ചോദ്യം ഇവിടെ ഉയരാം. അറിയാൻ കഴിഞ്ഞ വസ്തുതകളൊന്നും തന്നെ മറിച്ചു സൂചിപ്പിയ്ക്കുന്നില്ല.

സാഹിത്യവും പണവും

അച്ചടിമാദ്ധ്യമത്തിലെ സാഹിത്യം പണവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അച്ചടിച്ച ഒരു പുസ്തകമെടുത്തു നോക്കിക്കോളൂ, അതിന്മേൽ തെളിച്ചമുള്ള, വലിയ അക്കങ്ങളിൽ അതിന്റെ വില അച്ചടിച്ചു വച്ചിരിയ്ക്കുന്നതു കാണാം. ആ തുക കൊടുത്തെങ്കിൽ മാത്രമേ ആ പുസ്തകം വാങ്ങാനാകൂ. ഭക്തിപാരവശ്യത്താലെഴുതിയ പുസ്തകമായാലും അഹിംസയെപ്പറ്റിയുള്ള പുസ്തകമായാലും, ദാരിദ്ര്യനിർമ്മാർജ്ജനം ത്വരിതപ്പെടുത്താനുള്ള പുസ്തകമായാലും തൊഴിലാളികളെ സംഘടിയ്ക്കാൻ ആഹ്വാനം ചെയ്യുന്ന പുസ്തകമായാലും സാമുദായികപരിഷ്കരണം ലാക്കാക്കുന്ന പുസ്തകമായാലും തത്വശാസ്ത്രത്തെപ്പറ്റിയുള്ള പുസ്തകമായാലും അവയുടെയെല്ലാം പുറകിൽ വിലയുണ്ടാകും. ഒരു പുസ്തകവും സൌജന്യമായി വിൽക്കപ്പെടുന്നില്ല. ഗ്രന്ഥകർത്താവിനെ സംബന്ധിച്ചിടത്തോളം പുസ്തകം പണമാണ്. പുസ്തകം വിറ്റഴിഞ്ഞാൽ ഗ്രന്ഥകർത്താവിനു പണം കിട്ടും. സാധാരണക്കാർക്ക് സന്തോഷം നൽകുന്ന ഒന്നാണു പണം. പുസ്തകരചയിതാക്കളുടെ കാര്യവും വ്യത്യസ്തമല്ല. രചന പുസ്തകമായി അച്ചടിപ്പിയ്ക്കാനുള്ള പ്രേരകങ്ങളിൽ മുഖ്യം പണം തന്നെ. സന്തോഷം മാത്രമല്ല, തുടർന്നെഴുതാനുള്ള പ്രചോദനവും പണത്തിൽ നിന്നു കിട്ടുന്നു.

പുസ്തകം ഒരു വില്പനച്ചരക്ക്

അച്ചടിച്ച പുസ്തകം ഒരു വിൽപ്പനച്ചരക്കാണ്. അതു വിൽപ്പനയ്ക്കായി വച്ചിരിയ്ക്കുന്നത് രചയിതാവ്, പ്രസാധകൻ, കച്ചവടക്കാരൻ എന്നീ മൂന്നു പേർ ചേർന്നാണ്. വായനക്കാരുടെ പക്കൽ നിന്ന് പുസ്തകത്തിന്റെ വിലയായി ഒരു നിശ്ചിത തുക ഈടാക്കാൻ അവർ മൂവരും കൂടി തീരുമാനിച്ചിരിയ്ക്കുന്നു. വില കൊടുക്കാതെ പുസ്തകം തുറന്ന് ഒരു സൂക്ഷ്മവായനയ്ക്കൊരുമ്പെട്ടു നോക്കിൻ. പുസ്തകക്കച്ചവടക്കാരൻ വന്ന് പുസ്തകം പിടിച്ചുവാങ്ങും. സൌജന്യവായന തുടരാൻ ശ്രമിച്ചാൽ അധികം താമസിയാതെ പുറത്തു പോകേണ്ടതായും വരും.

പുസ്തകക്കച്ചവടക്കാരനെ കുറ്റം പറയാനാവില്ല. പുസ്തകക്കടയിൽ സൌജന്യവായന അനുവദിച്ചാൽ പുസ്തകക്കട ഒരു വായനശാലയായി മാറാൻ അധികസമയം വേണ്ട. പുസ്തകക്കച്ചവടക്കാരന്റെ (പ്രസാധകന്റേയും രചയിതാവിന്റേയും) വയറ്റത്തടിച്ചതു തന്നെ. പുസ്തകക്കച്ചവടക്കാരനു കമ്മീഷനും ഗ്രന്ഥകർത്താവിനു റോയൽറ്റിയും പ്രസാധകനു ലാഭവും കിട്ടുന്നതിന് പുസ്തകം ഒരു വില്പനച്ചരക്കാകുകയും സൌജന്യവായന നടക്കാതിരിയ്ക്കുകയും പുസ്തകത്തിന്റെ പ്രതികൾ വിറ്റഴിയുകയും വേണം.

ബ്ലോഗർമാരുടെ മഹത്വം

ഇവിടെയാണ് ബ്ലോഗർമാരുടെ മഹത്വം നാമറിയുന്നത്. തന്റെ പുസ്തകം സൌജന്യമായി ആരും വായിയ്ക്കാനിടവരരുത് എന്ന് ഒരു പുസ്തകരചയിതാവ് ആഗ്രഹിയ്ക്കുമ്പോൾ എന്റെ ബ്ലോഗ് എല്ലാവരും ദയവായി വായിയ്ക്കണേ” എന്നായിരിയ്ക്കും ബ്ലോഗറുടെ പ്രാർത്ഥന. അച്ചടിച്ച പുസ്തകത്തിന്റെ രചയിതാവ് ആകാംക്ഷാപൂർവ്വം പുസ്തകപ്രസാധകരോടും പുസ്തകക്കച്ചവടക്കാരോടും എത്ര കോപ്പികൾ വിറ്റുപോയി എന്നു വിളിച്ചന്വേഷിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ആകെ എത്ര പേർ തന്റെ ബ്ലോഗു വായിച്ചെന്നറിയാനായിരിയ്ക്കും ഒരു ബ്ലോഗറുടെ ആകാംക്ഷ മുഴുവനും. കൂടുതൽ പേർ ബ്ലോഗു വായിച്ചിരിയ്ക്കുന്നതായി കണ്ടാൽ ബ്ലോഗർ കൂടുതൽ ആഹ്ലാദിയ്ക്കും. കഴിയുന്നത്ര പേരെക്കൊണ്ടു ബ്ലോഗു വായിപ്പിയ്ക്കുന്നതിലാണ് ബ്ലോഗറുടെ ആനന്ദമിരിയ്ക്കുന്നത്. കഴിയുന്നത്ര കോപ്പികൾ വിറ്റഴിയ്ക്കുന്നതിലാണ് ഗ്രന്ഥകർത്താവിന്റെ താത്പര്യം.

ബ്ലോഗർമാർ പ്രതിഫലേച്ഛയില്ലാത്തവർ

75124 ബ്ലോഗുകൾ എഴുതിക്കൂട്ടിയിട്ടും പ്രതിഫലം വേണമെന്ന ആവശ്യം ബ്ലോഗർമാർ ഇതുവരെ മുന്നോട്ടു വച്ചിട്ടില്ല. അല്പം കുറഞ്ഞ തോതിലാണെങ്കിലും, അവർ വീണ്ടും വീണ്ടും ബ്ലോഗുകൾ എഴുതിക്കൊണ്ടിരിയ്ക്കുന്നു, പ്രതിഫലത്തെപ്പറ്റി ചിന്തിയ്ക്കുകപോലും ചെയ്യാതെ ബ്ലോഗ്സൈറ്റുകളിൽ അവ പോസ്റ്റു ചെയ്തു കൊണ്ടിരിയ്ക്കുന്നു. പ്രതിഫലം കാംക്ഷിയ്ക്കാതെ, ഉള്ളിൽ നിന്ന് ഉറവയെടുക്കുന്ന, എഴുതാനുള്ള ആത്മാർത്ഥമായ പ്രചോദനം മൂലമാണ് ബ്ലോഗർമാർ ബ്ലോഗുകൾ രചിയ്ക്കുന്നത്. തങ്ങളുടെ ആശയങ്ങൾ അന്യർക്കു പകർന്നു കൊടുക്കണമെന്ന ആഗ്രഹം മൂലം അവർ അവ ബ്ലോഗുകളായി പൊതുജനസമക്ഷം അവതരിപ്പിയ്ക്കുന്നു. വായനക്കാർ അവ വായിയ്ക്കുമ്പോൾ ബ്ലോഗർമാർ തൃപ്തിയടയുന്നു. പണം, പ്രതിഫലം എന്നിങ്ങനെയുള്ള ചിന്തകൾ ബ്ലോഗർമാരുടെ മനസ്സുകളെ കളങ്കപ്പെടുത്തിയിട്ടില്ല.

ബ്ലോഗുവായന സൌജന്യം

മുൻ പറഞ്ഞ 75124 ബ്ലോഗുകളും സൌജന്യവായനയ്ക്ക് ലഭ്യമാണ്. അവ വായിയ്ക്കാൻ വായനക്കാർ ഒരു രൂപ പോലും മുടക്കേണ്ടതില്ല. വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക, വായിച്ചു തുടങ്ങുക. അത്ര തന്നെ. പൊതുജനത്തിനു വായിയ്ക്കാൻ നൽകണം എന്ന അഭിലാഷം ഒന്നുകൊണ്ടു മാത്രമാണ് ബ്ലോഗർമാർ ബ്ലോഗുകളെഴുതി പോസ്റ്റു ചെയ്യുന്നത്. കേവലം ഒരു ബ്ലോഗ്സൈറ്റിൽ മാത്രം പോസ്റ്റു ചെയ്താൽ ചുരുക്കം പേർക്കു മാത്രമേ ബ്ലോഗു വായിയ്ക്കാനാകൂ എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് വായനക്കാരുടെ സൌകര്യത്തെയോർത്ത്, പല ബ്ലോഗർമാരും ഒരേ ബ്ലോഗ് ഒന്നിലേറെ ബ്ലോഗ്സൈറ്റുകളിൽ പോസ്റ്റു ചെയ്യാൻ തയ്യാറാകുന്നു. കൂടുതൽ ബ്ലോഗ്സൈറ്റുകളിൽ പോസ്റ്റു ചെയ്യപ്പെടുന്ന ബ്ലോഗുകൾ വായിയ്ക്കാൻ കൂടുതൽ പേർക്ക് ഇങ്ങനെ സൌകര്യം കിട്ടുന്നു.

ഇതൊക്കെത്തന്നെ കാരണങ്ങൾ

ചുരുക്കിപ്പറഞ്ഞാൽ, ശരാശരി എഴുപത്തൊന്നു പേർ മാത്രം വായിയ്ക്കുന്ന ഒരു ബ്ലോഗിൽ നിന്ന് ബ്ലോഗർക്ക് തൃപ്തി, പ്രസിദ്ധി, അംഗീകാരം, പ്രതിഫലം എന്നിവ ലഭിയ്ക്കുന്നില്ല. പിന്നെയെന്തിനു ബ്ലോഗെഴുതണം? ബ്ലോഗെഴുത്തുകൊണ്ട് ഈ ലക്ഷ്യങ്ങളൊന്നും നേടാനാവില്ലെന്ന് ബ്ലോഗർമാർ മനസ്സിലാക്കിയിരിയ്ക്കുന്നു. മുന്നൂറല്ല അഞ്ഞൂറോ ആയിരമോ ബ്ലോഗെഴുതിയാലും മുൻ പറഞ്ഞ നാലു ലക്ഷ്യങ്ങളുടെ കാര്യത്തിൽ തങ്ങൾ തുടങ്ങിയേടത്തു തന്നെ നിൽക്കുകയേ ഉള്ളെന്ന് അവർക്കു മനസ്സിലായിരിയ്ക്കുന്നു. ബ്ലോഗെഴുതാൻ തുടക്കത്തിലുണ്ടായിരുന്ന ആവേശം തണുത്തുറഞ്ഞുപോയിരിയ്ക്കുന്നു. ബ്ലോഗുകളുടെ എണ്ണം കുറഞ്ഞതിന്റെ കാരണങ്ങൾ ഇവയെല്ലാം തന്നെ.

ബ്ലോഗുകളെ സാഹിത്യമായി കണക്കാക്കണം

ബ്ലോഗുകൾക്ക് പ്രതിഫലം കിട്ടിയില്ലെങ്കിലും സാ‍രമില്ല, പ്രസിദ്ധിയും അംഗീകാരവും അവാർഡുകളും തീർച്ചയായും ലഭിയ്ക്കണം. അംഗീകാരവും അവാർഡുകളും ഖ്യാതിയുമെല്ലാം അച്ചടിച്ച പുസ്തകങ്ങളുടെ രചയിതാക്കൾക്കു മാത്രമായി ഉഴിഞ്ഞുവയ്ക്കപ്പെട്ടിരിയ്ക്കുന്നു. മുന്നൂറിലേറെ ബ്ലോഗുകൾ പോസ്റ്റു ചെയ്തു കഴിഞ്ഞിരിയ്ക്കുന്ന ബ്ലോഗർമാർ നമ്മുടെ ഇടയിലുണ്ട്. ബ്ലോഗുകളുടെ എണ്ണം മുന്നൂറല്ല, അഞ്ഞൂറോ ആയിരമോ തികഞ്ഞാലും ഇന്നത്തെ ചുറ്റുപാടിൽ ബ്ലോഗർ ബ്ലോഗർ മാത്രമായി തുടരും. സാഹിത്യകാരൻ അല്ലെങ്കിൽ സാഹിത്യകാരി എന്ന വിശേഷണം ബ്ലോഗർക്ക് ഒരിയ്ക്കലും അനുവദിച്ചു കിട്ടുന്നില്ല. ബ്ലോഗർമാരുടെ സമ്മേളനത്തിൽ അവർ സ്വയം എഴുത്തുകാരെന്നു വിശേഷിപ്പിയ്ക്കാൻ ധൈര്യപ്പെട്ടേയ്ക്കാം. പക്ഷേ, പ്രശസ്തരായ സാഹിത്യകാരന്മാരുടെ സമക്ഷത്തിൽ ബ്ലോഗർമാർ അത്തരം അവകാശവാദങ്ങളൊന്നും ഉന്നയിയ്ക്കാൻ ധൈര്യപ്പെടാറില്ല. പ്രശസ്തരായ എഴുത്തുകാരാകട്ടെ ബ്ലോഗർമാരോട് സഹ എഴുത്തുകാരെന്ന നിലയിൽ സ്നേഹാദരങ്ങൾ കാണിയ്ക്കാറുമില്ല. ബ്ലോഗിലെവിടെ സാഹിത്യം എന്ന ഒരവജ്ഞ പല എഴുത്തുകാരും പരോക്ഷമായെങ്കിലും പ്രകടിപ്പിച്ചതായി കേട്ടിട്ടുമുണ്ട്.

പ്രശസ്തർ ബ്ലോഗെഴുതാറില്ല

പ്രശസ്തരായ എഴുത്തുകാർ ബ്ലോഗെഴുതാറില്ലെന്നാണു തോന്നുന്നത്. രണ്ടോ മൂന്നോ പേരുടെ രചനകൾ ബ്ലോഗ്സൈറ്റുകളിൽ കാണാറുണ്ടെന്നതു വിസ്മരിയ്ക്കുന്നില്ല. പക്ഷേ, അവയും അച്ചടിമാദ്ധ്യമത്തിൽ വന്ന ശേഷമായിരിയ്ക്കാം ബ്ലോഗ്സൈറ്റുകളിൽ വരുന്നത്. അച്ചടിമാദ്ധ്യമത്തെ വെടിഞ്ഞ് ബ്ലോഗുലോകത്തേയ്ക്ക് പ്രശസ്തരായ ആരും തന്നെ ചേക്കേറിയതായി അറിവില്ല. ബ്ലോഗ്സൈറ്റുകളിൽ പ്രതിഫലമില്ലാത്തത് മുഖ്യകാരണങ്ങളിലൊന്നായിരിയ്ക്കണം. അച്ചടിച്ച മാദ്ധ്യമത്തിൽ പതിവായെഴുതി അതിജീവനം നടത്തുന്ന പലരുമുണ്ടാകും. ബ്ലോഗെഴുത്ത് കൂലിയില്ലാപ്പണിയായി തുടരുന്നതുകൊണ്ട് അതിലൂടെയുള്ള അതിജീവനം ഇന്നു സാദ്ധ്യമല്ല.

അച്ചടിച്ച മാദ്ധ്യമത്തിൽ നിന്നു കിട്ടുന്നതിനു തുല്യമായ പ്രതിഫലം ബ്ലോഗ്സൈറ്റുകളിൽ നിന്നു കിട്ടുന്നെങ്കിൽ ബ്ലോഗെഴുതാൻ പ്രശസ്തരും മുന്നോട്ടു വരും. പ്രതിഫലത്തോടൊപ്പം പ്രസിദ്ധിയും അംഗീകാരവും അവർ ആവശ്യപ്പെടും. അവയ്ക്കെല്ലാം പുറമെ, അച്ചടിമാദ്ധ്യമത്തിന്റെ നിലവാരം ബ്ലോഗ്സൈറ്റുകൾക്കും ഉണ്ടാകണം എന്ന നിബന്ധനയും അവർ മുന്നോട്ടു വയ്ക്കും. പണവും പ്രസിദ്ധിയും അംഗീകാരവും സംതൃപ്തിയും നേടിത്തരാൻ ബ്ലോഗ്സൈറ്റുകൾക്കാകുമ്പോൾ പ്രശസ്ത സാഹിത്യകാരന്മാരും സാഹിത്യകാരികളും ബ്ലോഗ്സൈറ്റുകളിലെത്തും, തീർച്ച. അതുവരെ അവരിൽ ഭൂരിഭാഗം പേരും ബ്ലോഗ്സൈറ്റുകളിൽ നിന്ന് അകന്നു നിൽക്കും.

സാങ്കേതികപുരോഗതി ബ്ലോഗുകൾക്ക് അനുകൂലം

അച്ചടിച്ച ഒരു പുസ്തകം വായിയ്ക്കണമെങ്കിൽ അത് കൈയിൽ കിട്ടണം. എങ്കിൽ മാത്രമേ അതു വായിയ്ക്കാനാകുകയുള്ളു. എന്നാൽ ഇന്റർനെറ്റിലൂടെ ബ്ലോഗുകൾ വായിയ്ക്കാൻ ലോകത്തിന്റെ ഏതു ഭാഗത്തു ജീവിയ്ക്കുന്നവർക്കും സാധിയ്ക്കുന്നു. 2013 മാർച്ചിൽ വയറിൽക്കൂടിയുള്ളതും വയറിൽക്കൂടിയല്ലാത്തതുമായി ആകെ 898 ദശലക്ഷം ഇന്റർനെറ്റ് ഉപഭോക്താക്കൾ ഇന്ത്യയിലുണ്ടായിരുന്നെന്ന് ട്രായിയുടെ കണക്കുകൾ കാണിയ്ക്കുന്നു. അതായത് 89.8 കോടി. കേരളാ വയർലെസ് ടെലിക്കോമിന്റെ 2013 മാർച്ചിലെ കണക്കനുസരിച്ച് കേരളത്തിലെ ആകെ ഇന്റർനെറ്റു വരിക്കാർ 30,692,668 ആണ്. മൂന്നു കോടിയിലേറെ. കേരളത്തിലെ ജനസംഖ്യയ്ക്കടുത്തു വരുന്നു, അത്. ഗ്രാമങ്ങളെ 100 എം ബി പി എസ് വേഗമുള്ള ബ്രോഡ്ബാന്റു കൊണ്ട് ബന്ധിപ്പിയ്ക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഈ പശ്ചാത്തലത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം പേരെയെങ്കിലും ആകർഷിയ്ക്കാൻ ഉൽക്കർഷേച്ഛുക്കളായ ബ്ലോഗ്സൈറ്റുകൾക്കു കഴിയും. ഒരു ലക്ഷം പേർ കയറിയിറങ്ങിപ്പോകുന്നൊരു ബ്ലോഗ്സൈറ്റിന് പരസ്യങ്ങളിലൂടെ നല്ലൊരു വരുമാനം നേടാനാകും. എത്ര ഇന്റർനെറ്റ് ഉപഭോക്താക്കളുണ്ടോ അവരുടെയെല്ലാം വിരൽത്തുമ്പിലാണ് ബ്ലോഗുകൾ. യാതൊരു പരിമിതിയുമില്ലാതെ എത്ര ബ്ലോഗുകൾ വേണമെങ്കിലും വായിയ്ക്കാവുന്ന അവസ്ഥ. ലോകത്ത് ആകെ 3.61 കോടി മലയാളികളുണ്ടെന്നാണു വിക്കിപ്പീഡിയയിൽ കാണുന്നത്. ഇന്റർനെറ്റിലൂടെ ദേശത്തും വിദേശത്തുമുള്ള 3.61 കോടി മലയാളികൾക്കും എല്ലാ ബ്ലോഗുകളും അനായാസേന വായിയ്ക്കുക സാങ്കേതികമായി ഇന്നു സാദ്ധ്യമാണ്.

സാങ്കേതികസൌകര്യം ഉപയോഗിയ്ക്കുന്നില്ല

ഇത്തരത്തിൽ ഓരോ മലയാളിയ്ക്കും ബ്ലോഗുകൾ വായിയ്ക്കാനുള്ള സാങ്കേതികസൌകര്യം ഇന്നു നിലവിലുണ്ടെങ്കിലും ഭൂരിഭാഗം ബ്ലോഗ്സൈറ്റുകളിലും ബ്ലോഗു വായിയ്ക്കുന്നവരുടെ എണ്ണം നൂറു തികയാറില്ലെന്നാണ് എന്റെ ഊഹം. ഒരു ബ്ലോഗ് വ്യൂചെയ്തവരുടെ എണ്ണം മുൻ പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് കാണാനായത്. അവിടങ്ങളിൽ ഡിസംബർ മാസം മുതലുള്ള നൂറു ബ്ലോഗുകൾക്കു കിട്ടിയിരിയ്ക്കുന്ന ശരാശരി വ്യൂകൾ എഴുപത്തൊന്നും അമ്പത്താറും മാത്രമായിരുന്നെന്ന് ഒരു മുൻ ഖണ്ഡികയിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ 3.07 കോടി ഇന്റർനെറ്റ് ഉപഭോക്താക്കളുള്ളതുകൊണ്ട് അവരിൽ ഒരു ശതമാനം പേരെങ്കിലും ബ്ലോഗുകൾ വായിച്ചിരുന്നെങ്കിൽ ഈ രണ്ടു ബ്ലോഗ്സൈറ്റുകളിലെ ഓരോ ബ്ലോഗിനുമുള്ള ശരാശരി വ്യൂ എഴുപത്തൊന്ന്, അമ്പത്താറ് എന്നീ സംഖ്യകളിൽ ഒതുങ്ങുന്നതിനു പകരം മൂന്നു ലക്ഷം കവിയുമായിരുന്നു!

ബ്ലോഗുകൾക്ക് അച്ചടിച്ച ആനുകാലികങ്ങളേക്കാൾ കൂടുതൽ വായനക്കാരെ കിട്ടാനുള്ള സാങ്കേതികസംവിധാനം നിലവിൽ വന്നിട്ട് വർഷങ്ങളായെങ്കിലും അത്രത്തോളം വായനക്കാരെ പതിവായി ബ്ലോഗുകളിലേയ്ക്കാകർഷിയ്ക്കാൻ ഇതുവരെ ബ്ലോഗ്സൈറ്റുകൾക്കു കഴിഞ്ഞിട്ടില്ല. അവരതിനു ശ്രമിച്ചിട്ടില്ലെന്നതാണു സത്യം. സർക്കാരുമായുള്ള ഇടപാടുകളുൾപ്പെടെ അനേകം കാര്യങ്ങൾക്ക് ഇൻറർനെറ്റ് വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നുണ്ടെങ്കിലും ബ്ലോഗ്സൈറ്റുകൾ ഈ സാങ്കേതികസൌകര്യം വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ല. ഈ സാങ്കേതികസൌകര്യം വേണ്ടുംവണ്ണം ഉപയോഗിയ്ക്കാനായാൽ അച്ചടിമാദ്ധ്യമത്തെ പുറന്തള്ളാൻ ബ്ലോഗ്സൈറ്റുകൾക്കാകും. വാസ്തവത്തിൽ ഇന്നത്തെ ഓരോ ബ്ലോഗ്സൈറ്റും ഭാവിയിലെ ആനുകാലികമാണ്. ബ്ലോഗ്സൈറ്റുകൾ ഉണർന്നാൽ അച്ചടിമാദ്ധ്യമങ്ങളും ഓൺലൈൻ ലോകത്തേയ്ക്ക് കുടിയേറാൻ നിർബ്ബദ്ധരാകും. പത്രങ്ങളിലും ചാനലുകളിലും ഇടയ്ക്കിടെ പരസ്യങ്ങൾ കൊടുക്കുകയും ഉന്നതരായ ഏതാനും സാഹിത്യകാരന്മാരേയും സാഹിത്യകാരികളേയും ബ്ലോഗ്സൈറ്റുകളിലേയ്ക്കു ക്ഷണിച്ചുകൊണ്ടുവരികയും ചെയ്താൽ ആഴ്ചകൾ കൊണ്ട് അത്തരം ബ്ലോഗ്സൈറ്റുകളിൽ ലക്ഷം വായനക്കാരെ ആകർഷിയ്ക്കാനാകും എന്നുറപ്പ്. ഇംഗ്ലീഷിലൊരു ചൊല്ലുണ്ട്: ദി ഏർളി ബേർഡ് ഗെറ്റ്സ് ദ വേം. ആദ്യം തുടങ്ങുന്നവർക്ക് കൂടുതൽ വിജയസാദ്ധ്യതയുണ്ട് എന്നർത്ഥം.

പരസ്പര പ്രോത്സാഹനം

ശരാശരി എഴുപത്തൊന്നു പേർ മാത്രം ബ്ലോഗുകൾ വായിയ്ക്കുന്നെന്നു പറഞ്ഞുവല്ലോ. ഇവരിൽത്തന്നെ ഭൂരിഭാഗവും ബ്ലോഗർമാർ തന്നെയാണ്. ബ്ലോഗർമാരാണ് മിക്ക ബ്ലോഗ്സൈറ്റുകളിലേയും സ്ഥിരം സന്ദർശകർ. തങ്ങളുടെ പുതിയ ബ്ലോഗുകൾ പോസ്റ്റു ചെയ്യാനും പോസ്റ്റു ചെയ്ത ബ്ലോഗുകൾ എത്ര പേർ വായിച്ചു, അവയ്ക്ക് കിട്ടിയ പ്രതികരണങ്ങൾ എന്തെല്ലാം എന്നറിയാനുമായി ബ്ലോഗർമാർ ബ്ലോഗ്സൈറ്റുകളിൽ പതിവായി വരുന്നു. തങ്ങളുടെ സന്ദർശനത്തിനിടയിൽ അവർ മറ്റു ബ്ലോഗർമാരുടെ രചനകളും വായിയ്ക്കുന്നു, പ്രതികരണമെഴുതുന്നു, പ്രോത്സാഹിപ്പിയ്ക്കുന്നു. ഈ പരസ്പരപ്രോത്സാഹനം കൂടുതൽ രചനകളുമായെത്താൻ ബ്ലോഗർമാരെ പ്രേരിപ്പിയ്ക്കുന്നു. വാസ്തവത്തിൽ ഈ പരസ്പരപ്രോത്സാഹനമാണ് ഇതുവരെ ബ്ലോഗർമാർക്കു കിട്ടിയിട്ടുള്ള ഏക പ്രോത്സാഹനം. ബ്ലോഗുകളുടെ എണ്ണം കുറഞ്ഞതോടെ ഈ പ്രോത്സാഹനവും വളരെ കുറഞ്ഞിട്ടുണ്ടാകണം. ഗൌരവതരമായ വായന നടത്തുന്ന, ബ്ലോഗർമാരല്ലാത്ത, വായനക്കാരുടെ ദൌർലഭ്യം ഇന്നു മിക്ക ബ്ലോഗ്സൈറ്റുകളിലുമുണ്ട്.

ചർച്ചകൾ വലിയൊരാകർഷണം

ചർച്ചകൾക്ക് ഏറ്റവും പറ്റിയ വേദിയാണ് ബ്ലോഗ്സൈറ്റുകൾ. കാതലായ വിഷയങ്ങളെപ്പറ്റി വളരെയധികം പേർക്ക് ഒരേ സമയം പങ്കെടുക്കാവുന്ന ചർച്ചാവേദി ബ്ലോഗ്സൈറ്റുകളിലുണ്ട്. ഫേസ്ബുക്കിലേതിനേക്കാൾ അർത്ഥപൂർണ്ണമായ ചർച്ചകൾ ബ്ലോഗ്സൈറ്റുകളിൽ സാദ്ധ്യമാണ്. ചില ബ്ലോഗ്സൈറ്റുകളിൽ അത്തരം ചർച്ചകൾ നടക്കാറുമുണ്ട്. അവിടേയും ചർച്ചയിൽ പങ്കെടുക്കുന്നവരുടെ എണ്ണം തീരെച്ചെറുതായതുകൊണ്ട് അവയിൽ നിന്ന് വ്യക്തവും സമൂഹത്തിനു സ്വീകാര്യവുമായ ദിശാബോധം പലപ്പോഴും ഉരുത്തിരിഞ്ഞു വരാറില്ല. അച്ചടിച്ച ആനുകാലികങ്ങളിൽ ഇത്തരം ചർച്ചകൾ അസാദ്ധ്യമാണ്. ചാനലുകളിൽ ചർച്ചകൾ നടക്കാറുണ്ടെങ്കിലും അവയിൽ പങ്കെടുക്കാൻ വേണ്ടി നിശ്ചിതസമയത്ത് നിശ്ചിതസ്ഥലത്ത് എത്തേണ്ടി വരുന്നു. ഇത്തരം പരിമിതികൾ ബ്ലോഗ്സൈറ്റുകളിലെ ചർച്ചകൾക്കില്ല. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും ബ്ലോഗ്സൈറ്റുകളിലെ ചർച്ചകളിൽ പങ്കെടുക്കാനാകുന്നു. വളരെയധികം പേർ ഈ ഓൺലൈൻ ചർച്ചകളിലേയ്ക്ക് ആകർഷിയ്ക്കപ്പെടുകയാണെങ്കിൽ അവ സമൂഹത്തിന് ദിശാബോധം നൽകുന്ന എറ്റവും മികച്ച വേദികളായിത്തീരും. സന്ദർശകരുടെ ദൌർലഭ്യം ചർച്ചകളേയും പ്രതികൂലമായി ബാധിച്ചിരിയ്ക്കുന്നു. മുൻ പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിലൊന്നിൽ നാലു മാസമായി പുതിയ ചർച്ചകളുണ്ടായിട്ടില്ല.

ചെലവുകൾ

ഇന്നുള്ള മിയ്ക്ക മലയാളം ബ്ലോഗ്സൈറ്റുകളും നിലനിൽക്കുന്നത് അവയുടെ ഉടമകളുടെ മഹാമനസ്കത കൊണ്ടു മാത്രമാണ്. ഭൂരിഭാഗം ബ്ലോഗ്സൈറ്റുകൾക്കും വരുമാനമില്ല. വരുമാനം നേടാൻ തുടങ്ങിയിരിയ്ക്കുന്ന ഏതാനും ചില ബ്ലോഗ്സൈറ്റുകളുണ്ട്. പക്ഷേ അവയുടെ വരുമാനം ചെലവിനോളം വരുന്നുണ്ടോ എന്നു സംശയമാണ്.

അച്ചടിച്ച ഒരാനുകാലികത്തിന്റെ കാര്യമെടുക്കാം. ഉദാഹരണം മാതൃഭൂമി വാരിക. വാരികയ്ക്ക് രചയിതാക്കൾ രചനകൾ അയച്ചുകൊടുക്കുന്നു. വാരിക അവ പ്രസിദ്ധീകരിയ്ക്കുന്നു. വാരികയിൽ പ്രദർശിപ്പിയ്ക്കാനായി പരസ്യദാതാക്കൾ പരസ്യങ്ങളും പണവും വാരികയ്ക്കു നൽകുന്നു. വാരിക അച്ചടിച്ചുകഴിയുമ്പോൾ വായനക്കാരത് പണം കൊടുത്തു വാങ്ങുന്നു. വാരിക തങ്ങളുടെ വരുമാനത്തിൽ നിന്ന് തൊഴിലാളികൾക്കു ശമ്പളവും രചയിതാക്കൾക്കു പ്രതിഫലവും ഉടമകൾക്ക് ലാഭവിഹിതവും നൽകുന്നു. അധികലാഭം മൂലധനത്തിൽ ചേർക്കുന്നു. താഴെ കൊടുക്കുന്ന ചിത്രം ഇതു വ്യക്തമാക്കുന്നു.




ബ്ലോഗ്സൈറ്റുകളുടെ ചെലവുകൾ

ഇനി ബ്ലോഗ്സൈറ്റുകളുടെ കാര്യമെടുക്കാം. ചുരുക്കം ചില ബ്ലോഗ്സൈറ്റുകൾക്ക് പരസ്യവരുമാനം കിട്ടിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം ബ്ലോഗ്സൈറ്റുകൾക്കും ഒന്നുകിൽ പരസ്യവരുമാനമില്ല, അല്ലെങ്കിൽ പരസ്യവരുമാനം വളരെച്ചെറുതാണ്. എന്നാൽ ചെലവുകളാകട്ടെ പലതുമുണ്ട്. എല്ലാ ചെലവുകളും ബ്ലോഗ്സൈറ്റുടമ സ്വന്തം പോക്കറ്റിൽ നിന്നെടുക്കുന്നു. അച്ചടിച്ച വാരികയ്ക്ക് വാരികയിൽ നിന്നുള്ള വരുമാനമുള്ളപ്പോൾ, ബ്ലോഗ്സൈറ്റുടമയ്ക്ക് ബ്ലോഗ്സൈറ്റിൽ നിന്നു വരുമാനമില്ല. ചെലവു മാത്രമേയുള്ളു. മൂലധനം കുറഞ്ഞുകൊണ്ടേയിരിയ്ക്കുന്നു. താഴെ കൊടുക്കുന്ന ചിത്രത്തിൽ ഇതു വ്യക്തമാണ്.




ബ്ലോഗ്സൈറ്റുകളുടെ ചെലവുകൾ ബ്ലോഗ്സൈറ്റുകളുടെ വലിപ്പത്തെ ആശ്രയിച്ചിരിയ്ക്കുന്നു. കൂടുതൽ ഉള്ളടക്കം (കണ്ടന്റ്) ഉള്ളതും കൂടുതൽ ഉള്ളടക്കം ഉൾക്കൊള്ളാൻ സൌകര്യപ്പെടുത്തിയിരിയ്ക്കുന്നതുമാ‍യ ബ്ലോഗ്സൈറ്റുകൾ കൂടുതൽ ചെലവു വഹിയ്ക്കേണ്ടി വരുന്നു. ബ്ലോഗർമാർക്കുള്ള പ്രതിഫലം ബ്ലോഗ്സൈറ്റിന്റെ ചെലവുകളിൽ ഇനിയും പെടുത്തേണ്ടതായാണിരിയ്ക്കുന്നത്.

മൂലധനം തന്നെ ആശ്രയം

ലാഭമോ വരുമാനമോ ഇല്ലെങ്കിൽ കൂടിയും, ബ്ലോഗ്സൈറ്റ് ഒരു സാമ്പത്തിക സംരംഭം തന്നെയാണ്. അതിനെ ഒരു ചെറുകിട വ്യവസായമായി കണക്കാക്കാം. ലാഭമില്ലാതെ, ചെലവു മാത്രമുണ്ടാക്കുന്ന എല്ലാ സംരംഭങ്ങളുടേയും അസ്തിത്വം അവയ്ക്കു ലഭ്യമാകുന്ന മൂലധനത്തെ ആശ്രയിച്ചിരിയ്ക്കുന്നു. മൂലധനസ്രോതസ്സു വറ്റിക്കഴിയുമ്പോൾ സംരംഭത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നു. പ്രവർത്തനച്ചെലവു നിർവ്വഹിയ്ക്കാനുള്ള വരുമാനമെങ്കിലും ഉണ്ടാകാത്തിടത്തോളം കാലം മൂലധനത്തിൽ കുറവു വന്നുകൊണ്ടേയിരിയ്ക്കും. എന്നെങ്കിലുമത് വറ്റിവരളുകയും ചെയ്യും.

ലാഭം കാംക്ഷിയ്ക്കാത്ത സംരംഭം

പണം സമ്പാദിയ്ക്കാൻ വേണ്ടി നല്ലതും നല്ലതല്ലാത്തതുമായ മാർഗ്ഗങ്ങളിൽക്കൂടി ജനം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിയ്ക്കുന്നൊരു കാലമാണിത്. പണം എത്ര കിട്ടിയാലും മതിയാകാത്ത, മതി വരാത്ത അവസ്ഥ. ഒന്നു വച്ച് പത്തെടുക്കാനും പത്തു വച്ച് നൂറെടുക്കാനും തിരക്കു കൂട്ടുന്ന ജനത. അതിനിടയിൽ ലാഭം കാംക്ഷിയ്ക്കാതെ, ലാഭം ലഭിയ്ക്കാതെ ആരാണ് പണം ചെലവാക്കിക്കൊണ്ടേയിരിയ്ക്കുക ! ഒരു കൂട്ടം ബ്ലോഗർമാർക്ക് ഇഷ്ടമുള്ളതൊക്കെ എഴുതി പ്രദർശിപ്പിയ്ക്കാൻ വേണ്ടി തുടർച്ചയായി പണം മുടക്കാനുള്ള പ്രചോദനം ബ്ലോഗ്സൈറ്റുടമകൾക്ക് എങ്ങനെ കിട്ടുന്നു എന്നു മനസ്സിലാക്കാൻ എനിയ്ക്കിതേവരെ കഴിഞ്ഞിട്ടില്ല. സ്വന്തം പണം അന്യർക്കു വേണ്ടി ചെലവഴിയ്ക്കുന്ന ഈ പതിവ് എന്നെങ്കിലും ഒരു ദിനം ബ്ലോഗ്സൈറ്റുടമകൾ നിർത്താനാണു സാദ്ധ്യത.

ബ്ലോഗ്സൈറ്റുകളുടെ സേവനം

ബ്ലോഗ്സൈറ്റുകൾ ചെയ്തുകൊണ്ടിരിയ്ക്കുന്നത് ബ്ലോഗർമാരെ സംബന്ധിച്ചിടത്തോളം വലിയൊരു സേവനമാണെന്നു പറഞ്ഞുവല്ലോ; ബ്ലോഗർമാർക്കു മാത്രമായുള്ള സാമൂഹ്യസേവനം. മിക്ക ബ്ലോഗ്സൈറ്റുകളിലും ബ്ലോഗർമാർ തന്നെയാണു വായനക്കാരും. എങ്കിലും ബ്ലോഗർമാരല്ലാത്ത കുറച്ചു വായനക്കാർ ചില ബ്ലോഗ്സൈറ്റുകളിലെങ്കിലുമുണ്ട്. അത്തരം വായനക്കാർക്ക് സൌജന്യവായന ലഭ്യമാക്കുന്നതുകൊണ്ട് ബ്ലോഗ്സൈറ്റുകൾ വായനക്കാരെ സംബന്ധിച്ചിടത്തോളവും ഒരു സൌജന്യസേവനം തന്നെയാണു ചെയ്യുന്നത്.

സൌജന്യസേവനം നീണ്ടുനിൽക്കില്ല

സൌജന്യസേവനങ്ങൾ അധികകാലം നീണ്ടു നിൽക്കുകയില്ല. ബ്ലോഗ്സൈറ്റുകൾ ബ്ലോഗർമാർക്കും ബ്ലോഗുവായനക്കാർക്കും ലഭ്യമാക്കിക്കൊണ്ടിരിയ്ക്കുന്ന ഈ സൌജന്യസേവനം ഒന്നുകിൽ അവസാനിയ്ക്കും. അല്ലെങ്കിലത് സൌജന്യമല്ലാതായിത്തീരും. ഈ ചുരുങ്ങിയ കാലത്തിനകം പ്രവർത്തനരഹിതമായിത്തീർന്നിട്ടുള്ള അഞ്ചു ബ്ലോഗ്സൈറ്റുകളെ എനിയ്ക്കറിയാം. അത്തരം ബ്ലോഗ്സൈറ്റുകളുടെ എണ്ണം വർദ്ധിയ്ക്കാനാണിട.

സാമ്പത്തികവളർച്ചയില്ല

ഒരു വ്യാവസായികസംരംഭത്തിന്റെ വളർച്ച നിർണ്ണയിയ്ക്കുക എളുപ്പമാണ്. ലാഭവും ലാഭശതമാനവും മാത്രം നോക്കിയാൽ മതി. മുൻ വർഷത്തേക്കാൾ ഉയർന്ന ലാഭവും ലാഭശതമാനവും സംരംഭം വളർന്നതിനുള്ള തെളിവാണ്. എന്നാൽ ലാഭം പോകട്ടെ, വരുമാനം പോലുമുണ്ടാക്കാത്ത ഒരു ബ്ലോഗ്സൈറ്റിന് സാമ്പത്തികവളർച്ചയില്ല. ബ്ലോഗുകളുടെ എണ്ണം വർദ്ധിയ്ക്കുമ്പോൾ ബ്ലോഗ്സൈറ്റിന്റെ ചെലവു വർദ്ധിയ്ക്കുന്നു. ബ്ലോഗുകളുടെ എണ്ണത്തിലുള്ള വർദ്ധന ബ്ലോഗർമാരേയും ബ്ലോഗുവായനക്കാരേയും സംബന്ധിച്ചിടത്തോളം നല്ല കാര്യമാണെങ്കിലും, അത് ബ്ലോഗ്സൈറ്റിന്റെ സാമ്പത്തിക വളർച്ചയിലേയ്ക്കു നയിയ്ക്കാത്തതു കൊണ്ട് ബ്ലോഗുകളുടെ എണ്ണത്തിലുള്ള വർദ്ധന ബ്ലോഗ്സൈറ്റിന്റെ വളർച്ചയുടെ സൂചകമാകുകയില്ല.


ബ്ലോഗ്സൈറ്റുകൾക്ക് വരുമാനമുണ്ടാകണം

ബ്ലോഗർമാരുടെ സർഗ്ഗവാസന പുറത്തുകൊണ്ടുവരാൻ സ്വന്തം പണമുപയോഗിച്ച് സഹായിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗ്സൈറ്റുകൾക്കു വരുമാനമുണ്ടാകേണ്ടത് ബ്ലോഗ്സൈറ്റുകളുടെ മാത്രമല്ല, ബ്ലോഗർമാരുടേയും ആവശ്യമാണ്. വരുമാനമില്ലാത്ത ബ്ലോഗ്സൈറ്റുകളുടെ ചെലവുകൾ നിറവേറിപ്പോകുന്നത് അവയുടെ ഉടമകളുടെ ആവേശം ഒന്നുകൊണ്ടു മാത്രമാണ്. വെബ്സൈറ്റ് ടെക്നിക്കൽ ടീമിന്റെ ചാർജ്ജുകളും സെർവർ സ്പേസിന്റെ വാടകയും ബന്ധപ്പെട്ട മറ്റു ചെലവുകളും സ്വന്തം പോക്കറ്റിൽ നിന്നെടുക്കാനുള്ള ആവേശം പല ഉടമകളും കുറഞ്ഞൊരു കാലം പ്രദർശിപ്പിച്ചെന്നു വരാം. ബ്ലോഗ്സൈറ്റിൽ നിന്ന് വരുമാനമൊന്നുമില്ലാതെ, ചെലവും നഷ്ടവും മാത്രമുണ്ടാകുമ്പോൾ ആവേശം തണുത്തുറഞ്ഞു പോകുന്നതും സ്വാഭാവികം. ബ്ലോഗ്സൈറ്റുകൾ പൂർവ്വാധികം ഊർജ്ജസ്വലത പ്രദർശിപ്പിയ്ക്കണമെങ്കിൽ അവയ്ക്ക് വരുമാനമുണ്ടാകണം. മൂലധനത്തിന്മേൽ മോശമല്ലാത്ത ലാഭമുണ്ടാകണം. ബ്ലോഗ്സൈറ്റുകൾക്ക് സ്വന്തം കാലിൽ നിൽക്കാനാകണം.

ബ്ലോഗ്സൈറ്റുകളുടെ ഘടന

നാലോ അഞ്ചോ പേരടങ്ങുന്ന ഒരു പാർട്ട്ണർഷിപ്പെങ്കിലുമായിരിയ്ക്കണം ബ്ലോഗ്സൈറ്റിന്റെ ഉടമ. ദീർഘകാലം നിലനിൽക്കാനുദ്ദേശിച്ച് ഉടലെടുക്കുന്നൊരു ബ്ലോഗ്സൈറ്റിന്റെ തലപ്പത്ത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാകുന്നതായിരിയ്ക്കും ഏറ്റവും നല്ലത്. ബ്ലോഗ്സൈറ്റ് പൂർണ്ണതയുള്ളൊരു വ്യാവസായികസംരംഭമായാൽ വളർച്ചയ്ക്കുള്ള സാദ്ധ്യത ധാരാളമാണ്. മാതൃഭൂമി വാരികയെപ്പോലെയോ മനോരമ ആഴ്ചപ്പതിപ്പിനെപ്പോലെയോ ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നൊരു ബ്ലോഗ്സൈറ്റിന് ബ്ലോഗർമാർക്ക് തക്കതായ പ്രതിഫലം കൊടുത്ത ശേഷവും ഗണ്യമായൊരു ലാഭമുണ്ടാക്കാൻ കഴിയും എന്നാണെന്റെ വിശ്വാസം.

പരസ്യവരുമാനം

പത്രങ്ങളുടെ നിലനില്പിൽ വരിസംഖ്യയേക്കാൾ കൂടുതൽ സഹായകമാകുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനമാണ്. ഉദാഹരണം: ഇക്കണോമിക് ടൈംസിന്റെ പ്രവൃത്തിദിനങ്ങളിലെ വില വെറും മൂന്നു രൂപ. പത്രങ്ങൾ മാത്രമല്ല, ടെലിവിഷൻ ചാനലുകളും പരസ്യവരുമാനം കൊണ്ടാണു നിലനിന്നു പോകുന്നത്. ബ്ലോഗ്സൈറ്റുകൾക്കും പരസ്യവരുമാനം നിർണ്ണായകഘടകമാകണം. അല്പകാലം മുമ്പു വരെ ബ്ലോഗ്സൈറ്റുകൾക്കു വരുമാനമുണ്ടായിരുന്നില്ല. ആ സ്ഥിതിയ്ക്ക് മാറ്റം വരാൻ തുടങ്ങിയിരിയ്ക്കുന്നു. കൂടുതൽ വായനക്കാരുള്ള പത്രങ്ങൾക്ക് കൂടുതൽ പരസ്യങ്ങളും ഉയർന്ന പരസ്യനിരക്കും ലഭിയ്ക്കുന്നതു പോലെ, കൂടുതൽ സന്ദർശകരുള്ള ബ്ലോഗ്സൈറ്റുകൾക്ക് കൂടുതൽ പരസ്യങ്ങൾ നേടാനും അവയ്ക്ക് ഉയർന്ന നിരക്ക് ഈടാക്കാനും സാധിയ്ക്കും.

വരിസംഖ്യ

ഇന്ന് ബ്ലോഗുകൾ ആർക്കും സൌജന്യമായി വായിയ്ക്കാം. സൌജന്യമായി ലഭ്യമാകുന്ന ഒരു വസ്തുവിനും സേവനത്തിനും ആരും വില കല്പിയ്ക്കുകയില്ല. ബ്ലോഗുകളിൽ നിന്നു വ്യത്യസ്തമായി, പത്രങ്ങളും ആനുകാലികങ്ങളും സൌജന്യവായന അനുവദിയ്ക്കുന്നില്ല. ബ്ലോഗുകളുടേയും സൌജന്യവായന അവസാനിയ്ക്കണം. വരിസംഖ്യ കൊടുത്താൽ മാത്രമേ ബ്ലോഗുകളും വായിയ്ക്കാനാകാവൂ. ബ്ലോഗുകളുടേയും ബ്ലോഗ്സൈറ്റുകളുടേയും നിലവാരമനുസരിച്ച് വരിസംഖ്യ വ്യത്യസ്തമാകണം.

രചനകൾ നിലവാരമുള്ളവയായിരിയ്ക്കണം

കവിത-കഥ-ലേഖനം എന്നിവ മാത്രമുള്ള ബ്ലോഗ്സൈറ്റുകളിൽ അധികം വായനക്കാർ വരാത്തതിന്റെ ഒരു പ്രധാനകാരണം രചനകളുടെ നിലവാരക്കുറവും അവയുടെ ആധിക്യവുമായിരിയ്ക്കണം. അക്ഷരത്തെറ്റില്ലാത്ത രചനകൾ വിരളം. ബാലിശമായ അക്ഷരത്തെറ്റുകളാണ് ഏറെയും. ആശയവൈകല്യങ്ങളും ആശയപ്രകാശനവൈകല്യങ്ങളും കുറവല്ല. നിലവാരമുള്ള രചനകൾ മാത്രമേ ഇനി പ്രസിദ്ധീകരിയ്ക്കൂ എന്ന് ഈയിടെ ഒരു ബ്ലോഗ്സൈറ്റ് എഴുതി അറിയിയ്ക്കുകയുണ്ടായി. വളർച്ച ലാക്കാക്കുന്ന എല്ലാ ബ്ലോഗ്സൈറ്റുകൾക്കും നിലവാരത്തെക്കുറിച്ചുള്ള നിഷ്കർഷ അത്യാവശ്യമാണ്. നിലവാരക്കുറവുമൂലം അച്ചടിമാദ്ധ്യമങ്ങൾ തിരസ്കരിച്ച രചനകൾക്ക് കൈയും കണക്കുമുണ്ടാവില്ല. മാതൃഭൂമി വാരികയിൽ ഒരു കഥ അച്ചടിച്ചു വരുമ്പോൾ പത്തെണ്ണം തിരസ്കരിയ്ക്കപ്പെട്ടിട്ടുണ്ടാകും. ബ്ലോഗ്സൈറ്റുകളും തിരസ്കരിയ്ക്കേണ്ട ബ്ലോഗുകൾ തിരസ്കരിയ്ക്കുക തന്നെ ചെയ്യണം. പ്രസിദ്ധീകരണാർഹമല്ലാത്ത ബ്ലോഗുകൾ പ്രസിദ്ധീകരിയ്ക്കപ്പെടരുത്.

എഡിറ്റിംഗ് വേണം

അച്ചടിമാദ്ധ്യമത്തിലുള്ള ഒരു പ്രധാനഘടകം എഡിറ്റിങ്ങാണ്. വൈകല്യങ്ങൾ പുസ്തകത്തിന്റെ വില്പനയെ പ്രതികൂലമായി ബാധിയ്ക്കും. അതുകൊണ്ട് ഓരോ രചനയും എഡിറ്റിങ്ങിനു വിധേയമാ‍യ ശേഷം മാത്രമേ അച്ചടിയിലെത്തുകയുള്ളു. ശമ്പളം കൊടുത്തു നിയമിച്ചിരിയ്ക്കുന്ന എഡിറ്ററില്ലാതെ അച്ചടിയും വില്പനയും സുഗമമായി നടക്കുകയില്ല. ബ്ലോഗ്സൈറ്റുകളിൽ എഡിറ്റിങ്ങിനുള്ള സംവിധാനമില്ല. അതുണ്ടാകണം. അതുണ്ടായെങ്കിൽ മാത്രമേ ബ്ലോഗുകൾ വായിയ്ക്കാൻ വായനക്കാരെത്തൂ. അച്ചടിമാദ്ധ്യമങ്ങളിൽ നിന്ന് വായനക്കാരെ ആകർഷിയ്ക്കാതെ ബ്ലോഗ്സൈറ്റുകൾക്കു വളരാനാവില്ല. അവരെ ആകർഷിയ്ക്കണമെങ്കിൽ അച്ചടിമാദ്ധ്യമങ്ങളുടേതിനേക്കാൾ ഉയർന്ന നിലവാരം ബ്ലോഗുകൾക്കുണ്ടാകണം. പണം കൊടുത്തു വാങ്ങേണ്ടി വരുന്ന, അച്ചടിച്ച ആനുകാലികപ്രസിദ്ധീകരണങ്ങളിലേതിനേക്കാൾ നിലവാരമുള്ള രചനകൾ ബ്ലോഗ്സൈറ്റുകളിലുണ്ടെങ്കിൽ അവ വായിയ്ക്കാൻ വായനക്കാരെത്തുകതന്നെ ചെയ്യും.

അവാർഡുകൾ നൽകണം

എഴുപത്തീരായിരം ബ്ലോഗുകൾ എഴുതിയിട്ടും അവയ്ക്ക് അവാർഡുകളൊന്നും കിട്ടിയിട്ടില്ലെന്നതു ദുഃഖകരമാണ്. ബ്ലോഗുകൾക്ക് പ്രത്യേകം അവാർഡുകൾ നൽകണം. ബ്ലോഗ്സൈറ്റുകൾക്കു തന്നെ ഇതിനുള്ള തുടക്കമിടാവുന്നതാണ്. ചില ബ്ലോഗ്സൈറ്റുകൾ ഇതു തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. ഓരോ മാസവും നിരവധി ബ്ലോഗുകൾ പോസ്റ്റു ചെയ്യപ്പെടുന്നയിടങ്ങളിൽ വിവിധ വിഭാഗങ്ങൾക്കായി ആനുകാലിക അവാർഡുകൾ വേണം. അവയിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് വാർഷിക അവാർഡുകളും നൽകണം. അവാർഡ് അംഗീകാരമാണ്; ബ്ലോഗ്സൈറ്റുകൾക്കുള്ളിലുള്ള ഇത്തരം അംഗീകാരത്തിനിടയിൽ പണത്തിനു സ്ഥാനമുണ്ടാവരുത്. ഏറ്റവും നല്ലതു തെരഞ്ഞെടുക്കാൻ ജൂറിമാരേയും ഏറ്റവും ജനപ്രിയമായതു തെരഞ്ഞെടുക്കാൻ വായനക്കാരേയും ചുമതലപ്പെടുത്തണം. വിവിധ ബ്ലോഗ്സൈറ്റുകളിൽ പോസ്റ്റു ചെയ്യപ്പെട്ടിരിയ്ക്കുന്ന രചനകളിൽ നിന്ന് ഏറ്റവും നല്ലവ തെരഞ്ഞെടുത്ത് അവയ്ക്ക് സംസ്ഥാനാടിസ്ഥാനത്തിലുള്ള അവാർഡു നൽകണം. ബ്ലോഗുകൾക്കായുള്ള അവാർഡുകൾ കേരളസാഹിത്യ അക്കാദമിയും നൽകിത്തുടങ്ങണം. ബ്ലോഗുകളെ സാഹിത്യമായി അംഗീകരിയ്ക്കണം.

ബ്ലോഗ്സൈറ്റുകൾക്കും അവാർഡു നൽകണം

ബ്ലോഗുകൾക്കു മാത്രമല്ല, ബ്ലോഗ്സൈറ്റുകൾക്കും അവാർഡുകൾ നൽകണം. ഏറ്റവും നല്ല ബ്ലോഗ്സൈറ്റുകൾ ആദരിയ്ക്കപ്പെടണം. ഏറ്റവും നല്ല രചനകൾ, ഏറ്റവുമധികം വായനക്കാർ, ഏറ്റവും അർത്ഥപൂർണ്ണമായ ചർച്ചകൾ, ഇങ്ങനെ പല മാനദണ്ഡങ്ങളുപയോഗിച്ചു വേണം ഏറ്റവും നല്ല ബ്ലോഗ്സൈറ്റുകളെ തെരഞ്ഞെടുക്കാൻ.

വായനാസംഘങ്ങൾ

രചനകളെ പ്രോത്സാഹിപ്പിയ്ക്കുന്ന കാര്യത്തിൽ വായനക്കാർക്കും സജീവമായ പങ്കു വഹിയ്ക്കാവുന്നതാണ്. ബ്ലോഗ്സൈറ്റുകളിൽ വായനാസംഘങ്ങളുണ്ടാക്കുകയും അവയുടെ ആഭിമുഖ്യത്തിൽ നല്ല രചനകളെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യാവുന്നതാണ്. രചനകളുടെ നിലവാരം ഉയരാനും കൂടുതൽ രചനകളും എഴുത്തുകാരും ഉണ്ടാകാനും ഇതു സഹായിയ്ക്കും. ഇത്തരം പ്രവർത്തനങ്ങളെല്ലാം കൂടുതൽ വായനക്കാരെ ആകർഷിയ്ക്കുകയും ചെയ്യും.

പ്രതിഫലം നൽകണം

മുൻ ഖണ്ഡികകളിൽ ഇതു സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യം ഇവിടെ അസന്ദിഗ്ദ്ധമായി പറഞ്ഞോട്ടെ: ഏതുല്പന്നത്തിന്റേയും വില പണമായി നിർണ്ണയിയ്ക്കപ്പെടുന്നു. ബ്ലോഗുകളുടേതും പണമായി നിർണ്ണയിയ്ക്കപ്പെടണം. ബ്ലോഗ്സൈറ്റുകൾക്കു വരുമാനം കിട്ടിത്തുടങ്ങുമ്പോൾ ബ്ലോഗുകൾക്ക് പ്രതിഫലം നൽകിത്തുടങ്ങണം. പ്രതിഫലം നൽകിത്തുടങ്ങുമ്പോൾ നിലവാരമുള്ള രചനകൾ ബ്ലോഗ്സൈറ്റുകളിലേയ്ക്കു വരികയും വായനക്കാരുടെ എണ്ണം കൂടുകയും അതിനനുസരിച്ച് ബ്ലോഗ്സൈറ്റുകളുടെ പരസ്യവരുമാനം കൂടുകയും ചെയ്യും. ബ്ലോഗുകളുടെ നിലവാരം ഇടിയുമ്പോൾ ബ്ലോഗ്സൈറ്റുകളുടെ വരുമാനവും കുറയും. വാസ്തവത്തിൽ ഒരു ബ്ലോഗ്സൈറ്റിന്റെ മൂല്യം നിർണ്ണയിയ്ക്കുന്ന മുഖ്യഘടകം അതിലെ ബ്ലോഗുകളുടെ നിലവാരം തന്നെയാണ്. നിലവാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച കാണിയ്ക്കുന്നത് ബ്ലോഗ്സൈറ്റുകളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിയ്ക്കും.

പ്രവാസികളും വീട്ടമ്മമാരും

അച്ചടിച്ച ആനുകാലികങ്ങളിൽ പ്രസിദ്ധീകൃതമാകുന്നതിന്റെ പല മടങ്ങു രചനകൾ ബ്ലോഗ്സൈറ്റുകളിൽ പോസ്റ്റു ചെയ്യപ്പെടുന്നുണ്ട്. ബ്ലോഗുകളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ കുറഞ്ഞെങ്കിലും മുൻപു പറഞ്ഞ മൂന്നു ബ്ലോഗ്സൈറ്റുകളിൽ മാത്രമായി ജനുവരി മാസം 565 ബ്ലോഗുകൾ പോസ്റ്റു ചെയ്യപ്പെട്ടു. മലയാളഭാ‍ഷ ഏറ്റവുമധികം ഉപയോഗിയ്ക്കപ്പെടുന്നത് ബ്ലോഗ്സൈറ്റുകളിലാണെന്നു വ്യക്തം. പ്രവാസിമലയാളികളാണ് ബ്ലോഗുകളെഴുതുന്നവരിൽ വലിയൊരു വിഭാഗം. മാതൃഭാഷയുമായി പ്രവാസികൾക്കുള്ള ബന്ധം നിലനിർത്താനും ശക്തിപ്പെടുത്താനും ഇതുപകരിച്ചിട്ടുണ്ട്. പ്രവാസികൾക്കു പുറമേ നിരവധി വീട്ടമ്മമാരും ബ്ലോഗുകളെഴുതി എഴുത്തിന്റെ ലോകത്തേയ്ക്കു കടന്നിട്ടുണ്ട്. ബ്ലോഗുകളും ബ്ലോഗ്സൈറ്റുകളും ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാദ്ധ്യമാകുമായിരുന്നില്ല. ബെന്യാമിന്മാരും കെ ആർ മീരമാരും ബ്ലോഗർമാരുടെ ഇടയിലും ജന്മമെടുത്തിട്ടുണ്ടാകും. ബ്ലോഗ്സൈറ്റുകൾ വളരുമ്പോൾ അവരും തോടു പൊട്ടിച്ച് പുറത്തു വരും. ബ്ലോഗ്സൈറ്റുകൾ വളരുക തന്നെ വേണം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...